- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ തീര്‍ത്ഥ ചട്ടി മോഷ്ടിച്ചതല്ല; കേസെടുക്കില്ലെന്ന് അന്വേഷണ സംഘം; പൂജാ സാധനങ്ങള്‍ എടുത്തു തന്നത് തീര്‍ത്ഥ ചട്ടിയില്‍; പുറത്തുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്ന് മൊഴി; ഓസ്ട്രേലിയയില്‍ ഡോക്ടറായ ഗണേഷ് ത്സായുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് അന്വേഷണ സംഘം
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ തീര്‍ത്ഥ ചട്ടി മോഷ്ടിച്ചതല്ല
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥ ചട്ടി മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. മോഷ്ടിക്കുക എന്ന ഉദ്യേശത്തോടെയല്ല കസ്റ്റഡിയില്‍ എടുത്തവര്‍ നിവേദ്യ ഉരുളി കൊണ്ടു പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെയാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. അറസ്റ്റിലായവര്‍ക്ക് മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. തീര്‍ത്ഥചട്ടി കാണാതായ സംഭവത്തില്‍ മൂന്ന് സ്ത്രീകളടക്കം നാല് പേരാണ് പിടിയിലായത്.
ഇവര്‍ക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം. പോലീസിന് ലഭിച്ച നിയമോപദേശവും ഇതാണ്. ക്ഷേത്രദര്‍ശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്ത് വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്ത് തന്നപ്പോള്‍, നിലത്തിരുന്ന ഉരുളിയില്‍ വച്ചാണ് നല്‍കിയതെന്നും പ്രതികളിലൊരാളായ ഓസ്‌ട്രേലിയന്‍ പൗരന്‍ ഗണേഷ് ത്സാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാല്‍ ഉരുളി കൊണ്ടുപോയെന്നും പ്രതി മൊഴി നല്‍കി.
ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും എന്നാല്‍ രാമേശ്വരത്ത് ദര്‍ശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ത്സാ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഡോക്ടര്‍ കൂടിയാണ് ഗണേഷ് ഝാ. അതുകൊണ്ട് തന്നെ അത്തരമൊരു ആള്‍ക്ക് മോഷണ താല്‍പ്പര്യം ഉണ്ടാക്കില്ലെന്നും പോലീസ് അന്വേഷണത്തില്‍ വിലയിരുത്ത.
ഈ മാസം 13നാണ് നിവേദ്യ ഉരുളി ക്ഷേത്രത്തില്‍ നിന്നും കാണാതെ പോയത്. സിസിടിവി പരിശോധനകള്‍ക്ക് ശേഷം 15നാണ് ക്ഷേത്രം അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നാണ് ഉരുളി കൈവശപ്പെടുത്തിയ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സുരക്ഷാവീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ഭഗവാന്റെ കാവല്‍കാരന്‍ എന്ന വിശ്വാസ പെരുമയില്‍ കുടിയിരിക്കുന്ന വിഷ്വക്സേനന്റെ തീര്‍ത്ഥ ചട്ടിയാണ് കാണാതെ പോയത്. പത്മനാഭസ്വാമിയുടെ പൂജാ കാര്യങ്ങളെല്ലാം വ്യക്തമായും കൃത്യമായും ഉറപ്പിക്കുന്ന ദൗത്യമാണ് വിഷ്വക്സേനന്റേതെന്നാണ് ഐതിഹ്യം. പത്മനാഭ പ്രതിഷ്ഠയുടെ വശത്താണ് കാവല്‍ക്കാരന്റെ സ്ഥാനം. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്നത് പോലും വിഷ്വക്സേനന്റെ ദൃഷ്ടി വരുന്നിടത്താണ്. ഈ ഭഗവാന്റെ കാവല്‍ക്കാരന്റെ തീര്‍ത്ഥചട്ടിയാണ് ഹരിയാനയിലേക്ക് കൊണ്ടു പോയത്.
ചെമ്പിലെ ഈ പാത്രത്തിന്റെ വിലയായിരുന്നില്ല പ്രശ്നം. അതിന്റെ കാലപ്പഴക്കമാണ് പ്രധാനപ്പെട്ടത്. ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്. പുരാവസ്തു മൂല്യമാണ് ഇതിനെ അമൂല്യമാക്കുന്നത്. നൂറു കൊല്ലത്തോളം പഴക്കമുണ്ടാകാം ഇതിനെന്ന വിലയിരുത്തലുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ചയാണ് ഈ പാത്രം നഷ്ടമായതെന്ന് ഉറപ്പാക്കി. അതിന് ശേഷം ക്ഷേത്രത്തിനുള്ളിലെ സിസിടിവി അരിച്ചു പെറുക്കി. ജീവനക്കാരുടെ നീക്കങ്ങളും പരിശോധിച്ചു.
ഇതിനിടെയാണ് നരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നില്‍ നിന്ന വ്യക്തിയുടെ മുണ്ടിന്റെ തുമ്പില്‍ എന്തോ ഒരു സാധനം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. വിശദ പരിശോധനയില്‍ ഇത് കാണാതായ വസ്തുവാണെന്ന് വ്യക്തമായി. ഇതിന് ശേഷം ആളിന്റെ വിശദാംശങ്ങള്‍ തേടിയായി യാത്ര. ഒടുവില്‍ അത് ഹരിയനായില്‍ എത്തി. അങ്ങനെ പത്മനാഭ സ്വാമിയുടെ കാവല്‍ക്കാരന്റെ തീര്‍ത്ഥ ചട്ടി കൊണ്ടു പോയ ആളും പാത്രവുമെല്ലാം തിരികെ തിരുവനന്തപുരത്ത് എത്തി.
ഒറ്റക്കല്‍ മണ്ഡപത്തിന് വടക്കുവശത്തായി ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിഷ്ണുവിന്റെ അംശമായ വിഷ്വക്‌സേന പ്രതിഷ്ഠ. ശംഖ്, ചക്രം, ഗദ, അഭയമുദ്ര എന്നിവയോടെ പീഠത്തില്‍ ഇരിക്കുന്ന പ്രതിഷ്ഠ. വിഷ്ണുവിന് സമര്‍പ്പിക്കുന്ന എല്ലാ വസ്തുക്കളും വിഷ്വക്‌സേനനെ കാണിക്കണം. ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകള്‍ ബോധിപ്പിക്കുന്നതും വിഷ്വക്‌സേനന് മുന്നിലാണ്. ഈ പ്രതിഷ്ഠയുള്ളിടത്ത് എപ്പോഴും വലിയ തിരക്കാണ്. ഇതിനിടെയാ തീര്‍ത്ഥചട്ടി കാണാതായത്.