ഫരീദാബാദ്: സഹോദരിമാരുടെ നഗ്നചിത്രങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് രാഹുലിന്റെ പിതാവ് മനോജ് ഭാരതി അറിയിച്ചു.

രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്ത ശേഷം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങളും വീഡിയോകളും നിർമ്മിച്ചുവെന്ന് പോലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് 'സാഹിൽ' എന്ന് അറിയപ്പെടുന്ന വ്യക്തി രാഹുലിനെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തുകയും 20,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. രാഹുലും 'സാഹിൽ' എന്നയാളും തമ്മിൽ നടന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഇരുവരും തമ്മിൽ നിരവധി ഓഡിയോ, വീഡിയോ കോളുകൾ നടന്നതായും ചാറ്റ് സ്ക്രീൻഷോട്ടുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

എന്റെ അടുത്തേക്ക് വാ എന്ന് പറഞ്ഞ് 'സാഹിൽ' രാഹുലിന് ഒരു ലൊക്കേഷനും അയച്ചുകൊടുത്തിരുന്നു. അവസാനത്തെ സംഭാഷണത്തിൽ, പണം നൽകിയില്ലെങ്കിൽ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് 'സാഹിൽ' ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പണം നൽകാത്തപക്ഷം ഇത്തരം പ്രവർത്തികൾ ചെയ്യുമെന്നും, ഇത് സഹോദരിമാരുടെ ഭാവിക്ക് ദോഷകരമായി ബാധിക്കുമെന്നും രാഹുലിന് അറിയാമായിരുന്നു. ഈ ഭീഷണി രാഹുലിനെ അതിയായ മാനസിക സമ്മർദ്ദത്തിലാക്കി.

രാഹുലിന്റെ ബന്ധുക്കൾ പറയുന്നതനുസരിച്ച്, ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാതെയും മുറിക്ക് പുറത്തിറങ്ങാതെയും തീവ്രമായ മാനസിക സംഘർഷത്തിലായിരുന്നു. സംഭവ ദിവസം, ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ രാഹുൽ ചില ഗുളികകൾ കഴിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

"എന്റെ പെൺമക്കളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ആരോ രാഹുലിന്റെ ഫോണിലേക്ക് അയക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് രാഹുലിനെ മാനസികമായി തളർത്തി. ഈ മാനസിക പീഡനം കാരണമാണ് അവൻ വിഷം കഴിച്ചത്. അവനെ നിരന്തരം ഉപദ്രവിച്ചിരുന്നു," രാഹുലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നീരജ് ഭാരതി എന്നയാളും കേസിൽ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം ആരോപിക്കുന്നു. രാഹുൽ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നീരജ് ഭാരതി രാഹുലുമായി ഫോണിൽ സംസാരിച്ചിരുന്നതായും കുടുംബം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ