ഡൽഹി: ഡെൽഹിയിൽ ലിവ് ഇൻ പങ്കാളിയുടെ ജീവനെടുത്ത കൊലയക്ക് പിന്നിലെ വിവരങ്ങൾ ഒരോന്നായി പുറത്തുവരുമ്പോൾ കേസിലെ പ്രതിയായ അഫ്താബിന്റെ ക്രൂരമായ മനസ്സാണ് പുറത്താവുന്നത്.ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരപ്രകാരം ശ്രദ്ധയുടെ മൃതദേഹം വെട്ടി മുറിക്കുന്നതിന് മുമ്പ് യുവതിയുടെ മോതിരം അഫ്താബ് അഴിച്ചുമാറ്റിയിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് പ്രണയത്തിലായ മറ്റൊരു യുവതിക്കാണ് ഈ മോതിരം കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് തന്റെ പൂനാവാല ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച യുവതിക്ക് തന്നെയാകാം മോതിരം കൈമാറിയതെന്നാണ് വിലയിരത്തലുകൾ.

ഡോക്ടറാണ് ഈ യുവതിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വനിതാ ഡോക്ടറെയാണ് അഫ്താബ് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. 'ബംബിൾ' എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്.പിന്നീടാണ് ഇവരെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്. യുവതിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശ്രദ്ധയെയും ഈ ആപ് വഴിയാണ് അഫ്താബ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

അതേസമയം ശ്രദ്ധ കൊലപാതക കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.ശ്രദ്ധയുടെ മൃതദേഹം വെട്ടി മുറിക്കാൻ അഫ്താബ് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.മൃതദേഹം വെട്ടി മുറിക്കാൻ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതാണ് പൊലീസിന്റെ നിഗമനം.ഈ ആയുധം കണ്ടെത്തൽ കേസന്വേഷണത്തിൽ നിർണായകമാണ്. ശ്രദ്ധയുടെ മൃതദേഹം വെട്ടി മുറിക്കാൻ ഉപയോഗിച്ച ആയുധമാണ് ഇന്ന് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.അഫ്താബിന്റെ ഫ്‌ളാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങൾ കണ്ടെത്തിയിരുന്നു.നേരത്തെ കൊലയക്ക് ഉപയോഗിച്ച ആയുധത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാവാത്തത് അന്വേഷണ പുരോഗതിയിൽ പൊലീസിന് തലവേദനയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി അഫ്താബിനെ നുണപരിശോധനയായ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ,ശ്രദ്ധയുമായുള്ള പ്രതിയുടെ ബന്ധം, ബന്ധത്തിലെ പ്രശ്‌നങ്ങൾ, ശരീരഭാഗങ്ങൾ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം തുടങ്ങി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പോളിഗ്രാഫിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

മെയ് 18-നാണ് സംഭവം നടന്നത്.വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു ഇതേ തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശ്രദ്ധയെ കാണാതായതോടെ പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്ളാറ്റിൽ എത്തിയിരുന്നു.എന്നാൽ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായതോടെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.ഇതേ തുടർന്ന് പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.