തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് എന്താണ് എന്നതിലാണ് അന്വേഷണം ശക്തമാക്കുന്നത്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തിൽ അടക്കം വിശദമായ അന്വേഷണം നടത്തും.

ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം ശക്തമായിരുന്നത്. അധിക്ഷേപ കമന്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല.

മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തലസ്ഥാനത്തെ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നു.