കണ്ണൂർ: കണ്ണൂർ സിപിഎമ്മിലെ മട്ടന്നൂർ ലോബിയുമായി കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിലെ പ്രതിയായി അറസ്റ്റിലായ മട്ടന്നൂർ മുണ്ടോറപ്പൊയിൽ പെരിങ്ങാലി സ്വദേശി സതീഷ്‌കുമാറിന്(54) അടുത്ത ബന്ധമെന്ന വിവരം പുറത്തുവന്നു. ഒരുമുന്മന്ത്രി ഉൾപ്പടെ കണ്ണൂരിലെ ഉന്നത സി.പി. എം നേതാക്കളുടെ അതീവവിശ്വസ്തനായി അറിയപ്പെടുന്ന സതീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിന്റെ ഞെട്ടലിലാണ്കണ്ണൂരിലെ സി.പി. എം നേതൃത്വം.

അമ്പുകൊള്ളാത്തവരില്ല കുരുക്കളിലെന്ന എന്ന കവിവാക്യം പോലെ കണ്ണൂരിലെ ഒട്ടുമിക്ക നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുകയും തെരഞ്ഞെടുപ്പുകളിലും അല്ലാതെയും അവരെസാമ്പത്തികമായി സഹായിച്ചതും സതീഷാണെന്ന്നേരത്തെ പാർട്ടിക്കുള്ളിൽ അടക്കം പറച്ചിലുണ്ടായിരുന്നു. ഒരു ഉന്നത നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃശൂരിൽ നിന്നും നിരവധി ആഡംബരകാറുകളാണ് ഇയാൾ തൃശൂരിൽ നിന്നുമിറക്കിയത്.

മട്ടന്നൂരിലെ ഒരുസാധാരണ പാർട്ടി അനുഭാവി കുടുംബത്തിൽ പിറന്ന സതീഷിന്റെ കോടീശ്വരനിലേക്കുള്ള വളർച്ചആരെയും വിസ്മയിക്കുന്നതാണ്. കണ്ണൂരിൽ നിന്നും ജീവിക്കാൻ ഗതിയില്ലാഞ്ഞ് തൃശൂരിലേക്ക് നാടുവിട്ടയാളാണ് സതീഷ്. മട്ടന്നൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ പത്താം ക്ളാസ്‌കഴിഞ്ഞ ശേഷം രണ്ടുവർഷം ഇയാൾ വെറുതെയിരിക്കുകയായിരുന്നു. എന്നാൽ ആസമയമെല്ലാം എസ്. എഫ്. ഐ അനുഭാവിമാത്രമാണ് സതീഷെന്നും നാട്ടിൽ കാര്യമായ രാഷ്ട്രീയ പ്രവർത്തനമൊന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്.

മട്ടന്നൂരിൽ തെക്കും വടക്കും നടക്കുന്നതിനിടെയാണ് പിന്നീട് ജീവിക്കാനായി തിരൂരിൽ ഫാൻസി കടയിൽ സെയിൽസ്മാനായി ജോലിക്ക്പോയത്. അവിടെ നിന്നും രണ്ടു വർഷത്തിനു ശേഷം തൃശൂരിലെ ഒരു ബാഗ്നിർമ്മാണസ്ഥാപനത്തിലെ തൊഴിലാളിയായി മാറി.പിന്നീട് സ്ഥാപനത്തിന്റെ പാർട്ണർ ഷിപ്പ് കരസ്ഥമാക്കുകയും വൈകാതെ സ്ഥാപനം സ്വന്തമാക്കുകയും ചെയ്തു.

കണക്കില്ലാത്ത പണം ബിസിനസിലൂടെ കൈയിൽ വന്നതിനു ശേഷം 1995-മുതൽ 2000-വരെയുള്ളകാലയളവിൽ ബ്ളേഡ് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ചെറിയ തുകകൾ കൊള്ളപലിശയായി നൽകി തുടങ്ങിയ ബ്ളേഡ്ബിസിനസ് പിന്നീട്ലക്ഷങ്ങളും കോടികളും മറിക്കുന്ന ഏർപ്പാടായി മാറി. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്തു വാങ്ങിയാണ് പണം പലിശയ്ക്കു നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ വൻകിടക്കാർ വരെ ഇയാളിൽ നിന്നും പണം വാങ്ങിയിരുന്നു.

പണം കൈയയച്ചു നൽകി അവരുടെ സ്വത്തുക്കൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുന്ന രീതിയാണ് സതീഷ് നടത്തിയിരുന്നു. തൃശൂരിലെയും കണ്ണൂരിലെയും വൻഗുണ്ടാ സംഘത്തെ തന്നെ ഇയാൾ ഇതിനായി പോറ്റിവളർത്തിയിരുന്നു. തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും കൈക്കലാക്കുന്ന തൃശൂരിലെ കണ്ണായസ്ഥലങ്ങളിലെ ഇത്തരം സ്വത്തുക്കൾ മോഹവിലയ്ക്കു മറിച്ചുവിറ്റാണ് സതീഷ് മുടിവയ്ക്കാത്ത തൃശൂരിലെ രാജാവായി മാറിയത്. ഇതിനു ശേഷം ഗൾഫിലേക്ക് ചുവടുമാറ്റിയ ഇയാൾ അവിടെയും വിജയം കൊയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഗൾഫിൽ നാലു കടകൾ ഇയാളുടെ സ്വന്തം പേരിലുണ്ടെന്നാണ് വിവരം.

ഇതിനിടെയിലും കണ്ണൂരിലെ ചില ഉന്നത നേതാക്കളുടെ ഉറ്റതോഴനായും എന്തിനും ഏതിനും കൈയയച്ചു സഹായിക്കുന്ന ആപത്മിത്രമായും സതീഷ്വളർന്നു കഴിഞ്ഞിരുന്നു. ഉന്നത സി.പി. എം നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുകളിൽ ഭൂരിഭാഗവും വഹിച്ചത് ഇയാളാണെന്നു പാർട്ടിക്കുള്ളിൽ അന്നേ വിമർശനമുയർന്നിരുന്നു. ഈ നേതാവിന്റെ പ്രചരണത്തിനായി ആഡംബരവാഹനങ്ങളുടെ വ്യൂഹം തന്നെയാണ് കണ്ണൂരിലെക്കെത്തിയത്.

ഇതുകൂടാതെ പ്രചരണം കൊഴുപ്പിക്കാൻ നിരവധിയാളുകളുമെത്തിയിരുന്നു. സ്വന്തം നാടായ മട്ടന്നൂരിലേക്ക് വല്ലപ്പോഴും വന്നു പോകുന്ന സതീഷിന് സി.പി. എമ്മിലെ ആദർശത്തിന്റെ പ്രതിരൂപമായ മറ്റൊരു മുന്മന്ത്രിയുമായിഅടുത്ത ബന്ധമുണ്ട്. ഈ മന്ത്രിയുടെ കുടുംബ സുഹൃത്തു കൂടിയാണിയാൾ. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കണ്ണൂരിലെ സി.പി. എമ്മിന്റെ വലിയ ഫണ്ടു റെയ്സർമാരിലൊരാളാണ് സതീഷ്. സി.പി. എം നടത്തുന്നവൻ ഇവന്റുകൾക്കും പണം പിന്നിൽ നിന്നും മുടക്കുന്നവരിൽ ഒരാൾ ഇയാൾ തന്നെയാണ്.

കണ്ണൂരിലെ ഉന്നത നേതാവിന്റെ ബിസിനസ് സംരഭങ്ങളിൽ സതീഷിന് പങ്കാളിത്തമുണ്ടെന്ന ആരോപണവും നേരത്തെ പാർട്ടിക്കുള്ളിൽ നിന്നുയർന്നിരുന്നു. ഈ ഉന്നത നേതാവിന്റെ ബിനാമിയെപ്പോലെയാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. കണ്ണൂരിലെ പ്രമുഖ സി.പി. എം നേതാവ് തൃശൂർ ജില്ലാസെക്രട്ടറിയായ ചുമതലയേറ്റതിനു ശേഷം നിഴൽ പോലെ നടന്നവരിൽ ഒരാൾ സതീഷാണെന്നാണ് പാർട്ടിക്കുള്ളിലെ വർത്തമാനം. ഇതിനു ശേഷം നേതാവിന്റെ മകന്റെ നാട്ടിലെയും ഗൾഫിലെയുമുള്ള ബിസിനസ്സംരഭങ്ങൾക്ക് അണിയറയിൽ നിന്നും സഹായം നൽകിയതും ഇയാളാണെന്നു പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനമുയർന്നിരുന്നു.

പാർട്ടിയിലെ ഒട്ടുമിക്ക നേതാക്കളും പാർട്ടിയെന്ന നിലയിലും അല്ലാതെയും സതീഷിൽ നിന്നും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇതുകൂടാതെ മട്ടന്നൂർ വിമാനത്താവള പരിസര പ്രദേശങ്ങളിൽ സി.പി. എം നേതാക്കൾ ബിനാമി ഇടപാടിലൂടെ ഏക്കർകണക്കിന് ഭൂമി വാങ്ങികൂട്ടിയപ്പോൾ അതിനായി ഫണ്ടിറിക്കയവരിൽ ഒരാൾ സതീഷായിരുന്നുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ ചില പ്രമുഖ സഹകരണബാങ്കുകളിൽ ഇയാൾക്ക് ബിനാമി നിക്ഷേപങ്ങളുമുണ്ട്.

അതൊക്കെ വരും ദിനങ്ങളിൽ ഇ.ഡി അന്വേഷിക്കുകയാണെങ്കിൽ കുടുങ്ങാൻ പോകുന്നത് ഉന്നത സി.പി. എം നേതാക്കളിൽ ചിലരായിരിക്കും. കരുവന്നൂരിൽ വീശിയടിച്ച ഇ.ഡി കൊടുങ്കാറ്റ് വൻനാശം വിതയ്ക്കാൻ പോകുന്നത് സി.പി. എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിലായിരിക്കും. പാർട്ടിയിൽ പിടിമുറുക്കിയ മട്ടന്നൂർ സംഘത്തിലെ നേതാക്കൾക്ക് ഈക്കാര്യത്തിൽ നെഞ്ചിടിപ്പും തുടങ്ങിയിട്ടുണ്ട്.