- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സെപ്റ്റിക് ടാങ്കില്‍ കല്ല് പോലും പൊടിഞ്ഞു പോകുന്ന കെമിക്കലുണ്ടായിരുന്നു: കണ്ടെടുത്തവയില്‍ ലോക്കറ്റും ക്ലിപ്പും'; മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമന്
ആലപ്പുഴ: മാന്നാറില്‍ പതിനഞ്ചു വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്തെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. കേസില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്ക് പോലീസിനെ സഹായിക്കാനെത്തിയ തിരുവല്ല സ്വദേശി എസ്.സോമനാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റിക് ടാങ്കില്‍ നിറയെ രാസപദാര്‍ഥം ഉണ്ടായിരുന്നതായും കല്ല് വരെ തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും സോമന്‍ പറഞ്ഞു.
അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും സോമന്‍ പറഞ്ഞു. 'സെപ്റ്റിക് ടാങ്കിന്റെ പുറത്താണ് വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോള്‍ കുറേ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേര്‍ത്തിരുന്നത്'- സോമന്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമന്‍.
സ്ത്രീകളുടെ ഉള്‍വസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ് തുടങ്ങിയവ ടാങ്കില്‍നിന്ന് കിട്ടിയിരുന്നു. അതില്‍ നിറയെ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. തൊടുന്ന കല്ല് വരെ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. കെമിക്കല്‍ ഇറക്കിയാല്‍ അസ്ഥിവരെ പൊടിഞ്ഞുപോയേക്കാം. അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തത്. അവരുടെ പഴയവീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലാണ് കൂട്ടിയിട്ടിരുന്നത്. ടാങ്കിന്റെ മൂടി മാറ്റിയപ്പോള്‍ തന്നെ കെമിക്കലുണ്ടെന്ന് മനസിലായി. വെള്ളത്തിന് നിറവ്യത്യാസമുണ്ടായിരുന്നു. ടാങ്കില്‍നിന്ന് കണ്ടെടുത്തവയില്‍ മൃതശരീരഭാഗങ്ങളുണ്ടെന്ന് 70 ശതമാനം ഉറപ്പിക്കാം. അതെല്ലാം ഫൊറന്‍സിക്കിന് കൈമാറി. തന്നെക്കൊണ്ട് കഴിയാവുന്നരീതിയില്‍ എല്ലാംചെയ്തിട്ടുണ്ടെന്നും സോമന്‍ പറഞ്ഞു.
മാന്നാറില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്കിടെ സോമന് കാലിന് പരിക്കേറ്റിരുന്നു. ടാങ്കിന്റെ സ്ലാബുകള്‍ നീക്കുന്നതിനിടെയാണ് കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് മുറിവില്‍ ഡെറ്റോള്‍ ഒഴിച്ച് പ്ലാസ്റ്റിക് കവര്‍കൊണ്ട് കാല് മൂടിയശേഷം സോമന്‍ ജോലി തുടരുകയായിരുന്നു. വലിയ വിവാദമായ ഒട്ടേറെ കേസുകളില്‍ പോലീസിന്റെ സഹായിയാണ് സോമന്‍. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എടുക്കുന്നതിനുംമറ്റും എപ്പോഴും പോലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂര്‍ നരബലിയുള്‍പ്പെടെയുള്ള കേസുകളില്‍ ശരീരാവശിഷ്ടങ്ങളെടുക്കാന്‍ സഹായിച്ചത് സോമനാണ്.
മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.
പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.