തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയില്‍. ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ശ്രീതു മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുകയാണ്. കൃത്യമായ മൊഴി നല്‍കാതെ ഇടക്കിടെ മാറ്റിപ്പറയുന്ന ഇവര്‍ ശരിക്കും പോലീസിനെ വലക്കുന്നുണ്ട്. ഇത്

അതേസമയം, കരാര്‍ അടിസ്ഥാനത്തില്‍ ശ്രീതു ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസിന് കത്ത് നല്‍കി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് കബളിപ്പിച്ചാണ് ശ്രീതു പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തത്. മകളായ ദേവേന്ദുവിന്റെ കൊലപാതക ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ദേവസ്വത്തില്‍ നിയമനം നല്‍കിയതായി കാണിച്ച് നിയമന ഉത്തരവും ശ്രീതു നല്‍കിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി പൊലിസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ മൊഴി മാറ്റുകയായിരുന്നു. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം ഒരു വാഹനത്തിലിരുന്ന് ശ്രീതു പണം വാങ്ങിയെന്നാണ് പരാതിക്കാരന്റെ മൊഴി. ആ സ്ഥലത്തും പൊലീസ് ശ്രീതുവിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

പക്ഷെ കേസില്‍ പ്രധാന തുമ്പ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ കമ്പ്യൂട്ടര്‍ കണ്ടെത്തുകയാണ്. സ്ഥാപനത്തെക്കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോള്‍ പറയുന്നത്. വിലങ്ങ് വച്ച് റോഡിലൂടെ നടത്തികൊണ്ടുപോകുമെന്ന് വിരട്ടിയെങ്കിലും പ്രതിക്ക് ഒരു കൂസലുണ്ടായില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.സാമ്പത്തിക തട്ടിപ്പില്‍ എട്ട് പരാതികളാണ് ശ്രീതുവിനെതിരെ ലഭിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ നിയമനം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പരാതി. ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ എന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ശ്രീതുവിന്റെ പേരിലുള്ള വ്യാജ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഡ്രൈവറായി നിയമിച്ചുള്ള ഉത്തരവ് കൈമാറി.

28000 രൂപ ശമ്പളം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഓഫീഷ്യല്‍ ഡ്രൈവറെന്നാണ് പറഞ്ഞത്. ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസില്‍ കയറ്റിയിരുന്നില്ല. ആവശ്യം വരുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ കാറുമായി എത്താനായിരുന്നു നിര്‍ദേശിച്ചിരുന്നത്. അവിടെ വെച്ച് ശ്രീതു കാറില്‍ കയറും. തുടക്കത്തില്‍ ശമ്പളം കൃത്യമായി തന്നു. പിന്നീട് കുടിശിക വന്നു. പരാതിപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ ഒരുമിച്ചു നല്‍കി. കുഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലായതെന്നാണ് ഷിജുവിന്റെ മൊഴി.

എന്നാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, ദേവേന്ദുവിനെ കൊലപ്പെടുത്തിയ അമ്മാവന്‍ ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് കൈമാറി. ഹരികുമാറിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി.