- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; സിലിണ്ടർ എടുത്ത് തലയിൽ ഇട്ടു; തൃശൂരിൽ വീണ്ടും പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത; ഏക മകൻ സ്റ്റേഷനിൽ കീഴടങ്ങി; വിഷം കൊടുത്തു അമ്മയെ മകൾ കൊന്നതിന്റെ നടുക്കം മാറുംമുമ്പെ വീണ്ടും കൊലപാതകം
തൃശൂർ: തൃശൂരിൽ വീണ്ടും പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത. കൊടകര കിഴക്കേ കോടാലിയിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിഴക്കേകോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണു മരിച്ചത്. സംഭവത്തിന് ശേഷം മകൻ വിഷ്ണു (24) വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.
അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.
അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം തൃശൂരിൽ അമ്മയെ മകൾ വിഷം കൊടുത്തു കൊന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ് മറ്റൊരു കൊലപാതകം.
കഴുത്ത് ഞെരിച്ച ശേഷമാണ് ഗ്യാസ് സിലണ്ടർ ഉപയോഗിച്ച് ആക്രമിച്ചത്. ഇതിന് ശേഷം മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. വിഷ്ണു തന്നെയാണ് താൻ അമ്മയെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് പറഞ്ഞത്.
ഇതിന് ശേഷമാണ് പൊലീസും നാട്ടുകാരും വിവരം അറിഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് രണ്ടാനച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകത്തിനുള്ള കാരണമുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ചോദിച്ചറിയുകയാണ്. സംഭവ സ്ഥലത്ത് എത്തി പൊലീസ് കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ ഭക്ഷണത്തിൽ വിഷം കലർത്തി മകൾ കൊലപ്പെടുത്തിയിരുന്നു. ചൂഴിയാട്ടിൽ വീട്ടിൽ രുക്മിണി (58)യെ ആണ് മകൾ ഇന്ദുലേഖ (39) കൊലപ്പെടുത്തിയത്. അച്ഛനേയും മകൾ കൊലപ്പെടുത്താൻ ശ്രമിച്ചതായി വിവരം പുറത്തുവന്നിരുന്നു. വിഷം കലർത്തിയ ചായ ഇന്ദുലേഖ പിതാവ് ചന്ദ്രനും നൽകിയിരുന്നു. പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ് ചായയിൽ കലർത്തി നൽകിയത്. എന്നാൽ രുചിമാറ്റം തോന്നിയ ചന്ദ്രൻ ചായ കുടിക്കാൻ കൂട്ടക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ദുലേഖയുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ഞപ്പിത്തമാണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. രുക്മിണിയുടെ ശാരീരികാവസ്ഥ മോശമായതോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രുക്മിമിണിയുടെ ശരീരത്തിൽ വിഷാംശമുള്ളതായി പരിശോധിച്ച ഡോക്ടർക്ക് സൂചന ലഭിച്ചിരുന്നു.
സാമ്പത്തികബാധ്യത തീർക്കുന്നതിന് അമ്മയേയും അച്ഛനേയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷം രൂപ കടമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ ഇല്ലാതാക്കിയാൽ പതിനാല് സെന്റ് ഭൂമിയും വീടും സ്വന്തമാക്കാമെന്നാണ് ഇന്ദുലേഖ കരുതിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ