- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാമുകന് അല്പായുസ്സെന്ന് ജ്യോത്സ്യൻ'; വിവാഹതടസ്സം നീക്കാൻ വീട്ടിൽ പൂജകൾ നടക്കുമ്പോൾ മുറിയിൽ കയറി വാതിലടച്ചു; ജാതകപ്പൊരുത്തം വില്ലനായതോടെ എംബിഎക്കാരി ജീവനൊടുക്കി

ബെംഗളൂരു: വിവാഹം കഴിക്കാൻ പോകുന്ന യുവാവിന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടലോടെ ബന്ധുക്കൾ. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽ താമസിക്കുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) മരിച്ചത്. പ്രണയവിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയതിന് പിന്നാലെയായിരുന്നു ജാതകപ്പൊരുത്തം വില്ലനായത്. ഐടി കമ്പനി ജീവനക്കാരിയായിരുന്നു വിദ്യാജ്യോതി.
വീട്ടിലിരുന്നാണ് ഇവർ ജോലി ചെയ്തിരുന്നത്. കുടക് സ്വദേശിയായ യുവാവുമായി വിദ്യാജ്യോതി പ്രണയത്തിലായിരുന്നു. വിദ്യാജ്യോതി പ്രണയിച്ചിരുന്ന ഇതരജാതിയിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാർ ആദ്യം എതിർപ്പറിയിച്ചിരുന്നു. ഒടുവിൽ ബന്ധുക്കൾ സമ്മതം മൂളിയതോടെയാണ് ജാതകം നോക്കാൻ തീരുമാനിച്ചത്. എന്നാൽ, പരിശോധിച്ച ജ്യോത്സ്യൻ യുവാവിന് ആയുസ്സ് കുറവാണെന്ന് വിധിയെഴുതി. ഇതിൽ പരിഹാരമായി ഒൻപതുദിവസം നീളുന്ന പ്രത്യേക പൂജകളും നിർദേശിച്ചു. ഇതനുസരിച്ച് കുടുംബം വീട്ടിൽ പൂജകൾ നടത്തിവരികയായിരുന്നു.
എന്നാൽ വിവാഹത്തിന് മുന്നോടിയായി നടത്തിയ ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് യുവതിയെ കടുത്ത മാനസിക വിഷമത്തിലാക്കിയതെന്ന് പറയപ്പെടുന്നു. എട്ടാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായ ശേഷം മുറിയിൽ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാഗലഗുണ്ടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


