കണ്ണൂർ: തങ്ങളുടെ ജീവിതത്തിൽ കരടായി മാറിയ കാമുകിയെ ഒഴിവാക്കാൻ സുജയിയും ഭാര്യ രേഷ്മയും നടത്തിയത് ആസൂത്രിതമായ കൊലപാതകം. സുഭലക്ഷ്മിയെന്ന പതിനെട്ടുവയസുകാരിയെ ഇല്ലാതാക്കാൻ തന്ത്രപരമായാണ് ഇവർ കരുക്കൾ നീക്കിയത്. എന്നാൽ കൊലനടത്താൻ കഴിഞ്ഞെങ്കിലും തങ്ങളിലേക്ക് പൊലിസ് അന്വേഷണമെത്തിയതൊടെയാണ് ഉള്ളതെല്ലാം വാരിപ്പെറുക്കി ഇവർ കേരളത്തിലേക്ക് മുങ്ങിയത്.

രണ്ടാംവർഷ ബികോം വിദ്യാർത്ഥിനിയെ അരും കൊലചെയ്തു നാടുവിട്ടു യുവാവും എട്ടു മാസം ഗർഭിണിയായ ഭാര്യയും പൊലിസിന്റെ കണ്ണുവെട്ടിച്ചു ചീറിപ്പാഞ്ഞത് തമിഴ് ആക്ഷൻ സിനിമയെ അനുസ്മരിക്കും വിധത്തിലാണ്. തമിഴ്‌നാട്, കേരള പൊലിസ് സംയുക്തമായി നടത്തിയ വിദഗ്ദ്ധമായ നീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്.

പൊള്ളാച്ചി മഹാലിംഗപുരത്തെ കെ.ജെ അപ്പാർട്ട്മെന്റിലെ കുമാരന്റെ മകൻ സുജയ്(32) ഭാര്യ കോട്ടയം സ്വദേശിനി രേഷ്മ(25) എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. സുജയും രേഷ്മയും തമ്മിലുള്ള വിവാഹം പത്തുമാസം മുൻപാണ് നടന്നത്. തുടർന്ന് സന്തോഷകരമായി ജീവിക്കുന്നതിനിടെയാണ് സുജയിയുടെ ആദ്യകാമുകി കോയമ്പത്തൂർ എടയപ്പാളയത്തെ രാജന്റെയും ഗാന്ധിമതിയുടെ മകളുമായ സുഭലക്ഷ്മി(18) ഭീഷണിയും ശല്യവുമായെത്തിയത്. ഇരുവരെയും ജീവിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് കാമുകി ഇവരുടെ ഫ്ളാറ്റിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇരുവരെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കാമുകി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാൻ വയ്യാത്തതിനെ തുടർന്ന് ഇരുവരും ചേർന്നു യുവതിയെ ഫ്ളാറ്റിൽപ്രശ്നം ഒത്തുതീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബികോം രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സുഭലക്ഷ്മി. സുജയിയുടെ ഫ്ളാറ്റിൽവച്ചാണ് സുഭലക്ഷ്മിയെ അഞ്ചുതവണ കഴുത്തിൽ കുത്തി കൊന്നത്.

അയൽവാസികളാണ് പൊലിസിനെ വിവരം അറിയിച്ചത്. മഹാലിംഗം പൊലിസ് കേസന്വേഷണവുമായി ബന്ധപ്പെട്ടു ദമ്പതികൾക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. രേഷ്മയും സുജയിയും മലയാളികളായതിനാൽ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ തമിഴ്‌നാട് പൊലിസ് കേരളാ പൊലിസിന് വിവരം കൈമാറുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ ഇവർ കണ്ണൂരിലുണ്ടെന്നു മനസിലാക്കിയ പൊലിസ് ഇവർ സഞ്ചരിച്ച ബൈക്ക് സി.സി.ടി.വിയുടെ സഹായത്തോടെ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തുകയായിരുന്നു.

ചാല ബൈപ്പാസ്, കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ്, ജെ. എസ് പോൾ കോർണർ, മുനീശ്വരൻ കോവിൽ , റെയിൽവെ സ്റ്റേഷൻതുടങ്ങിയ റോഡുകളിലും ഇവർ താമസിക്കാൻ സാധ്യതയുള്ള ലോഡ്ജുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും പൊലിസ് തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് വ്യാഴാഴ്‌ച്ച പുലർച്ചെ ഇവർ സഞ്ചരിച്ച ബൈക്ക് റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള ഗ്രീൻപാർക്ക് ലോഡ്ജ്് പരിസരത്ത് കണ്ടെത്തുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരോട് ബൈക്കിലെത്തിയവർ ഇവിടെയുണ്ടോയെന്നു പൊലിസ് അന്വേഷിച്ചപ്പോൾ ഉണ്ടെന്ന മറുപടിയാണ് നൽകിയത്. ഇരുന്നൂറ്റി അഞ്ചാം മുറിയിൽ പൊലീസ് മുട്ടിവിളിച്ചപ്പോൾ ഇരുവരം വാതിൽ തുറന്ന് പുറത്തുവരികയായിരുന്നു. തുടർന്ന് ടൗൺ സി. ഐയും സംഘവും മഹാലിംഗ പുരത്തു നിന്നുവന്ന പൊലിസ് എസ്. ഐമാരായ ഗണേശ് മൂർത്തി, നാഗരാജ് തുടങ്ങിയ സംഘത്തിന് ഇവരെ കൈമാറുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയും കൂട്ടി മഹാലിംഗം പൊലിസ് കോയമ്പത്തൂരിലേക്ക് വൈകുന്നേരത്തോടെ മടങ്ങി.