കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കഫേ ഉടമയ്‌ക്കെതിരെ കേസ്. ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെയാണ് കേസ്സെടുത്തത്. പാലാരിവട്ടം പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇഡ്ഡലി സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചതെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ സുമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.