- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല; ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ; ഗോവയിൽ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് മൃതദേഹം അയച്ചപ്പോൾ മുറിവുകളെ കുറിച്ചു പരാമർശിക്കാത് മൗനം പാലിച്ചത് എന്തിന്? ആന്തരികാവയവങ്ങളുടെ പരിശോധനയുടെ റിപ്പോർട്ട് നിർണായകമാകും
ന്യൂഡൽഹി: ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. ആദ്യം സ്വാഭാവിക മരണമെന്ന് പറഞ്ഞ് എഴുതി തള്ളിയ ഗോവ പൊലീസിനെ വെട്ടിലാക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി സൊനാലിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളെ കുറിച്ചു പോലും ഗോവ പൊലീസ് കാര്യമായി എടുത്തില്ലെന്ന ആരോപണമാണ് ഉയരുന്നത്.
സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഗോവയിൽ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് മൃതദേഹം അയച്ചപ്പോൾ ഈ മുറിവുകളെക്കുറിച്ചു പരാമർശിച്ചില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മുറിവുകളെക്കുറിച്ചു പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുന്നതാണ്.
അതേസമയം, റസ്റ്ററന്റിൽ വച്ച് ലഹരിമരുന്നു നൽകിയശേഷം സൊനാലിയെ കൈകാര്യം ചെയ്തതിൽ സംഭവിച്ച മുറിവുകളാകാം അതെന്ന് ഗോവ പൊലീസ് പറയുന്നു. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും അപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആഴമുള്ള, ഗുരുതര മുറിവുകൾ സൊനാലിയുടെ ശരീരത്തിൽ ഇല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട അവസ്ഥയാണ് പൊലീസിന്.
അതിനിടെ, ഗോവയിലെ മെഡിക്കൽ സംഘം മെറ്റാബൊളൈറ്റ്സ് പരിശോധന നടത്തണമെന്നു നിർദേശിച്ചെങ്കിലും അതിനാവശ്യമുള്ള ഉപകരണം ലഭ്യമല്ലാതിരുന്നതിനാൽ പരിശോധന നടത്തിയിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയാണിതെന്നും സത്യം പുറത്തുവരാൻ നിർണായക പരിശോധനയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പഴ്സനൽ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉൾപ്പെടെ നിലവിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎ ആയ സുധീർ സാങ്വന്റെ പാസ്പോർട്ടും പൊലീസ് പരിശോധിച്ചു.
സൊനാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാർട്ടിക്കിടെ നിർബന്ധിച്ച് കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൊനാലിയുടെ മരണത്തിൽ അറസ്റ്റിലായ അവരുടെ സഹായികളിൽ ഒരാളായ സുധീർ സാഗ്വനാണ് സൊനാലിയെ നിർബന്ധിച്ച് 'ഒരു പാനീയം' കുടിപ്പിച്ചത്. പാർട്ടിക്കിയെ സൊനാലി ഫൊഗട്ട് കുടിച്ച പാനീയത്തിൽ സഹായികൾ സംശയകരമായ രീതിയിൽ എന്തോ പൊടി കലർത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർ ഇതു സമ്മതിക്കുകയും ചെയ്തിരുന്നു.
ഈ മാസം 22ന് ഗോവയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സൊനാലിയും സഹായികളും അന്നു രാത്രിയാണ് അഞ്ജുന ബീച്ചിലെ പാർട്ടി സ്പോട്ടുകളിൽ ഒന്നായ 'കുർലീസ്' റസ്റ്ററന്റിൽ എത്തിയത്. 23ന് പുലർച്ചെ നാലരയോടെ സൊനാലിയെ റസ്റ്ററന്റിലെ ശുചിമുറിയിലേക്കു കൊണ്ടുപോയതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശുചിമുറിക്കുള്ളിൽ രണ്ടു മണിക്കൂറോളം മൂവരും ചെലവഴിച്ചു. സൊനാലിയെ ഇതിനു ശേഷം താമസിച്ചിരുന്ന ഹോട്ടലിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപു മരിച്ചു.
ഹൃദയസ്തംഭനം മൂലമാണ് സൊനാലി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക ഇതിനോടു വിയോജിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതു മൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഗോവ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പരുക്കുകൾ കണ്ടെത്തിയത്.
സൊനാലിയുടെ സഹായികളെ കൂടാതെ 'കുർലീസ്' റസ്റ്ററന്റ് ഉടമ എഡ്വിൻ ന്യൂൺസ്, ലഹരി ഇടപാടുകാരനായ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുധീറിനും സുഖ്വിന്ദറിനുമൊപ്പം പാർട്ടിയിലുണ്ടായിരുന്ന മറ്റു 2 സ്ത്രീകളെയും റസ്റ്ററന്റിൽനിന്ന് ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവറെയും ചോദ്യം ചെയ്യുന്നുണ്ട്. ടിക്ക് ടോക്കിലൂടെയാണ് സൊനാലി ആദ്യം പ്രശസ്തി നേടിയത്. പിന്നീട് റിയാലിറ്റി ഷോയിൽ താരമായി. ഇൻസ്റ്റഗ്രാമിലും ആരാധകരുണ്ട്. 2019ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൊനാലിയുടെ ഭർത്താവ് സഞ്ജയ് ഫൊഗട്ടിനെ 2016ൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ