- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 വർഷമായിട്ടും പൊളിയാത്ത അദ്ഭുത റോഡ് നിർമ്മിച്ച മലേഷ്യൻ കമ്പനിയെ ഓടിച്ചത് വി എസ്; പതിബെൽ എന്ന വിദേശ കമ്പനിയുടെ പ്രതിനിധി ആത്മഹത്യ ചെയ്തത് കേരളം പണം കൊടുക്കാത്തതിനാൽ; 'ന്നാ താൻ കേസ് കൊട്' പറഞ്ഞതിന്റെ എത്രയോ ഇരട്ടി ഭീകരമാണ് ഈ റോഡ് മാഫിയ
കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ ഉയർത്തിവിട്ട റോഡിലെ കുഴി വിവാദങ്ങൾ ഇപ്പോഴും പുർണ്ണമായും അവസാനിച്ചിട്ടില്ല. റോഡിലെ കുഴികളുടെ പേരിൽ ഹൈക്കോടതിയിൽ നിന്നുവരെ നിശിതമായ വിമർശനം ഏറ്റുവാങ്ങിയ പൊതുമരാമത്തുകാർ ഇപ്പോൾ, ജനത്തിന്റെ കണ്ണിൽ പൊടിയിടടാനുള്ള കുഴിയടക്കൽ തന്ത്രങ്ങളിലാണ്. എത്രയോ പേരുടെ ജീവനുകൾ റോഡിലെ കുഴികളിൽ പൊലിഞ്ഞിരിക്കുന്നു. പക്ഷേ ഇതിനുള്ള ശ്വാശ്വത പരിഹാരങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കയാണ്.
കേരളത്തിൽ റോഡ് തകരാനുള്ള ഒരു കാരണമായി അധികൃതർ പറയുന്നത്, കേരളത്തിൽ പെയ്യുന്ന കനത്ത മഴയാണ്. എന്നാൽ ഏതാണ്ട് 12 മാസവും മഴ കിട്ടുന്ന മലേഷ്യയും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ റോഡ് പോളിയാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. മഴയെ അതിജീവിക്കാൻ കഴിയുന്ന റോഡുകൾ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ലോകത്ത് ഉണ്ട് എന്നത് വ്യക്തമാണ്. പല വിദേശ കമ്പനികളും കേരളത്തിൽ വന്ന് ഇത്തരം ഒന്നാന്തരം റോഡുകൾ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ ഇത്തരം കമ്പനികളെ നിരന്തരമായി ഉപദ്രവിക്കുന്ന സമീപനമാണ് എടുത്തത്. അങ്ങനെ ഒരു കമ്പനിയുടെ പ്രൊജക്റ്റ് എഞ്ചീനീയർ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതായത് നമുക്ക് ആഗോള ടെൻഡർ വിളിച്ച് ഗുണ നിലവാരമുള്ള നിർമ്മാണ കമ്പനികൾ കേരളത്തിൽ വരുന്നതിൽ യാതൊരു താൽപ്പര്യവുമില്ല. പകരം ഊരാളുങ്കൽ സൊസൈറ്റിയേപ്പോലുള്ളവർക്ക് പണിയേൽപ്പിച്ച് തടിയെടുക്കാനാണ് താൽപ്പര്യം.
മാത്രവുമല്ല വിദേശ കമ്പനികൾ, പണി നടത്തിയാൽ വർഷാവർഷം അറ്റകുറ്റപ്പണിയും മറ്റുമായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള ലോബിക്ക് കിട്ടുന്ന കോടികളും നഷ്ടമാവും. അങ്ങനെ ശരിക്കും ഒരു വെള്ളാന തന്നെയാണ് നമ്മുടെ റോഡുകൾ.
17 വർഷമായി പൊളിയാത്ത അദ്ഭുത റോഡ്
വിദേശ കമ്പനികളുടെ കാര്യക്ഷമതക്ക് ഉദാഹരണമായി, ഷോബിൻ അലക്സ് മാളിയേക്കലിനെപ്പോലുള്ള സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്, കുളപ്പുള്ളി മുതൽ പാലക്കാട് വരെ 48 കിലോമീറ്റർ റോഡാണ്. പണി കഴിഞ്ഞിട്ട് 17 വർഷങ്ങളായി ഇത് വരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല, ആ റോഡിന് ഇന്നും ഒരു കുഴപ്പവുമില്ല. അത് പണിതത് കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോൺട്രാക്ടർ മാഫിയയല്ല, ഒരു വിദേശ കമ്പനിയാണ്.
2002 നവംബർ 7 നായിരുന്നു വേൾഡ് ബാങ്ക് ഫണ്ട് ചെയ്യുന്ന 140 കോടിയുടെ റോഡ് നിർമ്മാണക്കരാർ മലേഷ്യയിലെ ആർബിഎം എന്ന കമ്പനി നേടിയത്. നന്നായി വർക് പൂർത്തീകരിച്ചാൽ കൂടുതൽ ജോലികൾ കിട്ടുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. കേരളാ സ്റ്റേറ്റ് റോഡ് പ്രോജെക്ട്സ് (കെഎസ്ടിപി) യാണ് പണിക്ക് മേൽനോട്ടം വഹിച്ചത്. 2004 ഡിസംബറിൽ ജോലി പൂർത്തീകരിക്കാനായിരുന്നു കരാർ.
കൊല്ലം തോറും പൊളിയുകയും റോഡ് പുതുക്കിപ്പണിയുകയും അതിന് വേണ്ടി കോടികൾ പൊതുഖജനാവിൽ നിന്ന് വകയിരുത്തി അടിച്ചു മാറ്റുകയും ചെയ്യുന്ന റോഡ് മാഫിയ മലേഷ്യൻ കമ്പനിയുടെ റോഡ് നിർമ്മാണം പൂർത്തിയായാൽ ഉണ്ടാകാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞു. പതിവ് പോലെ റോഡ് പൂർത്തിയായാൽ അടുത്ത ദിവസം വെട്ടിപ്പൊളിക്കുന്ന വാട്ടർ അഥോറിറ്റിക്കാരെ വെച്ച് പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചു. ഭൂമി ഏറ്റെടുത്തുകൊടുക്കുന്നതിൽ കാല താമസം വരുത്തി. മറുഭാഗത്ത് സമയത്തിന് പണി തീർക്കുന്നില്ല എന്ന പരാതി കമ്പനിക്ക് നേരെ ഉയർത്തി. ബില്ലുകൾ തടഞ്ഞു വെച്ചു. കമ്പനി പേയ്‌മെന്റിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി, ട്രിബ്യുണലിനെ സമീപിച്ചു. സർക്കാർ രണ്ടു തവണ ജോലി പൂർത്തിയാക്കാനുള്ള സമയം നീട്ടി നൽകി, പക്ഷെ സമയത്തിന് പണം കൊടുത്തില്ല.
ഇത് വേൾഡ് ബാങ്ക് ഫണ്ടാണ്. സംസ്ഥാനത്തിന് യാതൊരു ബാധ്യതയുമില്ല. സർക്കാർ ഒപ്പിട്ടു കൊടുത്താൽ മാത്രം മതി. പക്ഷെ മുഖ്യമന്ത്രി അച്യുതാന്ദൻ ചെയ്തില്ല. ഒടുക്കം 2006 ഡിസംബർ 6 ന് 80 ശതമാനം പൂർത്തിയായ പണി അവസാനിപ്പിക്കാൻ വി എസ് സർക്കാർ ഉത്തരവിറക്കി, ഇതേ കമ്പനി ചെയ്തിരുന്ന, 20 ശതമാനം പണി തീർന്ന, കുറ്റിപ്പുറം ചൂണ്ടൽ റോഡിന്റെ പണിയും സർക്കാർ മുടക്കി. കാശ് കിട്ടാനുള്ള കേസ് നടത്താൻ വേണ്ടി മാത്രം പാലക്കാട് ഒരു ഓഫീസ് പ്രവർത്തിച്ചു ആ കമ്പനി എന്നെന്നേക്കുമായി ഇന്ത്യ വിട്ടു. വിദേശ കുത്തക കമ്പനികൾ വേണ്ട, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പോലുള്ളവ മതിയെന്ന ഇടതു സർക്കാറിന്റെ അടഞ്ഞ നിലപാടാണ് ഇവിടെ വില്ലനായതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
ആത്മഹത്യ ചെയ്ത് വിദേശ കമ്പനി പ്രതിനിധി
കേരളത്തിലെ ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഇരായായി ഒരു വിദേശ കമ്പനിയുടെ പ്രതിനിധിക്ക് ജീവനും നഷ്ടമായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മോശം റോഡായിരുന്ന എംസി റോഡ് ഉൾപ്പെടെയുള്ള സ്റേറ്റ് ഹൈവേകൾക്ക് ശാപമോക്ഷം നൽകാൻ 2002ലാണ് സർക്കാർ തീരുമാനിക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 336 ദശലക്ഷം ഡോളറിന്റെ റോഡ് നവീകരണമാണ് പദ്ധതിയിട്ടത്. ടെണ്ടർ ക്ഷണിച്ചു. പതി എന്ന മലേഷ്യൻ കമ്പനിയും ഭഗീരഥ എന്ന ഇന്ത്യൻ കമ്പനിയും ചേർന്ന പതിബെൽ എന്ന കമ്പനിക്കാണ് ടെണ്ടർ കിട്ടിയത്. ഇന്ത്യയിലെ പതിബെല്ലിന്റെ റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടത് ഇന്ത്യൻ ബ്യൂറോക്രസിയെപ്പറ്റി കേട്ടറിവുപോലുമില്ലാത്ത ഒരു പാവം മലേഷ്യക്കാരനായിരുന്നു. ലീ സീ ബീൻ എന്നായിരുന്നു അയാളുടെ പേര്. തന്നെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കരാളഹസ്തങ്ങളെക്കുറിച്ച് ലീ എന്ന 58 കാരൻ ഒന്നും അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മലേഷ്യൻ പത്രങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
1600 കിമീ. ദൂരം വരുന്ന ഹൈവേകളാണ് വേൾഡ് ബാങ്കുമായുള്ള കരാറിൽ പെടുത്തിയിരുന്നതെങ്കിലും, 129 കി.മീ. വരുന്ന എംസി റോഡാണ് പതിബെലിന് നവീകരിക്കേണ്ടിയിരുന്നത്. 216 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പണി തുടങ്ങുന്നതിനു മുമ്പുതന്നെ 30 ശതമാനം ഭൂമി ഏറ്റെടുക്കണമെന്നാണ് വേൾഡ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊതുമരാമത്തു വകുപ്പ് ഒരേക്കർ ഭൂമിപോലും ഏറ്റെടുക്കാതെ പതിബെലിനോട് റോഡ് പണി തുടങ്ങാൻ ആവശ്യപ്പെട്ടു.
ലീ യുടെ കാളരാത്രികൾക്ക് അതോടെ തുടക്കമായി. ഓരോ ദിവസവും വിവിധ സർക്കാർ ഓഫീസുകളുടെ വരാന്ത കയറിയിറങ്ങാനായി, ആ മലേഷ്യക്കാരൻ എഞ്ചീനീയറുടെ യോഗം. പൂർത്തിയായ ജോലികളുടെ ബിൽ തുക പോലും അനുവദിക്കാതെ ഉദ്യോഗസ്ഥർ ലീയെ വട്ടംകറക്കി. പുച്ഛവും അഹങ്കാരവും താൻപോരിമയും നിറഞ്ഞ ബ്യൂറോക്രസിയുടെ തോന്ന്യാസങ്ങൾ ലീയെ തളർത്തി. ഉദ്യോഗസ്ഥർ സ്ഥലം ഏറ്റെടുക്കാതെ ജോലികൾ താമസിപ്പിച്ചതിന്റെ ഉത്തരവാദിത്വം കൂടി ലീയുടെ തലയിലായി.
ഇതിനിടെ, പതിബെലിന് നിർമ്മാണകരാർ നൽകിയതിനെതിരെ പൊതുമരാമത്ത് മന്ത്രിമാർ തമ്മിൽ യുദ്ധം നുടക്കുന്നുണ്ടായിരുന്നു. മുനീർ മന്ത്രിയായ കാലത്താണ് കരാർ നൽകിയതെന്ന് തോമസ് ഐസക്കും, തനിക്കു മുമ്പുണ്ടായിരുന്ന എൽഡിഎഫ് സർക്കാരാണ് കരാർ എഴുതിയുണ്ടാക്കിയതെന്ന് മുനീറും പരസ്പരം ആരോപിച്ചു. മലയാള പത്രങ്ങൾ വായിക്കാനറിയാത്ത ലീ, ഇതൊന്നുമറിയാതെ പൂർത്തിയാക്കിയ ജോലിയുടെ ബിൽതുകയായ 16 കോടിക്കായി സംസ്ഥാന സർക്കാരിലെ ഏമാന്മാരുടെ മുന്നിൽ കെഞ്ചിനടന്നു. വേതനം ലഭിക്കാതെ വന്നപ്പോൾ ജീവനക്കാർ ലീയെ ദേഹോപദ്രവം ചെയ്യുമെന്ന സ്ഥിതി വന്നു. മാറി മാറി ഭരിച്ചവരും, ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടു. മാനസിക വിഭ്രാന്തിയുടെ വക്കോളമെത്തിയ ലീ മനസമാധാനത്തിനായി പുട്ടപർത്തിയിൽ പലതവണ പോയി സായിബാബയോട് സാന്ത്വനം തേടി.
ക്വാലലംപൂരിലെ കമ്പനി ഓഫീസിൽ ചർച്ചയ്ക്കായി പോയ ലീ, 2006 നവംബർ 17ന് ഭാര്യയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. തുടർന്ന് അയാൾ വീടിനടുത്തുള്ള പാർക്കിൽ കെട്ടിത്തൂങ്ങി മരിച്ചു. നമ്മുടെ റോഡിന്റെ പുനരുദ്ധാരണത്തിനായി ജീവിതം ദാനം ചെയ്ത ലീയുടെ മരണം കേരളത്തിൽ ഒരു ചലനവും സൃഷ്ട്ടിച്ചില്ല. ഒരു ചെറിയ വാർത്തയിൽ ഇത് ഒതുങ്ങി. പിന്നീട് മനുഷ്യവകാശ പ്രവർത്തകരും, ആക്റ്റീവിസ്റ്റുകളും ഇടപെട്ടതോടെയാണ് ഈ മരണം വിവാദമായത്. പിന്നീട് ഈ വാർത്ത മലേഷ്യൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇനി ഒരു കമ്പനിയും ഇങ്ങോട്ട് വരാത്ത രീതിയിൽ കേരളം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നാടായി കുപ്രസിദ്ധമായി.
1600 കോടിക്ക് പൂർത്തിയാകുമെന്ന് കരുതപ്പെട്ട എംസിറോഡ് നവീകരിച്ചു തീരുമ്പോൾ കേരളത്തിന് 3000 കോടിയായി. അതിന് കാരണമായി സർക്കാർ തന്നെ ഏർപ്പെടുത്തിയ പാരീസ് ആസ്ഥാനമായ ബിസിഇഒഎം എന്ന ഏജൻസിയുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ' എല്ലാ കാലതാമസത്തിനും കാരണം സർക്കാരാണ്, ഇവിടുത്തെ ബ്യൂറോക്രസിയാണ്.''.അങ്കമാലി മുതൽ മൂവാറ്റുപുഴ വരെയുള്ള എംസി റോഡിന്റെ ഭാഗം 30 കിമീ, പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ തൊടുപുഴ-മൂവാറ്റുപുഴ സ്ട്രെച്ച് 17 കിമീ. എന്നിവയുടെ പണി തീർന്നിട്ട് 15 വർഷങ്ങൾക്ക് മുകളിലായി. ഇത് വരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഇതും പതിബെൽ ചെയ്തതാണ്. മഴയും പ്രളയവും വന്നിട്ടും, പൊളിയാത്ത റോഡ് നമ്മുടെ കേരളത്തിൽ നിർമ്മിക്കാമെന്നിരിക്കെ, ആ ടെക്‌നോളജി എന്താണെന്ന് പഠിക്കാൻ നാം ശ്രമിച്ചിട്ടില്ല. കൊല്ലംതോറും കുഴിയടച്ച് മുന്നേറാൻ ആണ് നാം ശ്രമിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ