ബെംഗളൂരു: മലയാളി യുവാവും സുഹൃത്തായ ബംഗാളി യുവതിയും ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തീകൊളുത്തി മരിച്ച നിലയിൽ. നഴ്‌സിങ് വിദ്യാർത്ഥിനിയായ കൊൽക്കത്ത സ്വദേശിനി സൗമിനി ദാസിനെയും(20), ഇടുക്കി സ്വദേശി അബിൽ എബ്രഹാമിനെയുമാണ്(29) കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലാണ് ഇരുവരും തീകൊളുത്തി ജീവനൊടുക്കിയത്. നിലവിളി കേട്ട് അയൽക്കാർ രക്ഷയ്ക്കായി എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം കണ്ടെത്താൻ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

കുറച്ചുമാസങ്ങൾ മുമ്പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയാണ് അബിൽ. ഇയാളും നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കിയ ആളാണ്.

സൗമിനി ദാസും, അബിൽ എബ്രാഹാമും ചേർന്ന് ഞായറാഴ്ച പെട്രോൾ വാങ്ങി വന്ന ശേഷമാണ് കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു.സൗമിനി ദാസ് വിവാഹിതയാണ്.   നഴ്‌സിങ് പഠിക്കാനാണ് സൗമിനി ബെംഗളൂരുവിൽ എത്തിയത്. അവിടെ വച്ചാണ് അബിലിനെ പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നു. അബിൽ അവിവാഹിതനാണ്.

 മൂന്നുമാസം മുമ്പ് സ്വദേശത്തേക്ക് പോയ അവർ തനിക്ക് വിവാഹമോചനം വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഭർത്താവിന് എതിരെ പീഡനാരോപണവും ഉന്നയിച്ചിരുന്നു. താനിനി മടങ്ങി വരില്ലെന്ന് പറഞ്ഞാണ് സൗമിനി ബെംഗളൂരുവിലേക്ക് പോന്നത്.

സൗമിനിയുടെ ഭർത്താവ് പ്രണയബന്ധത്തെ കുറിച്ച് അറിയുകയും, യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഭർത്താവ് വിവരം അറിഞ്ഞതോടെ തങ്ങൾ കൊല്ലപ്പെട്ടേക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭർത്താവിന്റെ ഫോൺ വന്നതായി പറയുന്നു. ഭർത്താവ് ഭീഷണിപ്പെടുത്തിയോ എന്ന് വ്യക്തമല്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.