- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്, അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു'; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന്‍ ബേസില്‍
'സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു
കോതമംഗലം: സഹോദരിക്ക് സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് സോന എല്‍ദോസിന്റെ സഹോദരന്‍ ബേസില്‍. സഹോദരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നാണ് ബേസില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. റമീസിന്റെ മാതാപിതാക്കള്‍ക്കും തന്റെ സഹോദരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ബേസില്‍ ആരോപിക്കുന്നു.
സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ആത്മഹത്യാ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു'' എന്നാണ് ബേസില്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തതോടെയാണ് റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കത്ത്.
കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും ബേസില്‍ വെളിപ്പെടുത്തി. ''മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍നിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവള്‍ പറഞ്ഞു.
ഇനി റജിസ്റ്റര്‍ മാര്യേജ് ചെയ്താല്‍ മതിയെന്നാണ് അവള്‍ പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ അവളെ ആലുവയില്‍ റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവന്‍ കൂട്ടിക്കൊണ്ടുപോയത്. അവന്റെ വീട്ടില്‍ക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും ഇവന്‍ പറഞ്ഞു. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. -ബേസില്‍ പറഞ്ഞു.
മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാര്‍ഥിയായിരുന്നു കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി.
യുവതിയുടെ മരണത്തില്‍ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നിവ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സോന എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
സോന എല്‍ദോസിന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ:
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം അവര്‍ നടത്താമെന്നു പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരന്‍ എന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു.
വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയ മാത്രം പോര തന്റെ വീട്ടില്‍ നിക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്‌നേഹമോ റമീസില്‍ ഞാന്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാന്‍ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ.