- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സദാചാര പൊലീസ് ചമഞ്ഞ് സ്പാ സെന്ററിന് നേരേ ആക്രമണം നടത്തിയ സംഭവം; ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്പായുടെ ചില്ലുകൾ തകർക്കുകയും ചെയ്ത മൂന്നുപേർ പിടിയിൽ; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംശയിച്ച് പൊലീസ്
കണ്ണൂർ: കണ്ണൂരിൽ സ്പാ, മസാജ് സെന്ററുകൾക്ക് നേരേ ആക്രമണം നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിൽ. കണ്ണൂർ കോർപറേഷൻ പരിധിയിലെ പള്ളിക്കുന്നിൽ പ്രവർത്തിച്ചുവരുന്ന സ്പാ സെന്ററിൽ സദാചാര പൊലിസ് ചമഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്നുപേർ അറസ്റ്റിലായത്. കൂത്തുപറമ്പ് പടുവിലായി പടിഞ്ഞാറെവീട്ടിൽ സായൂജ്(29)പാതിരയാട് ദേശസേവാസംഘം വായനശാലയ്ക്കു സമീപം താമസിക്കുന്ന ചിരുകണ്ടോത്ത് പി.വി പ്രീയേഷ്(30) പാതിരയാട് നവജിത്ത് നിവാസിൽ കെ. എസ് നവജിത്ത്(32) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലെ സ്പായിൽ അതിക്രമിച്ചുകയറി രാത്രിയിൽ ജീവനക്കാരായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും സ്പായുടെ ചില്ലുകൾ കൈ കൊണ്ടു ഇടിച്ചുതകർക്കുകയും സി.സി.ടി.വി ക്യാമറയും വാതിലും പൊളിക്കുകയും സി.സിടി.വി ക്യാമറയുടെ ഡിവിഡി കവർച്ച ചെയ്തു കൊണ്ടു പോവുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ഉടമയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.
നേരത്തെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായ യുവാക്കളാണ് പ്രതികളെന്നു പൊലിസ് പറഞ്ഞു. സംഘത്തിലെ നേതാവായ സായൂജിന് സ്പായുടെ ചില്ലുകൾ അടിച്ചുതകർക്കുന്നതിനിടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. കൂത്തുപറമ്പിലെ സി.പി. എം പ്രവർത്തകൻ മോഹനൻ വാളാങ്കിച്ചാലിനെ കള്ളുഷാപ്പിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. ഒന്നാം പ്രതി പ്രീയേഷിന്റെ പേരിൽ പന്ത്രണ്ടോളം കേസുകളുണ്ട്.
കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സ്പാ, മസാജ് പാർലറുകൾക്കു നേരെ നേരത്തെയും ഗുണ്ടാഭീഷണിയുണ്ടായിരുന്നു. ഇവിടങ്ങളിൽ പെൺവാണിഭം നടക്കുന്നുവെന്ന ആരോപണമുയർത്തിയാണ് സദാചാര പൊലിസ് ചമഞ്ഞ് ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ ഭീഷണിപ്പെടുത്തി കൊള്ള നടത്തിയിരുന്നത്. പലയിടങ്ങളിലും ഇതു നടന്നിട്ടുണ്ടെങ്കിലും ഉടമകൾ പരാതി നൽകാൻ തയ്യാറല്ലാത്തതിനാൽ പൊലിസ് കേസെടുത്തിരുന്നില്ല.
ജില്ലയിലെ മലയോരയോരങ്ങളിലെ ആയുർവേദ റിസോർട്ടുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ റിസോർട്ടുകളിൽ പെൺവാണിഭം നടക്കുന്നുണ്ടെന്നും ഈ വിവരം പുറത്തുപറയാതിരിക്കണമെങ്കിൽ തങ്ങൾക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷൻ സംഘങ്ങൾ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ പള്ളിക്കുന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലിസ്പറയുന്നത്.
പള്ളിക്കുന്നിലെ സ്പായ്ക്കു നേരെ അക്രമം നടത്തിയത് ക്വട്ടേഷനാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കണ്ണൂർ നഗരവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരാണ് പ്രതികൾ. ഇവർ സദാചാര പൊലിസ് ചമഞ്ഞ് പള്ളിക്കുന്നിലെ സ്പായ്ക്കു നേരെ അക്രമം നടത്തുന്നതിനു പിന്നിൽ ക്വട്ടേഷൻ നൽകിയതാരാണെന്നു പൊലിസ് അന്വേഷിച്ചു വരികയാണ്.സ്പാ, മസാജ് സെന്ററുകൾ തമ്മിലുള്ള കിടമത്സരവും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ സ്പാ, മസാജ് സെന്ററുകൾ കേന്ദ്രീകരിച്ചു പെൺവാണിഭം നടക്കുന്നുണ്ടെന്നും പല ഉന്നതരും ഇതിൽ പങ്കാളികളാണെന്നുമുള്ള വാർത്ത പുറത്തുവന്നിരുന്നു.




