സിഡ്‌നി: ട്വന്റി-20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് ലൈംഗിക അതിക്രമ കേസും. ഓസ്‌ട്രേലിയയിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ അംഗമായ ധനുഷ്‌ക ഗുണതിലകെയാണ് ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായത്.

ലൈംഗികാതിക്രമ കേസിൽ സിഡ്‌നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഒരു യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം സിഡ്‌നിയിൽ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ധനുഷ്‌ക ഗുണതിലകെ ഇല്ലാതെ ശ്രീലങ്കൻ ടീം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29-കാരിയാണ് പരാതിക്കാരി. സിഡ്നിയിലെ റോസ്ബേയിൽ ഒരു വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. നവംബർ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. സിഡ്നിയിൽ ടീം താമസിച്ച ഹോട്ടലിൽവച്ചാണ് ഗുണതിലകെയെ കസ്റ്റഡിയിൽ എടുത്തത്.

സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതടക്കം താരത്തിനെതിരെ നാലോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസ് കേസിൽ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. 

ഇടങ്കയ്യൻ ബാറ്ററായ ധനുഷ്‌ക ഗുണതിലക, നമീബിയയ്ക്കെതിരെ നടന്ന ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. ഇതിനു പിന്നാലെ പരുക്കേറ്റ താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു. ഇതിനെടെയാണ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്.

പിൻതുടയിലെ ഞരമ്പിലെ പരിക്കുകാരണം പ്രാഥമിക റൗണ്ടിനുള്ള ടീമിൽ നിന്ന് ഗുണതിലകെയെ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്തിയെങ്കിലും ഓസ്ട്രേലിയയിൽ ടീമിനൊപ്പം തുടരുകയായിരുന്നു. 2015-ൽ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി-20കളും കളിച്ചിട്ടുണ്ട്