മലപ്പുറം: സ്റ്റോക്ക് മാർക്കറ്റിങ് ട്രേഡിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളായ പൂവത്തിപ്പൊയിൽ കാട്ടുമഠത്തിൽ നിസാബുദീൻ (32), ബാർബർമുക്ക് ചക്കിപ്പറമ്പൻ മുഹമ്മദ് ഫഹദ് വട്ടപ്പാടം(34), വടക്കൻ ഇല്യാസ് എടക്കര(30) എന്നിവരുമായാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ യുടെ നേതത്വത്തിൽ തെളിവെടുപ്പു നടത്തിയത്.

വഴിക്കടവ് മുണ്ടയിൽ പ്രവർത്തിച്ചിരുന്ന നാഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലും പ്രതികളുടെ വീടുകളിലും തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും സമൂഹത്തിലെ പല പ്രമുഖരൂം തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. എന്നാൽ പല പ്രമുഖരും മാനഹാനി ഭയന്നാണു പരാതി നൽകാത്തത്. ഇക്കാര്യം പൊലീസിനും ബോധ്യപ്പെട്ടു. പ്രതികൾ തട്ടിപ്പിലൂടെ സമാഹരിച്ച പൈസ കൊണ്ടു ദുബായിൽ പുതിയ ഓഫീസ് തുടങ്ങാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി പ്രതികൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പൊലീസ് പിടിയിലായത്.

പ്രതികൾക്കെതിരെ തട്ടിപ്പിനിരയായവരുടെ പരാതി പ്രവാഹമാണു പൊലീസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വഴിക്കടവ് സ്വദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലാവുകയും, സ്ഥാപനം പൂട്ടി സീൽചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി രംഗത്തുവന്നതെന്നു വഴിക്കടവ് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണ സംഘം ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം( ബഡ്സ്) പ്രകാരം മഞ്ചേരി അഡീഷണൽ സെഷൻസ് കോർട്ടിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു.

550 ൽപ്പരം ആളുകൾ പ്രതികളുടെ തട്ടിപ്പിനിരയായായതായി അന്വേഷണ സംഘം വ്യക്തമാക്കി. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ബഡ്‌സ് പ്രത്യേക കോടതികളിൽ സമർപ്പിച്ച്, ആസ്തികൾ വിറ്റുപണമാക്കി 180 ദിവസത്തിനുള്ളിൽ വിധി പറയുമെന്നതാണ് വ്യവസ്ഥ. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നവർക്ക് 7 വർഷം വരെ തടവും, 10 ലക്ഷം വരെ പിഴയും ലഭിക്കുന്നതാണ്. നിയമപരമല്ലാത്ത നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം പണം തിരികെ നൽകാതിരിക്കുന്ന സന്ദർഭങ്ങളിൽ 10 വർഷം തടവും ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും.

കോടികളുടെ തട്ടിപ്പ് ആയതിനാൽ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക മേൽനോട്ടത്തിൽ ആണ് ഈ കേസിന്റെ അന്വേഷണം നടക്കുന്നത്. നിലമ്പൂർഡി.വൈ.എസ്‌പി. സാജു.കെ.ഏബ്രഹാമിന്റ നേതൃത്വത്തിൽ അന്വേഷണം സംഘത്തെ വിപുലീകരിക്കുകയായിരുന്നു. വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയറ്റ .എഎസ്‌ഐ മനോജ് കെ, പൊലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ എസ്,പ്രദീപ്. ഇ.ജി, ഇ.എൻ.സുധീർ. അബ്ദുൾ നാസർ.കെ, ശ്രീകാന്ത് എസ്, നിജേഷ് കെ, ഗീത.കെ.സി എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

കയ്യിൽ പണമില്ലാത്തവരിൽ നിന്നും പ്രതികൾ നിക്ഷേപകരുടെ പേരിലുള്ള ഭൂമി വരെയും നിക്ഷേപങ്ങളായി സ്വീകരിച്ചിരുന്നു. ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഷെയറിൽ നിക്ഷേപിക്കുകയുംപിന്നീട് പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. വില്ലാ പ്രൊജക്ട് എന്ന പേരിലും നിലമ്പൂർ കൺവെൻഷൻ സെന്റർ എന്ന പേരിലും കോടികൾ തട്ടിപ്പ് നടത്തിയ ഇവർ ഓഡിറ്റോറിയം പ്രൊജക്ട് എന്നി പേരിൽ പുതിയ തട്ടിപ്പും ആരംഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റ്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളുടെ വഴിക്കടവിലെ ഓഫീസിൽ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസ് പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു.