ന്യൂഡൽഹി: ഡൽഹിയിലെ ശ്രദ്ധ കൊലപാതക കേസിൽ കുറ്റം സമ്മതിച്ചു പ്രതി. പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ച കേസിലെ പ്രതി അഫ്താബാണ് കുറ്റം സമ്മതിച്ചത്. എന്നാൽ ശ്രദ്ധയെ കൊലപ്പെടുത്തിയത് മനഃപൂർവമല്ലെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഡൽഹി സാകേത് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് പങ്കാളിയായ ശ്രദ്ധയെ കൊന്നതെന്നാണ് അഫ്താബ് കോടതിയെ അറിയിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രതിയെ പ്രത്യേക വിചാരണയ്ക്ക് വിധേയമാക്കിയത്.

അതേസമയം, പ്രതിയെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഫ്താബിന്റെ നുണപരിശോധന പൊലീസ് ഇന്നു തന്നെ നടത്തിയേക്കും. രോഹിണി ഫോറൻസിക് സയൻസ് ലാബിലാണ് അഫ്താബിനെ നാർക്കോ അനാലിസിസിന് വിധേയമാക്കുക. എന്നാൽ മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ, അന്വേഷണം സിബിഐക്ക് വിടണമെന്ന പൊതുതാൽപ്പര്യ ഹരജി കോടതി തള്ളി. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹരജിയാണിതെന്ന് വിമർശിച്ചാണ് തള്ളിയത്.

മെഹ്‌റോളി വനമേഖലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടേതെന്ന് സംശയിക്കുന്ന കൂടുതൽ അസ്ഥികൾ കണ്ടെത്തിയിരുന്നു. താടിയെല്ല് ഉൾപ്പടെയുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ 17 ശരീരഭാഗങ്ങളിൽ തല ഉൾപ്പെടുന്ന ഭാഗം ലഭിച്ചിരുന്നില്ല. കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും. അതേസമയം 12 സംഘങ്ങളായി ഡൽഹി പൊലീസ് കേസ് അന്വേഷണം തുടരുകയാണ്. ഹിമാചൽ പ്രദേശിൽ അഫ്താബും ശ്രദ്ധയും ഒരുമിച്ച് സന്ദർശിച്ച ഇടങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങൾ സൂക്ഷിക്കാനായി പ്രത്യേകം ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഓരോ ദിവസവും പുലർച്ചെ രണ്ട് മണി കഴിഞ്ഞാണ് ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ അഫ്താബ് ഫ്‌ളാറ്റ് വിട്ട് ഇറങ്ങിയിരുന്നത് എന്നാണ് നിഗമനം.

കഴിഞ്ഞയാഴ്‌ച്ചയാണ് ആദ്യമാണ് ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അഫ്താബിനെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകൾ കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. മെഹ്‌റൗളി വനത്തിൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.

അഫ്താബ് മൊഴി മാറ്റുന്നതിനാൽ നുണപരിശോധന നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചോദ്യം ചെയ്യലിൽ സഹായിക്കാൻ ഒരു സൈക്യാട്രിസ്റ്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പല വിഷയങ്ങളിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നത്. സംഭവ ദിവസം അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് ശ്രദ്ധയെ കൊലപ്പെടുത്തിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവാവ് നേരത്തെയും ശ്രദ്ധയെ കൊല്ലാൻ ശ്രമിച്ചതായി സംശയിക്കുന്നതായും ഇത് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇരയുടെ മൃതദേഹത്തിന്റെ ബാക്കിയുള്ള കഷണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് കേസ് സിബിഐക്ക് കൈമാറണമെന്ന ഹർജി ഡൽഹി കോടതിയിലെത്തിയത്.