ബഹ്‌റൈച്ച്: ശാസിച്ചതിന്റെ പേരിൽ അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ വിദ്യാർത്ഥികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ക്ലാസ് മുറിയിൽ മൊബൈൽ കൊണ്ടുവന്നതിനാണ് അധ്യാപകൻ വിദ്യാർത്ഥികളെ ശാസിച്ചത്. രാജേന്ദ്ര പ്രസാദ് വർമ എന്ന 54കാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്.

ക്ലാസ് മുറിയിൽ നിരന്തരമായുള്ള വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽപെട്ട അധ്യാപകൻ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിച്ചതിന്റെ പ്രതികാരമായാണ് അക്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിലാണ്.

ബഹ്‌റൈച്ചിലെ സ്വകാര്യ സ്കൂളിലെ ക്ലാസ് മുറിയിലാണ് അധ്യാപകനെതിരെ അക്രമമുണ്ടായത്. സംഭവം നേരിൽ കണ്ട കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ അധ്യാപകനെ ആക്രമിച്ച കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്ലസ് 1 വിദ്യാർത്ഥികളേയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനെയാണ് വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചത്. വ്യാഴാഴ്ച ക്ലാസിൽ ഹാജർ എടുക്കുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്.

ഹാജർ എടുക്കുന്ന സമയം അദ്ധ്യാപകൻ ക്ലാസ് മുറിയിൽ കസേരയിൽ ഇരിക്കുന്ന സമയമാണ് വിദ്യാർത്ഥികളുടെ അക്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ അരികിലേക്ക് എത്തിയ വിദ്യാർത്ഥി പിന്നിൽ നിന്നാണ് ആക്രമിച്ചത്. ആക്രമത്തിൽ അധ്യാപകന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജില്ലാ മെഡിക്കൽ കോളേജിലാണ് അധ്യാപകനെ പ്രവേശിപ്പിച്ചത്.

മൂന്ന് പേർ ചേർന്നാണ് ആക്രമം അഴിച്ചു വിട്ടതെന്ന് അദ്ധ്യാപകൻ പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിച്ച അധ്യാപകനെ തലയിൽ അടിച്ച ശേഷമാണ് വിദ്യാർത്ഥികൾ കുത്തി പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറയുന്നു. വിദ്യാർത്ഥികൾ ആക്രമിക്കാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.