ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി പൊലീസ്. കുട്ടികളുമായി സഞ്ചരിച്ച ബൈക്ക് ഉത്തർ കന്നഡ ജില്ലയിലെ ജോയ്ഡയിൽ വെച്ച് അപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് സമയോചിതമായ ഇടപെടലിലൂടെ പൊലീസ് ഇവരെ രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി സ്വദേശിയായ മുഹമ്മദ് കരീം പൊലീസ് കസ്റ്റഡിയിലാണ്.

ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ് ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് വിദ്യാർത്ഥികൾ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അമ്പത് വയസ്സിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോകുന്നത് വ്യക്തമായിരുന്നു.

അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെ, ഏകദേശം രണ്ടര മണിക്കൂറിന് ശേഷം ജോയ്ഡയിൽ രണ്ട് കുട്ടികളുമായി സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് കാണാതായ കുട്ടികളെ തിരിച്ചറിയുകയായിരുന്നു. ബൈക്കിൽ നിന്ന് വീണപ്പോൾ കുട്ടികൾക്ക് നേരിയ പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കരീം എന്തിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഇതുവരെ വ്യക്തമല്ല. ആരോഗ്യനില മെച്ചപ്പെട്ടാൽ ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.