വൈക്കം: മറവന്‍തുരത്തില്‍ യുവാവ് ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയത് തന്നോടു കാട്ടിയ അവഗണനയില്‍ മനംനൊന്തെന്ന് പ്രതിയുടെ മൊഴി. പോലിസ് ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റസമ്മതത്തിലാണ് പ്രതി നിധീഷിന്റെ വെളിപ്പെടുത്തല്‍. മറവന്‍തുരുത്ത് കടൂക്കര ജംക്ഷനു സമീപം ശിവപ്രസാദം വീട്ടില്‍ ഗീത (58), മകള്‍ ശിവപ്രിയ (30) എന്നിവരെയാണു ശിവപ്രിയയുടെ ഭര്‍ത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടില്‍ നിധീഷ് (40) തിങ്കളാഴ്ച കൊലപ്പെടുത്തിയത്.

ശിവപ്രിയയും നിധിഷും കുഞ്ഞും ശിവപ്രിയയുട അമ്മ ഗീതയ്‌ക്കൊപ്പം അവരുടെ വീട്ടിലായിരുന്നു താമസം. ശിവപ്രിയയുടെ സഹോദരന്‍ ശിവപ്രസാദ് ഒന്നര വര്‍ഷം മുന്‍പു വിദേശത്തുനിന്നു നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്നു ഗീത മറവന്‍തുരുത്തിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഒരു വര്‍ഷം മുന്‍പ് വീണു പരുക്കേറ്റ ഗീതയെ പരിചരിക്കാനായി ശിവപ്രിയ സ്വന്തം വീട്ടിലേക്കു താമസം മാറ്റി. പിന്നീടു നേരേകടവിലെ നിധീഷിന്റെ വീട്ടിലേക്കു മടങ്ങിയില്ല. ഇതിനു കാരണക്കാരി ഗീതയാണെന്ന് നിധീഷ് പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഇരുവരും തന്നെ അവഗണിച്ചിരുന്നതായും നിധീഷ് പോലിസിന് മൊഴി നല്‍കി.

തന്റെ വീട്ടിലേക്കു ഭാര്യ ശിവപ്രിയ വരാത്തത് അമ്മ ഗീത കാരണമാണെന്നും അതിനാലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും നിധീഷ് പൊലീസിനോടു പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവരുമായി കുറച്ചു നാളായി പ്രശ്‌നത്തിലായിരുന്നു. ഇതിനിടെ ഒരു മാസം മുന്‍പു ശിവപ്രിയയ്ക്കു വൈക്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇതോടെ ഭാര്യവീട്ടില്‍ നിന്നു മതിയായ പരിഗണന ലഭിക്കാതെയായെന്നും ഈ വിരോധമാണു കൊലയ്ക്കു പിന്നിലെന്നും നിധീഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ദമ്പതികള്‍ക്ക് നാലു വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. നിധീഷിന്റെയും ശിവപ്രിയയുടെയും ആറാം വിവാഹവാര്‍ഷികം 11നാണ്. അന്നു തന്നെയാണു മകളുടെ പിറന്നാളും ഉള്ളത്. ഇതിനിടയിലാണ് കൊലപാതകം. കുട്ടിയെ സ്‌കൂളില്‍ നിന്നും വിളിച്ചു കൊണ്ടു പോയി സ്വന്തം വീട്ടില്‍ ആക്കിയ ശേഷമാണ് ശിവപ്രിയയെ കൊലപ്പെടുത്തിയത്. ഗീതയുടെയും ശിവപ്രിയയുടെയും സംസ്‌കാരം ഇന്ന് 9നു ചോറ്റാനിക്കര എരുവേലി പൊതുശ്മശാനത്തില്‍ നടത്തും.നിധീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണു കൊലപാതക വിവരം പുറത്തറിയുന്നത്. നിധിഷീ സ്വന്തം വീട്ടിലെത്തിയ ശേഷം കൊലപാതക വിവരം പറയുക ആയിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. ഗീതയെ ശ്വാസം മുട്ടിച്ചും ശിവപ്രിയയെ കത്തിക്ക് കുത്തിയുമാണു നിധീഷ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഗീതയുടെ കൊലപാതകം. ഉച്ചയ്ക്ക് രണ്ടരയോടെ നിധീഷ് മദ്യപിച്ച് മറവന്‍തുരുത്തിലെ വീട്ടിലെത്തി. ഗീതയും നിധീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മൂന്നോടെ ഗീതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.

പിന്നീടു നിധീഷ് ഉദയനാപുരത്തെ സ്‌കൂളിലെത്തി മകളെയും കൂട്ടി വല്ലകത്തെ ബന്ധുവീട്ടിലേക്കു പോയി. ബന്ധുവിനെയും മകളെയും കൂട്ടി ഓട്ടോയില്‍ നേരേകടവിലെ വീട്ടിലെത്തിയ ശേഷം അതേ ഓട്ടോയില്‍ നിധീഷ് ഒറ്റയ്ക്കു മറവന്‍തുരുത്തിലെ വീട്ടില്‍ തിരിച്ചെത്തി.വൈകിട്ട് ആറോടെ ശിവപ്രിയ ജോലി കഴിഞ്ഞു വീട്ടിലെത്തി. കയ്യില്‍ കരുതിയ കത്തിയുമായി ശിവപ്രിയയെ നിധീഷ് പല തവണ കുത്തി. പിടിവലിയില്‍ നിധീഷിനും പരുക്കേറ്റു. തുടര്‍ന്ന് ഇവിടെ നിന്നു വേഷം മാറിയെങ്കിലും അതിലും ചോര പറ്റിയിരുന്നു. ശിവപ്രിയയുടെ സ്‌കൂട്ടറുമായി നേരേകടവിലെ വീട്ടിലെത്തിയ നിധീഷിന്റെ ഷര്‍ട്ടില്‍ ചോര കണ്ട് ബന്ധു കാര്യം തിരക്കിയപ്പോഴാണു കൊലപാതകവിവരം പറയുന്നത്. പിന്നീടു ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.