ആലപ്പുഴ: ഈ കേസ് കേരളാ പൊലീസിലെ അഴിമതിക്കാർക്ക് പാഠമാകണം. പ്രതിയുമായി ഉടക്കിയാൽ പിന്നെ ഒത്തുകളിക്കുന്നവർക്ക് പണി കിട്ടും. അടിപിടിക്കേസിൽ പിടിച്ചെടുത്ത വാൾ രേഖകളിൽപ്പെടുത്താതെ പ്രതിക്കു ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുധിലാലിനെ സസ്‌പെൻഡ് ചെയ്തത് ഇതു വരെ കേട്ടു കേൾവിയില്ലാത്ത തട്ടിപ്പിന്റെ പേരിലാണ്. അന്വേഷണമികവിന് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയ ഉദ്യോഗസ്ഥനാണ് ഇയാൾ. ഒക്ടോബർ അഞ്ചിനാണ് ഈ ബഹുമതി ലഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ ജോലിയിൽ നിന്ന് സസ്‌പെൻഷനും.

കേസിൽപെട്ട പ്രതിയുടെ പരാതിയാണ് നിർണ്ണായകമായത്. ഈ പ്രതിയെ ഈ പൊലീസുകാരൻ രക്ഷിച്ചുവെന്നതാണ് വിചിത്രം. ജയിലിൽ പോകേണ്ട പ്രതിയെ വീട്ടിൽ വിട്ടതാണ് പ്രധാന കുറ്റം. ഇവിടെ പരാതിക്കാരൻ സാഹായം കൈപ്പറ്റിയ പ്രതിയും. അങ്ങനെ അടിമുടി വിചിത്രമാണ് ഈ കേസ്. പിടിച്ചെടുത്ത വാൾ കോടതിയിൽ ഹാജരാക്കാതെ ആ വാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുന്നതായി ആരോപിച്ച് പ്രതി വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഹരിപ്പാട് കുമാരപുരം സ്വദേശിയാണു പ്രതി. വാൾ കോടതിയിൽ ഹാജരാക്കിയിരുന്നുവെങ്കിൽ പ്രതി ഇപ്പോഴും അകത്തു കിടന്നേനെ.

പരാതി കിട്ടിയതിനെ തുടർന്ന് വിജിലൻസ് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽനിന്നു വാൾ പിടിച്ചെടുത്തത്. ഡിവൈ.എസ്‌പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലൻസിന്റെ ശുപാർശപ്രകാരമാണു സുധിലാലിനെ സസ്പെൻഡ് ചെയ്തത്. സ്റ്റേഷനിൽ കണ്ട വാൾ എന്തുകൊണ്ട് കോടതിയിൽ ഹാജരാക്കിയില്ലെന്ന ചോദ്യമാണ് സുധിലാലിന് വിനയായത്. കൊടും ക്രിമിനലാണ് അന്വേഷണ മികവിന് മെഡൽ കിട്ടിയ പൊലീസ് ഓഫീസറെ അഴിമതിക്കാരനാക്കി മാറ്റി സസ്‌പെൻഷൻ വാങ്ങി കൊടുക്കുന്നത്.

രണ്ടുമാസംമുമ്പ് നങ്ങ്യാർകുളങ്ങരയ്ക്കു സമീപം തമിഴ്‌നാട് സ്വദേശികളായ സഞ്ചാരികളുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കുമാരപുരം സ്വദേശിയിൽനിന്നു കരീലക്കുളങ്ങര പൊലീസ് വാൾ പിടിച്ചെടുത്തത്. രാജാക്കന്മാർ ഉപയോഗിച്ചിരുന്നതു പോലുള്ള വലിയവാളാണ്. ഇതു കേസിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയാൽ പ്രതിക്ക് ജാമ്യംകിട്ടാൻ സാധ്യത കുറവാണ്. അതിനാൽ, വാൾ ഉൾപ്പെടുത്താതെ പ്രതിക്കു സ്റ്റേഷൻജാമ്യം നൽകി വിടുകയായിരുന്നു. ഇതേ പ്രതിക്കെതിരേ മറ്റൊരു സംഭവത്തിൽ വധശ്രമത്തിനു കേസെടുത്തെങ്കിലും പിന്നീട്, വകുപ്പുകളിൽ ഇളവുവരുത്തി ജാമ്യത്തിൽവിട്ടു.

രണ്ടുകേസിലും എസ്.എച്ച്.ഒ. പണം വാങ്ങിയെന്നും പിന്നീട്, പൊലീസിന്റെ കൈയിലുള്ള വാളിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണെന്നുമാണു പ്രതി വിജിലൻസിനെ അറിയിച്ചത്. പണത്തിനുവേണ്ടി അധികാരദുർവിനിയോഗം നടത്തിയെന്ന കുറ്റമാണു വിജിലൻസ് സുധിലാലിനെതിരേ ചുമത്തിയിരിക്കുന്നത്.

സുനിൽ കുമാർ, പ്രശാന്ത്, സത്യപ്രഭ, ബിജിമോൻ, സാബു, റജി എന്നീ പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ വ്യവസായകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ ഷെഫിനും കരീലക്കുളങ്ങര സ്റ്റേഷനിൽ പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.