കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്ത്. അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടര്‍ ശ്രീക്കുട്ടിയുടെ മൊഴി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടതെന്ന് ഡോക്ടര്‍ ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കി. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട് പണവും സ്വര്‍ണ്ണവും നല്‍കിയത് അജ്മല്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീകുട്ടിയുടെ മൊഴി. അതേസമയം ഡോക്ടര്‍ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. ഇതും ഈ കേസ് അന്വേഷണത്തെ ശ്രദ്ധേയമാക്കും. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

ഭയം കൊണ്ടാണ് താന്‍ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞു. പിന്‍തുടര്‍ന്നവരില്‍ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി. പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസ് ലഭിച്ചു. ഇതോടെ പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും. ഇതിനൊപ്പം ശ്രീകുട്ടിയുടെ എംബിബിഎസില്‍ സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ തേടുക. ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടന്‍ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അജ്മലെന്നും പൊലീസ് വിവരം ലഭിച്ചു. അജ്മലിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല. കേസില്‍ അജ്മലിനും ശ്രീകുട്ടിക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു.

ആള്‍ക്കൂട്ടം പിന്തുടര്‍ന്നപ്പോഴും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നാണ് പോലീസിനോട് ശ്രീകുട്ടി പറയുന്നത്. അജ്മല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. സിനിമാ കൊറിയോഗ്രാഫര്‍ എന്നു പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടതെന്നും ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അജ്മലിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായി. ഈ ബന്ധം പിന്നീട് വഴി തെറ്റിയെന്നും ശ്രീക്കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അജ്മലുമായി പണവും സ്വര്‍ണവും കൈമാറ്റം ചെയ്തിട്ടുണ്ട്. തന്റെ പക്കല്‍ നിന്ന് പണം വാങ്ങി അജ്മല്‍ എറണാകുളത്ത് ഷൂട്ടിങിന് പോയി. കോമണ്‍ സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിച്ചു വരുന്നതിനിടെയാണ് അപകടം നടന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു. ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

അതിനിടെ ഡോ. ശ്രീക്കുട്ടി നിരപരാധിയാണെന്ന് അമ്മ സുരഭി വിശദീകരിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതിയായ അജ്മല്‍ തന്റെ മകളെ കുടുക്കിയതാണെന്നും ഇതിനെല്ലാം പിന്നില്‍ തന്റെ മുന്‍ഭര്‍ത്താവ് അടക്കമുള്ളവരാണെന്നും സുരഭി ആരോപിച്ചു. മകളുടെ മുന്‍ഭര്‍ത്താവിനും ഇതില്‍ പങ്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ''ഹോഴ്സ് റൈഡിങ് പരിശീലകനാണെന്നും സീരിയലിലെ ഡ്യൂപ് ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞാണ് മകളുടെ മുന്‍ഭര്‍ത്താവ് അവളെ പരിചയപ്പെട്ടിരുന്നത്. അജ്മലും സീരിയല്‍ നടനാണെന്നും ഡാന്‍സുകാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ടെന്നാണ് ഞാന്‍ വാര്‍ത്തകളില്‍ കണ്ടത്. അജ്മലിനെക്കുറിച്ച് മകള്‍ ഒന്നും പറഞ്ഞിട്ടില്ല. രണ്ടുമാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുട്ടിയെ അകത്താക്കാന്‍ വേണ്ടി എന്തിനാണ് ആ പാവപ്പെട്ട കുടുംബത്തെ അവന്‍ കയറ്റിയിറക്കി കൊന്നത്. അവരുടെ കുടുംബം എന്തുമാത്രം കരയുന്നുണ്ടാകും. എന്റെ കൊച്ച് നിരപരാധിയാണ്.-ഇതാണ് അമ്മയുടെ വിശദീകരണം.

കൊല്ലത്ത് അവള്‍ വാടകവീട്ടില്‍ താമസിക്കുകയാണെന്നും അവിടെ മദ്യപാനമാണെന്നും പറയുന്നത് വെറുതെയാണ്. മകള്‍ക്ക് ആശുപത്രി അധികൃതര്‍ നല്ല ഒരു മുറി കൊടുത്തിട്ടുണ്ട്. മാസംതോറും ഞാന്‍ അവിടെ പോകാറുണ്ട്. ഇടയ്ക്കിടെ മോനുമായി അവിടെപോകും. രണ്ടുമാസം മുന്‍പ് കുട്ടിയുടെ ജന്മദിനത്തിന് ശ്രീക്കുട്ടി ഇവിടെ വന്നിരുന്നു. അഞ്ചുപവന്റെ ബ്രേസ് ലെറ്റും അഞ്ച് പവന്റെ കൊലുസ്സും മൂന്നരപവന്റെ മാലയും കമ്മലും രണ്ട് മോതിരവും മകള്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. എങ്ങനെയാണ് മായാലോകത്ത് ഇവന്മാര്‍ ഇതൊക്കെ ഊരിയെടുത്തതെന്ന് അറിയില്ല. അവള്‍ക്ക് രണ്ട് ബൈക്കുകളുണ്ടായിരുന്നു. ആര്‍.ത്രീയും ആക്ടീവയും. അവള്‍ ബുള്ളറ്റൊക്കെ ഓടിക്കും. അജ്മല്‍ മകളുടെ രണ്ട് ബൈക്കും കൊണ്ടുപോയി-അമ്മ പറയുന്നു.

അജ്മലിനെ ഞാന്‍ കണ്ടിട്ടില്ല. സംഭവത്തില്‍ മകളുടെ മുന്‍ഭര്‍ത്താവിനെ ചോദ്യംചെയ്യണം. ഇതിന്റെ സത്യാവസ്ഥ അറിയണം. മകള്‍ക്ക് അജ്മല്‍ മദ്യം കൊടുത്തതാകും. ഇവിടെ ആരും മദ്യപിക്കില്ല. ഞാന്‍ മന്ത്രവാദിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തില്‍ ആരും മദ്യപിക്കില്ല. കുടുംബത്തില്‍ മദ്യപാനമേ ഇല്ല''- ശ്രീക്കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ്. അതിനിടെ കേരള കൗമുദി നല്‍കിയ വാര്‍ത്തയും ഈ കേസില്‍ ദുരൂഹത കൂട്ടുന്നുണ്ട്.

കേരള കൗമുദി വാര്‍ത്ത ഇങ്ങനെയാണ്- 18ാം വയസില്‍ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍.ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്.

അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല.മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്-കേരള കൗമുദി പറയുന്നത്.