തൃശൂർ: ദക്ഷിണേന്ത്യയിലെ എംഡിഎംഎ കച്ചവടത്തിലെ വമ്പനെ തൃശ്ശൂർ പൊലീസ് പിടികൂടി. തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്ത് സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്നയാളെയാണ്. ഇയാളോടൊപ്പം താമസിച്ചിരുന്ന ഫലസ്തീൻ സ്വദേശി ഹസൈൻ (29) എന്നയാളെയും പൊലീസ് പിടികൂടി. ബംഗളുരു മയക്കുമരുന്നു അധോലോകത്തിൽ ഡോൺ എന്ന വിധത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഫാരിസ് മൊക്തർ ബാബികർ അലി. അതുകൊണ്ട് തന്നെ കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബിഗ് ക്യാച്ചാണ്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും അതിമാരക മയക്കുമരുന്ന് എത്തിക്കുന്നത് ഈ സംഘമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബാംഗ്ലൂർനഗരത്തിൽ യലഹങ്ക ആസ്ഥാനമാക്കിയാണ് ഈ അധോലക സംഘത്തിന്റെ പ്രവർത്തനം. ഇയാളിൽ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഫലസ്തീൻ സ്വദേശിയേയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികൾക്കായി ബാംഗ്ലൂർ പൊലീസിന് കൈമാറിയെന്ന് കേരള പൊലീസ് അറിയിച്ചു.

2022 മെയ് മാസത്തിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ (26) എന്നയാളെ പിടികൂടിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട അന്വേഷണമാണ് വമ്പൻ സ്രാവിലേക്ക് എത്തിയത്. ചാവക്കാട്, കുന്നംകുളം മേഖലകളിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ ലഹരിവിരുദ്ധ സ്‌ക്വാഡ് പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിൽ, ഇയാൾക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാൻ സ്വദേശിയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. തുടർന്ന് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാൻ സ്വദേശിയെ ബാംഗ്ലൂർ യലഹങ്കയിൽ വെച്ച് പിടികൂടിയത്.

ഇയാൾ ഇതിനുമുമ്പും പലതവണ വിദേശത്തു നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി, വിതരണം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി 7 വർഷം മുമ്പാണ് സുഡാനിൽ നിന്നും ഇയാൾ ഇന്ത്യയിലെത്തിയത്. ഇതിനുശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചില്ലറ വിൽപ്പനക്കാരേയും ഇതിനുമുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നവരേയും, മൊത്തക്കച്ചവടം നടത്തുന്നവരേയും പിടികൂടുന്നത് അപൂർവ്വമാണ്.

അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട എംഡിഎംഎ വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനികളെയാണ് ഇപ്പോൾ തൃശൂർ സിറ്റി പൊലീസ് പിടികൂടിയിരിക്കുന്നത്. മയക്കുമരുന്ന് സംഘത്തെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ നിരവധി തവണ ബാംഗ്ലൂർ സന്ദർശിച്ചും, അവിടെ ക്യാമ്പ് ചെയ്തും അന്വേഷണം നടത്തുകയുണ്ടായി. ഇതിന് ബാംഗ്ലൂർ പൊലീസിന്റെ സഹകരണവുമുണ്ടായിരുന്നു.

അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബാംഗ്ലൂർ പൊലീസിൽ നിന്നും അറിവായതെന്ന് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരവധി മലയാളി വിദ്യാർത്ഥികളും, ചെറുപ്പക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി മലയാളികൾ ബാംഗ്ലൂർ ജയിലിൽ കഴിയുന്നുണ്ടെന്നും ബാംഗ്ലൂർ പൊലീസ് വെളിപ്പെടുത്തിയെന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്.