പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ നിർണായക തെളിവായേക്കാവന്ന ദൃശ്യങ്ങൾ കണ്ടെടുത്ത് ഗോവ പൊലീസ്. സൊനാലിയുടെ സഹായികളായ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർ ലഹരിപദാർഥം കലർത്തിയ ദ്രാവകം നിർബന്ധിച്ചു കുടിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇരുവരും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പാർട്ടിക്കിടെ സൊനാലിക്ക് ലഹരിമരുന്ന് നൽകിയെന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

സുധീർ വാട്ടർബോട്ടിൽനിന്നും സൊനാലിയെ നിർബന്ധിച്ചു ദ്രാവകം കുടിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട അവരെ, അടുത്തദിവസം രാവിലെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കും മറ്റു പരിശോധനകൾക്കും ശേഷമേ മരണകാരണം സംബന്ധിച്ചു വ്യക്തത ലഭിക്കൂവെന്നു പൊലീസ് പറഞ്ഞു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ള സൊനാലി ഫോഗട്ടിന്റെ ഗോവയിലെ പബ്ബിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നടക്കാൻ ബുദ്ധിമുട്ടുന്ന സൊനാലിയെ ഒരാൾ പിടിച്ചുകൊണ്ട് പബ്ബിലെ ടേബിളിൽ എത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു മിനിറ്റിൽ താഴെ മാത്രമുള്ള വിഡിയോയിൽ സൊനാലി ഫോഗട്ട് ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ഷോട്‌സുമാണ് ധരിച്ചിരിക്കുന്നത്.

വിഡിയോയിൽ സൊനാലിയെ ടേബിളിനടുത്തേക്ക് എത്തിക്കുന്നത് അവരുടെ സഹായി സുധീർ സാങ്‌വാനാണെന്നാണ് സംശയം. സൊനാലിയുടെ കൊലപാതക കേസിൽ സുധീർ സാങ്‌വാൻ കുറ്റാരോപിതനാണ്. മറ്റൊരു സഹായിയായ സുഖ്‌വീന്ദർ വാസിയും സ്ഥലത്തുണ്ടായിരുന്നു. പുലർച്ചെ 4.27നുള്ള വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

അതിക്രൂരമായാണ് സോണാലിയെ കൊന്നതെന്ന സൂചനകളാണ് അന്വേഷണത്തിൽ ലഭിക്കുന്നത്. സോണാലിക്ക് മാരകമായ മയക്കുമരുന്ന് നൽകിയിരുന്നുവെന്നും ഇത് അവരെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടായേക്കാമെന്നും പൊലീസ് പറഞ്ഞു.

' സംശയാസ്പദമായ ചില വസ്തുക്കൾ സോണാലിക്ക് ബലമായി നൽകിയിട്ടുണ്ട്. അതുകൂടാതെ മാരകമായ രാസവസ്തുക്കളും ഉള്ളിലെത്തി. അതിനുശേഷം അവർ അവരുടെ നിയന്ത്രണത്തിലായിരുന്നില്ല. പുലർച്ചെ 4:30 ന് അവർ നിയന്ത്രണാതീതമായപ്പോൾ, സംശയാസ്പദമായയാൾ അവളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി, രണ്ട് മണിക്കൂർ അവർ അവിടെ എന്താണ് ചെയ്തതെന്ന് വിശദീകരണമില്ല. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോറൻസിക് ടീം അവരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇരുവരേയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും, ഈ മരുന്ന് കഴിച്ചാണ് അവൾ മരിച്ചതെന്ന് തോന്നുന്നു,' ഗോവ ഇൻസ്‌പെക്ടർ ജനറൽ ഓംവീർ സിങ് ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു.

സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതുമൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തിങ്കളാഴ്ച ഗോവയിലെത്തിയ സൊനാലിക്കൊപ്പം സാഗ്വനും വസിയുമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ നടിയെ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയസ്തംഭനം മൂലം മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക ഇതിനോടു വിയോജിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.

സൊനാലിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കൾ ദൂരുഹത ആരോപിച്ചതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. സൊനാലിയുടെ സഹായികൾക്കെതിരെ സഹോദരൻ റിങ്കു ധാക്കയാണ് പരാതി നൽകിയത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവുമായും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നു. സൊനാലിയെ സഹായികൾ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പറയുന്നു. സഹോദരിയുടെ രാഷ്ട്രീയഭാവി തകർക്കുമെന്ന് സഹായി സുധീർ സാങ്‌വാൻ ഭീഷണിപ്പെടുത്തി. ഫോണും സ്വത്തിന്റെ രേഖകളും എ.ടി.എം കാർഡുകളും കൈയിലാക്കിയെന്നും റിങ്കു വെളിപ്പെടുത്തി.

ഗോവ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയിരുന്നു. മരണത്തിനു ശേഷം സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ലാപ്‌ടോപ്പുകളും കാണാതെ പോയെന്ന് റിങ്കു പറഞ്ഞു. സൊനാലി ലൈംഗിക പീഡനത്തിന് ഇരയായതായും കുടുംബം ആരോപിച്ചെങ്കിലും കൂടുതൽ അന്വേഷണത്തിനു ശേഷമേ ഇത് ഉറപ്പിക്കാനാകൂ എന്നു പൊലീസ് പ്രതികരിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഗോവയ്ക്ക് പുറമെ ചണ്ഡിഗഡിലും ആന്തരാവയവങ്ങളുടെ പരിശോധന നടത്തുമെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു.

ഹരിയാനയിലെ ഹിസാർ സ്വദേശിയായ സൊനാലി ടിക്ക് ടോക്കിലൂടെയാണ് ആദ്യം പ്രശസ്തി നേടിയത്. പിന്നീട് റിയാലിറ്റി ഷോയിൽ താരമായി. ഇൻസ്റ്റഗ്രാമിലും ആരാധകരുണ്ട്. 2019ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൊനാലിയുടെ ഭർത്താവ് സഞ്ജയ് ഫൊഗട്ടിനെ 2016ൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.