കലവൂര്‍: കൊച്ചി സ്വദേശി സുഭദ്രയുടെ മരണത്തില്‍ പ്രതികളെന്നു സംശയിക്കുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസിന്റെയും ശര്‍മിളയുടെയും വിവാഹം ഉള്‍പ്പെടെ നിരവധി ദുരൂഹതകള്‍. മദ്യപിച്ചു വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്ന മാത്യൂസിനു നാട്ടില്‍ നിന്നു വിവാഹം ശരിയാകാതിരുന്നപ്പോഴാണ് ഉഡുപ്പി സ്വദേശി ശര്‍മിളയുടെ കല്യോണാലോചന എത്തിയത്. എറണാകുളത്തെ അനാഥാലയത്തിലെ അന്തേവാസിയാണു ശര്‍മിളയെന്നാണു പറഞ്ഞിരുന്നത്. മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹത്തിനു മുന്‍പേ ശര്‍മിള സുഭദ്രയുടെ പക്കല്‍ നിന്നു പണം കടം വാങ്ങിയിരുന്നെന്നാണു സൂചന. മാത്യൂസും ശര്‍മിളയുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്ത സുഭദ്ര കൊല്ലപ്പെട്ട വിവരം ഞെട്ടലോടെയാണു കലവൂര്‍ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസിന്റെ കുടുംബം കേള്‍ക്കുന്നത്.

നാലു വര്‍ഷം മുന്‍പാണു മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹം. ആ സമയത്താണ് മാത്യൂസിന്റെ മാതാപിതാക്കള്‍ ആദ്യമായി സുഭദ്രയെ കാണുന്നത്. തന്റെ ആന്റിയാണെന്നു പറഞ്ഞാണു ശര്‍മിള സുഭദ്രയെ പരിചയപ്പെടുത്തിയത്. സന്യാസിനിയായ മകള്‍ വഴിയാണ് ഈ ആലോചന എത്തിയതെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് മാത്യൂസിന്റെ ബന്ധുക്കള്‍ ഉഡുപ്പിയില്‍ ശര്‍മിളയുടെ ബന്ധുവീടുകളില്‍ പോയിരുന്നു. സുഭദ്രയും ഒപ്പമുണ്ടായിരുന്നു. ഭാഷ അറിയാത്തതിനാല്‍ സുഭദ്രയാണ് അവരോടെല്ലാം സംസാരിച്ചത്. കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ശര്‍മിളയുടെ ബന്ധുവായി സുഭദ്ര മാത്രമാണു പങ്കെടുത്തത്.

വിവാഹശേഷം മാത്യൂസിന്റെ വീട്ടില്‍ താമസം തുടങ്ങി. ശര്‍മിളയും മദ്യത്തിന് അടിമയായിരുന്നുവെന്നു മാത്യൂസിന്റെ അമ്മ പറയുന്നു. മദ്യപിച്ചു ദമ്പതികള്‍ വഴക്കിടുന്നതു പതിവായി. ശല്യം സഹിക്കാനാവാതെ മാത്യൂസിന്റെ പിതാവ് മണ്ണഞ്ചേരി പൊലീസില്‍ പലതവണ പരാതി നല്‍കി. ഇതോടെ ഇവര്‍ വീടു മാറി. അവിടേയും അടിയും വഴക്കുമായി. തര്‍ക്കത്തിനിടെ മാത്യൂസിന്റെ വലതുകയ്യില്‍ വെട്ടേറ്റു മൂന്നു ഞരമ്പുകള്‍ മുറിഞ്ഞു. ആശുപത്രി വിട്ട ശേഷം കുറച്ചുനാള്‍ മാത്യൂസും ശര്‍മിളയും കുടുംബവീട്ടില്‍ കഴിഞ്ഞു. വീണ്ടും വഴക്കുണ്ടാക്കി.

മാത്യൂസ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാല മോഷണക്കേസില്‍ പ്രതിയായിട്ടുണ്ട്. വീടിനു സമീപത്തു റോഡരികില്‍ നിന്നു വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിലാണു പിടിയിലായത്. ആ സ്ത്രീക്കു നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. മത്സ്യത്തൊഴിലാളിയായ മാത്യൂസ് ഇടയ്ക്കു നാട്ടില്‍ കൂലിപ്പണിക്കും പോയിരുന്നു. സുഭദ്രയെ ഇവര്‍ കൊലപ്പെടുത്തിയതു സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനായിരുന്നെന്നു സൂചന. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കാറുള്ള സുഭദ്രയുടെ മൃതദേഹത്തില്‍ പക്ഷേ, ആഭരണങ്ങള്‍ ഇല്ലായിരുന്നു. മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉഡുപ്പിയില്‍ ശര്‍മിളയെന്നു സംശയിക്കുന്ന സ്ത്രീ ഒറ്റയ്ക്കാണു സ്വര്‍ണം പണയം വയ്ക്കാനെത്തിയത്. ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ശര്‍മിള തനിച്ചെത്തി സ്വര്‍ണം പണയംവച്ചതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. സുഭദ്ര പലര്‍ക്കും പണം കടം കൊടുക്കുമായിരുന്നു. അടുത്ത കൂട്ടുകാരിക്കു വനിതാ ഹോസ്റ്റല്‍ നടത്താന്‍ പണം കടം കൊടുത്തിരുന്നു. ഈ ഹോസ്റ്റലില്‍ താമസിക്കവെയാണു ശര്‍മിളയെ പരിചയപ്പെടുന്നതും അടുക്കുന്നതും. ശര്‍മിളയുടെ വിവാഹശേഷവും ഈ ബന്ധം തുടരുകയായിരുന്നു.

കടം വാങ്ങിയ പണം തിരികെ നല്‍കണമെന്നു സുഭദ്ര ആവശ്യപ്പെട്ടത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. എന്നാല്‍ പതിയെ ഇരുവരും പഴയതു പോലെ അടുത്തു. അതിനിടെയാണു സുഭദ്ര കോര്‍ത്തുശേരിയിലെത്തിയതും കൊല്ലപ്പെട്ടതും. സ്ഥിരമായി മദ്യപിക്കുന്ന മാത്യൂസും ശര്‍മിളയും വലിയ വരുമാനമുണ്ടായിരുന്നവരല്ല. കൂലിപ്പണിക്കും മീന്‍പിടിക്കാനും പോയിരുന്ന മാത്യൂസ് പലപ്പോഴും ജോലിക്കു പോകാറില്ലായിരുന്നു.