തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി 200ഓളം മോഷണ കേസുകളിലെ പ്രതി, എന്നിട്ടും പുറത്ത് അനായാസം കറങ്ങി നടക്കൽ. കുപ്രസിദ്ധ മോഷ്ടാവ് 'സ്പൈഡർമാൻ ബാഹുലേയൻ' വീണടും പൊലീസ് പിടിയിലായി. തിരുവനന്തപുരം നഗരത്തിൽ അടക്കം നിരവധി മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. മുറിഞ്ഞപാലം സ്വദേശിയാണ് ബാലുലേയൻ(56).

നാട്ടിൽനിന്നാണ് വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൃത്യം ഒരുവർഷം മുൻപും ബാഹുലേയനെ വഞ്ചിയൂർ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി 12-ഓളം മോഷണങ്ങൾ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.

ഈ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്ന പ്രതി നാലുമാസം മുൻപ് ജയിലിൽനിന്ന് പുറത്തിറങ്ങിയെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നഗരത്തിലെത്തി വീണ്ടും കവർച്ച നടത്തിയത്. സ്പൈഡർമാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് സ്പൈഡർമാൻ എന്ന വിളിപ്പേരുണ്ടായത്. സ്പൈഡർമാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികൾക്കിടയിലൂടെയും വെന്റിലേറ്ററുകൾ പൊളിച്ചും വീടുകൾക്കുള്ളിൽ കയറുന്നതാണ് ഇയാളുടെ രീതി. ഇതെല്ലാം കൊണ്ട് മോഷ്ടാക്കൾക്കിടയിൽ വ്യത്യസ്തനാണ് സ്‌പൈഡർമാൻ ബാഹുലേയൻ.

ഇനി വീടിന്റെ വാതിൽ തുറന്നുകിടന്നാലും 'സ്പൈഡർമാൻ' ബാഹുലേയൻ അതുവഴി അകത്തുകടക്കില്ല. പകരം അല്പം റിസ്‌കെടുത്ത് ജനൽകമ്പി ഇളക്കി അതിനിടയിലൂടെയാകും വീടിനുള്ളിൽ പ്രവേശിക്കുക. ഇതാണ് ശൈലി. കേരളത്തിലെ 14 ജില്ലകളിലും കറങ്ങിനടന്ന് മോഷണം നടത്തുന്നയാളാണ് ബാഹുലേയൻ. സ്വർണാഭരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും തുണികളുമടക്കം കൈയിൽ കിട്ടുന്നതെന്തും ഇയാൾ മോഷ്ടിക്കും. നേരത്തെ വഞ്ചിയൂരിലെ ഒരു വീട്ടിൽനിന്ന് പത്ത് കുപ്പി മദ്യവും മോഷ്ടിച്ചിരുന്നു. തുടർച്ചയായ മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്.

തമിഴ്‌നാട്ടിലെ മധുരയിലും കന്യാകുമാരിയിലും ബാഹുലേയന് ഒളിയിടങ്ങളുണ്ട്. മോഷണമുതൽ തമിഴ്‌നാട്ടിൽ വിറ്റഴിച്ചശേഷം ഇവിടങ്ങളിൽ ആഡംബരജീവിതം നയിക്കും. പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. ബാഹുലേയന്റെ മോഷണരീതിയും വേഷവുമാണ് സ്‌പൈഡർമാൻ എന്ന പേരു നേടിക്കൊടുത്തത്. സ്‌പൈഡർമാന്റെ വേഷത്തോടു സാമ്യമുള്ള വസ്ത്രം ധരിച്ചാണ് മോഷണം. ഫുൾകൈ ടീ ഷർട്ട്, മുഖംമൂടി, കാലിലും കൈയിലും സോക്സ് എന്നിവ ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്.

വീടിനകത്ത് കടക്കുന്നതിനും സ്വന്തമായ രീതിയുണ്ട്. വീടുകളുടെ വെന്റിലേറ്ററിന്റെ കമ്പി വളച്ചാണ് അകത്ത് കടക്കുന്നത്. കമ്പികൾ വളച്ച ചെറിയ സ്ഥലം മതി ബാഹുലേയന് അകത്തു കടക്കാൻ. എക്‌സ്ഓസ്റ്റ് ഫാൻ, ജനൽക്കമ്പികൾ എന്നിവയുടെ കമ്പികൾ മാറ്റിയും അകത്തു കടക്കും. അകത്തു കടക്കാൻ മറ്റ് എളുപ്പവഴികളുണ്ടായിരുന്നാലും ബാഹുലേയൻ സ്വന്തംരീതി തന്നെ പിന്തുടരും. ഈ വേഷവിധാനം കാരണം ഇയാളുടെ വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ലഭിക്കാറില്ല. 20-ഓളം കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധ ക്രിമിനലുകളായ ബാറ്ററി നവാസിന്റെയും ബ്രൂസ്ലി ബിജുവിന്റെയും കൂട്ടാളിയാണെന്നും പൊലീസ് പറയുന്നു.