- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകുന്നിൽ റെയിൽവേ ട്രാക്കിൽ ചെങ്കല്ല് കണ്ടെത്തിയതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം; പൊലീസ് നായ മണംപിടിച്ച് ഓടിയെത്തിയ വീട്ടിലെ അതിഥി തൊഴിലാളിയുടെ വസ്ത്രത്തിൽ ചെങ്കല്ലിന്റെ പൊടി; ആസാം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം; പാളത്തിൽ കല്ലു വച്ചത് തീവണ്ടി മറിക്കാനുള്ള ശ്രമമോ?
കണ്ണൂർ:ചെറുകുന്ന് താവം റെയിൽപാളത്തിൽ ചെങ്കല്ല് വച്ചതായി കണ്ടെത്തിയ സംഭവത്തിൽ ആസാം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ശക്തമാക്കി. സംഭവം നടന്ന സ്ഥലത്തെ ക്വാർട്ടേഴ്സിൽ നിന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണപുരം പൊലീസ് പിടികൂടിയ അസം സ്വദേശിയായ നിർമ്മാണതൊഴിലാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വരുന്നത്.
ഇയാളുടെ വസ്ത്രത്തിൽ ചെങ്കല്ലിന്റെ പൊടി കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ ഫോറസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ട്രാക്കിനു സമീപത്തെ വീട്ടുപറമ്പിലുണ്ടായിരുന്ന കല്ലട്ടിയിൽ നിന്നുള്ള ഒരു കല്ലാണ് ട്രാക്കിൽ കൊണ്ടുപോയി വച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കല്ലെടുത്ത സ്ഥലവും പൊലീസ് അടയാളപ്പെടുത്തി. സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ റെയിൽപ്പാളത്തിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് ഇതിൽ പങ്കില്ലെന്ന് ആർപിഎഫ് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.
പിന്നീടാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അസാം സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാന്മാരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പൊലീസ് നായയും സ്ഥത്തെത്തി. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. ഇവിടെ താമസിച്ചിരുന്ന മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് അജ്ഞാതർ കല്ല് വെച്ചത്. ഈ സംഭവങ്ങളൊന്നും പ്രതികളെ കണ്ടെത്താൻ റെയിൽവേക്കും പൊലീസിനും കഴിഞ്ഞില്ല. ഇതാദ്യമായാണ് ഇത്തരം സംഭവത്തിൽ ഒരാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇത്തരം സംഭവങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ഇത്രയും വലിയ കല്ല് പാളത്തിൽ വച്ചത് റെയിൽവേ ഗൗരവത്തോടെയാണ് കാണുന്നത്.
ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തേടി യിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്