- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുണിഫോമിൽ വിദ്യാർത്ഥികൾ കള്ളുഷാപ്പിൽ; സമൂഹമാധ്യമത്തിലെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി എക്‌സൈസ് വകുപ്പ്; ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ; എക്സൈസിന്റെ നടപടി 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്ന അബ്കാരി നിയമപ്രകാരം; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാനും നീക്കം
കോതമംഗലം: യൂണിഫോമിൽ വിദ്യാർത്ഥികൾ കള്ളുഷാപ്പിൽ എത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് എക്‌സൈസ്. കോതമംഗലം തങ്കളം ബൈപാസിലെ ഷാപ്പിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് അഖികൃതരുടെ നടപടി.ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ.എക്‌സൈസ് റേഞ്ച് അധികൃതരാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കേസെടുത്തത്. ഷാപ്പ് ലൈസൻസിക്കെതിരേയും കേസുണ്ട്.
കള്ളുഷാപ്പിൽനിന്ന് വിദ്യാർത്ഥികൾ യൂണിഫോമിൽ പുറത്തേക്ക് പോകുന്നതാണ് വീഡിയോ ദൃശ്യം.ചൊവ്വാഴ്ച എക്‌സൈസ് അധികൃതർ ഷാപ്പ് പരിശോധിക്കുകയും ജീവനക്കാരനായ വടാട്ടുപാറ സ്വദേശി ബിൻസു കുര്യാക്കോസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.വിദ്യാർത്ഥികൾ ഷാപ്പിൽനിന്ന് ഇറങ്ങി ഇരുചക്രവാഹനത്തിൽ പോകുന്നതുവരെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
23 വയസ്സിൽ താഴെയുള്ളവർക്ക് കള്ളോ മറ്റ് മദ്യമോ നൽകാൻ പാടില്ലെന്നാണ് അബ്കാരി നിയമം. ഇത് ലംഘിച്ചതിനാണ് നടപടി. ബാറുകളിലെ പോലെ റസ്റ്റോറന്റും ചേർന്നാണ് ഷാപ്പ് പ്രവർത്തിക്കുന്നത്.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ എക്‌സൈസ് കമ്മിഷണർ ഉൾപ്പെടെ ഇടപെട്ടിരുന്നു. തുടരന്വേഷണത്തിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. ഷാപ്പിൽ സി.സി.ടി.വി. സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമായിരുന്നു.
കുട്ടികൾക്ക് കള്ള് നൽകിയിട്ടില്ലെന്നാണ് ജീവനക്കാരന്റെ മൊഴി. കള്ള് നൽകുന്നതിന്റെയോ കുടിക്കുന്നതിന്റെയോ തെളിവ് ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. വിദ്യാർത്ഥികൾ ഏത് സ്ഥാപനത്തിൽനിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ച ആൾക്കെതിരേയും നടപടിയുണ്ടായേക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ആർ. ഹീറോഷ്, എഎസ്ഐ. എം.കെ. റെജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ