തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരൻ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസിൽ അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല. ക്രൂര മൃഗീയ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിളപ്പിൽ വില്ലേജിൽ പേയാട് ചിറക്കോണം സ്വദേശി അരുണിന് (29) ജാമ്യം നിരസിച്ചത്. കൃത്യ ദിവസമായ 2021 ഓഗസ്റ്റ് 30 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു.

കുറ്റകൃത്യത്തിന്റെ കാഠിന്യ തീവ്രത , ക്രിമിനൽ പശ്ചാത്തലം , സമാന കൃത്യങ്ങൾ ആവർത്തിക്കൽ , സാക്ഷികളെ ഭീഷണിപ്പെടുത്തൽ , ശിക്ഷ ഭയന്നുള്ള ഒളിവിൽ പോകൽ എന്നിവക്കുള്ള സാധ്യത പരിഗണിക്കുമ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്ന് വലിയമല പൊലീസ് റിപ്പോർട്ട് വിലയിരുത്തിയ കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കേസ് വിചാരണക്കായി പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ നിന്നും മെയ്ഡ് ഓവർ ചെയ്ത് ലഭിച്ച വിചാരണക്കോടതിയായ തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തൊണ്ടിമുതലുകളുടെ ഫോറൻസിക് റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ ഫോറൻസിക് ഡയറക്ടർക്ക് ഉത്തരവ് നൽകി. സെപ്റ്റംബർ 24 ന് പ്രതിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട് അയക്കാനും വിചാരണ ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. സൂര്യഗായത്രിയെ 32 തവണ കുത്തി മടങ്ങാൻ നേരം ശരീരം അനങ്ങിയപ്പോൾ വീണ്ടും ക്രൂരമായി കുത്തി മരണം ഉറപ്പു വരുത്തിയ ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.

മൂന്നുദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിനു നൽകിയ കുറ്റസമ്മത മൊഴിയായി കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. 2021 ഓഗസ്റ്റ് 30 നട്ടുച്ചക്ക് 1.30 മണിക്കായിരുന്നു സൂര്യഗായത്രി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കരിപ്പൂര് വാടക വീട്ടിൽ കൊലപാതകം നടന്നത്. പിൻവാതിലൂടെ കയറിയാണ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൃത്യം ചെയ്തത്.

കുറ്റസമ്മത മൊഴി ഇപ്രകാരമാണ് : കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളിൽ തുടർച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആൾക്കാർ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തെരഞ്ഞെടുത്തത്. വീടിന്റെ അടുക്കളഭാഗം വഴിയാണ് വീടിനു അകത്തെത്തിയത്. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ കുത്തിയത്.

മരണം ഉറപ്പിച്ച് മടങ്ങാൻ നേരത്ത് ശരീരം അനങ്ങിയപ്പോൾ വീണ്ടും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു മരണം ഉറപ്പാക്കി. ഇതിനിടയിൽ നിലവിളിച്ച പെൺകുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്ക് ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിനു നൽകിയ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

നേരത്തെ അരുണുമായി സ്‌നേഹബന്ധത്തിലായിരുന്ന സൂര്യ ഗായത്രി അതുപേക്ഷിച്ച് കൃത്യത്തിന് 4 വർഷം മുമ്പ് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തി. അരുൺ മോഷണക്കേസ് പ്രതിയെന്നറിഞ്ഞതിനാലാണ് വീട്ടുകാർ അരുണുമൊത്തുള്ള വിവാഹം നിരസിച്ചത്. കൊല്ലം സ്വദേശിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പുലർത്തിയത്. മാതാപിതാക്കളുടെ ഏക അത്താണിയായിരുന്നു.

വഞ്ചിയൂർ, ആര്യനാട്, പേരൂർക്കട സ്റ്റേഷനുകളിൽ അരുണിനെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണ് അരുൺ. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുൺ അക്രമിച്ചിരുന്നു. ഇവർ ചികിൽസയിലാണ്. സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്. നെടുമങ്ങാട് ലോട്ടറി കച്ചവടം ഇവർ നടത്തിയിരുന്നു. ഇവിടെ വച്ചാണ് സൂര്യഗായത്രിയുമായി അരുൺ പരിചയപ്പെടുന്നത്. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നുവങ്കിലും പിന്നീട് തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തർക്കമുണ്ടായി. ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൂര്യഗായത്രിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് നിലവിളി ഉയർന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു.

അയൽക്കാരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അരുൺ, സൂര്യഗായത്രിയുടെ അച്ഛനേയും അമ്മയേയും പോലും വകവരുത്തുമായിരുന്നുവെന്നതാണ് വസ്തുത. അത്രയും ക്രൂര മനസ്സുമായാണ് ഇയാൾ സൂര്യഗായത്രിയുടെ വീട്ടിൽ എത്തിയത്.