- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിഗ്രാഫ് പരിശോധനയിലെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ടു; ഉത്തരം പറയേണ്ട രീതി പരിശീലിച്ചു മറുപടി നൽകിയതോടെ പോളിഗ്രാഫ് ടെസ്റ്റും പരാജയമായി; 'ദൃശ്യം' സിനിമ കണ്ടിരുന്നോ എന്നു ചോദിച്ചപ്പോൾ മറുപടി ചിരിയിലൊതുക്കി അഫ്താബ്; തിങ്കളാഴ്ച്ച നാർക്കോ അനാലിസിസിന് വിധേയനാക്കും; ഫ്ളാറ്റിൽ വന്ന ഡോക്ടറായ പെൺസുഹൃത്തിനെയും ചോദ്യം ചെയ്തു വിട്ടയച്ചു
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മെഹ്റൗളിയിലെ ശ്രദ്ധ കൊലപാതക കേസിലെ അന്വേഷണം തുടരുന്നു. കേസിൽ പ്രതിയുടെ മൊഴികളിൽ വൈരുധ്യം അനുഭവപ്പെടുന്നതിനാൽ അഫ്താബ് അമീൻ പൂണെവാലയെ നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കാനാണ് പൊലീസ് തീരുമാനം. തിങ്കളാഴ്ചയാണ് നാർക്കോ അനാലിസിസ് നടത്തുകയെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രോഹിണിയിലെ ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിലായിരിക്കും പരിശോധന.
കഴിഞ്ഞദിവസങ്ങളിൽ അഫ്താബിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും പരിശോധന കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. പോളിഗ്രാഫ് പരിശോധനയിലെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ട പ്രതി, ഉത്തരം പറയേണ്ട രീതി ഉൾപ്പെടെ പരിശീലിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്രതിക്ക് പനിയായതിനാൽ വ്യാഴാഴ്ച പോളിഗ്രാഫ് പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വെള്ളിയാഴ്ച മൂന്ന് മണിക്കൂർ കൂടി പരിശോധന നടന്നു. അതേസമയം, പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ ചുമയും മറ്റും അനുഭവപ്പെട്ടതിനാൽ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും വ്യക്തമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ശ്രദ്ധയുമായുള്ള അടുപ്പം, ബന്ധത്തിൽ വിള്ളലുണ്ടാകാനുള്ള കാരണങ്ങൾ, കൊലപാതകം നടത്തിയരീതി, മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പോളിഗ്രാഫ് പരിശോധനയിൽ ചോദ്യങ്ങളുണ്ടായെന്നാണ് വിവരം. ദൃശ്യം സിനിമ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമാണ് അഫ്താബ് മറുപടി നൽകിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതിനിടെ ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്ന മറ്റൊരു യുവതി ഡോക്ടറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കെയാണ് പ്രതി ഈ യുവതിയെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സൈക്കോളജിസ്റ്റായ ഈ യുവതിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സൈക്കോളജിസ്റ്റ് ആയ യുവതിയെ അഫ്താബ് പരിചയപ്പെടുന്നത് ഡേറ്റിങ്ങ് ആപ്പ് വഴിയാണ്. 27 കാരിയായ ശ്രദ്ധയെ പരിചയപ്പെട്ട അതേ ആപ്പിലൂടെ തന്നെയാണ് പെൺസുഹൃത്തിനേയും പ്രതി പരിചയപ്പെടുന്നത്. ലിവിങ്ങ് പങ്കാളിയായിരുന്ന ശ്രദ്ധയെ പ്രതി കഴുത്ത് ഞെരിച്ച് കൊല ചെയ്തതിന് ശേഷം ശരീരഭാഗങ്ങൾ 35 കഷ്ണങ്ങളായി വെട്ടിനുറുക്കിയിരുന്നു. വിവാഹം ചെയ്യണമൊവശ്യപ്പെട്ട് നിരന്തരം ശ്രദ്ധ തന്നെ ശല്യം ചെയ്തിരുന്നു.
ഇതാണ് കൊലപാതകതത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി നൽകിയ വിവരം.കൊലചെയ്യപ്പെട്ട ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കവേയാണ് അഫ്താബ് പുതിയതായി പരിചയപ്പെട്ട യുവതിയുമായി വീട്ടിൽ എത്തുന്നത്. 300 ലിറ്റർ സംഭരണശേഷിയുള്ള പുതിയ ഫ്രിഡ്ജ് പ്രതി ഇതിനായി വാങ്ങിയിരുന്നു. ഏകദേശം മൂന്നാഴ്‌ച്ചയോളം ശ്രദ്ധയുടെ ശരീരാവശിഷ്ടങ്ങൾ അഫ്താബ് മെഹറൗളിയിലുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു.ശേഷമാണ് മെഹ്റൗളിയിൽ വനപ്രദേശത്ത് പല ദിവസങ്ങളിലായി ഉപേക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ