മാവേലിക്കര: മാവേലിക്കര കോടതി ജംഗ്ഷനിൽ തെരുവ് നായയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. മൂർച്ച ഏറിയ നീളം ഉള്ള ആയുധം കൊണ്ടാണ് ആക്രമണം. പ്രദേശത്തെ തെരുവിൽ കഴിഞ്ഞ കുറച്ച് നാളുകൾ ആയി കാണപ്പെടുന്ന നായയ്ക്കാണ് മാരക മുറിവേറ്റത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നായയെ വെട്ടി കൊലപാതകത്തിൽ പരിശീലനം നേടുന്ന തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. മുൻപ് ഉണ്ടായ സംഭവങ്ങൾക്ക് സമാനമായ രീതിയിൽ ആണ് നായക്ക് വെട്ട് ഏറ്റിരിക്കുന്നത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മാവേലിക്കര പൊലീസിൽ പരാതി നൽകി.

സംഭവം അറിഞ്ഞ് എത്തിയ മാവേലിക്കര അനിമൽ ലവർസ് കൂട്ടായ്മയുടെയും അഭിഭാഷകരുടെയും സഹായത്താൽ മാവേലിക്കര സീനിയർ വെറ്റിനറി സർജൻ മായാ ശിവറാമിന്റെ നേതൃത്വത്തിൽ നായക്ക് പ്രാഥമിക ചികിൽസ നൽകുകയും തുടർ ചികിൽസക്കായി വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.



ആനിമൽ ലവർസ് കൂട്ടായ്മയുടെ പ്രവർത്തകരായ നിബു ജോൺ,ജയകുമാരി, അഭിഭാഷകരായ അഡ്വ.ശ്രീപ്രിയ, അഡ്വ.ഉമ വർമ്മ, അഡ്വ.ഷിനു ഷാജി,സൂസൺ റെജിഎന്നിവർ രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകി.

നേരത്തെ പന്തളത്ത് തെരുവു നായകൾ വെട്ടേറ്റനിലയിൽ അലയുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. തുമ്പമൺ, കടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലുമാണ് തെരുവുനായകളുടെ ചെവി, കഴുത്ത്, വയറ് എന്നിവിടങ്ങളിൽ വെട്ടേറ്റ നിലയിൽ കാണപ്പെട്ടത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയ രീതിയിലാണ് മുറിവുകൾ കാണപ്പെടുന്നത്. ഇത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു. ഇത്തരം സംഭവങ്ങളിൽ മുറിവുകൾ വ്രണമായി മാറുകയും അവശനിലയിലായി നായകൾ ചത്തൊടുങ്ങുന്നതായാണ് കണ്ടുവരുന്നത്. ചില തീവ്രവാദ സംഘടനകൾ നായകളെയും മറ്റും വെട്ടിപ്പരിക്കേൽപ്പിച്ച് ആയുധപരിശീലനം നടത്തുന്നതായും വാർത്തകൾ വന്നിരുന്നു. സമാനമായ സംഭവമാണോ മാവേലിക്കരയിൽ അരങ്ങേറിയതെന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.