- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന് പിന്നിൽ മനുഷ്യനെപ്പോലെ കുത്തിയിരിക്കുന്ന പിഗ്ബുൾ നായ; ക്വട്ടേഷനെടുത്ത് പോകുന്നിടത്തെല്ലാം നായ രക്ഷാകവചം; ഏനാദിമംഗലത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ മാതാവ് അടിയേറ്റ് മരിക്കാൻ കാരണമായത് നായയെ വിട്ട് നാലു വയസുകാരിയെ കടിപ്പിച്ചത്; പ്രത്യാക്രമണത്തിൽ നായയ്ക്കും വെട്ടേറ്റു: സുജാതയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും
അടൂർ: ക്വട്ടേഷന് പോകുമ്പോൾ രക്ഷാകവചമായി കൊണ്ടു പോകുന്ന പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ഏനാദിമംഗലത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ മാതാവ് തലയ്ക്ക് അടിയേറ്റ് മരിക്കാൻ കാരണമായത്. ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത (59) ആണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വസ്തു തർക്കത്തെ തുടർന്ന് സുജാതയുടെ മക്കളായ സൂര്യലാൽ (24), ചന്ദ്രലാൽ (21) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ക്വട്ടേഷൻ ആക്രമണത്തിന്റെ പ്രത്യാക്രമണത്തിലാണ് സുജാത കൊല്ലപ്പെട്ടത്.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂർ ഒഴുകുപാറ സ്വദേശി സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സുജാതയ്ക്ക് തലയ്ക്ക് അടിയേറ്റത്.
സൂര്യലാലും ചന്ദ്രലാലും സുജാതയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അഞ്ചോളം മുന്തിയ ഇനം നായകളെ ഇവർ വളർത്തിയിരിക്കുന്നു. ഗുണ്ടാ ആക്രമണത്തിന് ഇവർ പോകുന്നത് ഇതിൽ ഏതെങ്കിലും നായകളുമായിട്ടായിരിക്കും. ബൈക്കിന് പിന്നിൽ മനുഷ്യൻ ഇരിക്കുന്നതു പോലെ ഓടിക്കുന്നയാളുടെ തോളിൽ കൈയും വച്ച് നായ ഇരിക്കും. ആക്രമണത്തിനിടെ പണി കിട്ടുമെന്ന് വന്നാൽ നായയെ ഇറക്കിയാകും സഹോദരന്മാർ രക്ഷപ്പെടുക. നായ എതിരാളികളെ കടിച്ചു കുടയും. ശനിയാഴ്ച മുളയങ്കോട്ട് ക്വട്ടേഷൻ ആക്രമണത്തിന് പോയത് പിഗ്ബുൾ ഇനം നായയുമായിട്ടായിരുന്നു. ക്വട്ടേഷനിൽ തിരിച്ചടി കിട്ടിയെന്ന് മനസിലായപ്പോൾ ഇവർ നായയെ ഇറക്കി. നായ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു. ശരൺ എന്നയാളുടെ നാലു വയസുള്ള മകൾക്കും കടിയേറ്റു.
ക്വട്ടേഷനിൽ പരാജയപ്പെട്ടാണ് സൂര്യലാലും ചന്ദ്രലാലും മടങ്ങിയത്. ശരണും കൂട്ടരുമാകട്ടെ പിറ്റേന്ന് രാത്രിയിൽ മദ്യപാന സദസിനിടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരായ പതിനഞ്ചു പേരോളം ചേർന്നാണ് തിരിച്ചടിക്കാൻ സൂര്യലാലിന്റെ വീട്ടിലേക്ക് പോയത്. സഹോദരന്മാർ എങ്ങനെ പ്രതികരിക്കും എന്ന് അറിയാമായിരുന്നതിനാലാണ് അംഗസംഖ്യ വർധിപ്പിച്ചത്. ഇവരുടെ കൂട്ടത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇനി തങ്ങൾക്ക് നേരെ വന്നാൽ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇവർ ഗുണ്ടകളുടെ വീട് അടിച്ചു തകർത്തപ്പോൾ തടസം പിടിക്കാൻ ചെന്ന സുജാതയ്ക്ക് അടിയേൽക്കുകയായിരുന്നു. തങ്ങളുടെ ആൾക്കാരെ കടിച്ച നായയെയും വെറുതേ വിട്ടില്ല. പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ മുൻകാലിലും പിൻകാലിലും വെട്ടേറ്റു. ഇവരുടെ വീട്ടിൽ അഞ്ചോളം നായകൾ ആണ് ഉള്ളത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുജാത മക്കളുടെ കൂട്ടുകാരനായ അക്‌ബറിനെ വിളിച്ച് വിവരം പറഞ്ഞു. തനിക്ക് തലയ്ക്ക് നല്ല പരുക്കുണ്ടെന്നും ചത്തു പോകുമെന്നും അറിയിച്ചു. പാഞ്ഞ് വന്ന അക്‌ബർ ബൈക്കിന് പിന്നിൽ ഇരുത്തിയാണ് സുജാതയെ മെയിൻ റോഡിലേക്ക് കൊണ്ടു വന്നത്. അപ്പോഴേക്കും ഇവരുടെ അവസ്ഥ മോശമായി. തുടർന്ന് അതു വഴി വന്ന കാറിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കുറുമ്പകര ഭാഗത്ത് സുജാതയുടെ മക്കളുമായി ഉണ്ടായ തർക്കമാണ് സംഘർഷങ്ങളുടെ തുടക്കം. ചീനിവിള കോളനിക്ക് സമീപം സന്ധ്യ എന്നയാളുടെ വസ്തു മണ്ണ് മാന്തി ഉപയോഗിച്ച് നിരപ്പാക്കുന്ന പണി നടക്കവേ അതിര് കെട്ടുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളായ ശരത്, ശരൺ എന്നിവർ സന്ധ്യയുമായി വഴക്കുണ്ടായി. ഇതറിഞ്ഞ് സമീപവാസിയായ അനീഷ് സ്ഥലത്ത് വന്ന് സന്ധ്യയുടെ വസ്തു നിരപ്പാക്കിയ മണ്ണുമാന്തി തടയുകയും ചെയ്തു. വിവരമറിഞ്ഞ് സൂര്യലാലും ചന്ദ്രലാലും സ്ഥലത്തെത്തുകയും അനീഷുമായി തർക്കം ഉണ്ടായി. അത് സംഘർഷത്തിൽ കലാശിച്ചു. സൂര്യലാലും ചന്ദ്രലാലും ഒപ്പം കൂട്ടിയ നായ സമീപത്തുണ്ടായിരുന്നവരെ ഓടിച്ചിട്ട് കടിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഏനാത്ത് പൊലീ
സ് കേസെടുത്തിരുന്നു.
അക്രമിസംഘം എത്തിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്. ഞായറാഴ്ച രാത്രി പതിനഞ്ചോളം പേരുള്ള സംഘമാണ് തികച്ചും ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒഴുകുപാറയിലെ വീട്ടിൽ രാത്രി പത്തരയോടെ എത്തിയത്. സുജാതയുടെ മക്കളെ ഇറക്കി വിടെന്ന് ആക്രോശിച്ച ഇവർ മുറിക്കുളിൽ കടന്ന് കയറി ഗ്യാസ്, കട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കിണറ്റിൽ തള്ളി. അലമാരയും വലിച്ച് കിണറ്റിലിട്ടു. തുണികൾ വലിച്ചു വാരി പുറത്തേക്കിട്ടു. ഇതിനിടെയാണ് സുജാതയെ തലയ്ക്ക്ടിച്ച് പരുക്കേൽപ്പിച്ചു. ഇവരുടെ വീടിനോട് ചേർന്ന് താഴെയും മുകളിലുമായി രണ്ട് വീട്ടുകാർ മാത്രമാണ് ഉള്ളത്. ഇവിടെ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഏറെ നേരം ഭീകര അന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമിസംഘം മടങ്ങിയത്.
പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം
വസ്തു തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇൻസ്പെക്ടർമാരായ ടി.ഡി. പ്രജീഷ് (അടൂർ), കെ.ആർ. മനോജ് കുമാർ (ഏനാത്ത്) എന്നിവരടങ്ങുന്ന 10 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഡിവൈ.എസ്‌പി ആർ. ബിനു മേൽനോട്ടം വഹിക്കും. സുജാതയുടെ ഇൻക്വസ്റ്റ് നടപടി പൊലീസ് ഇന്നലെ പൂർത്തീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. അക്രമം നടന്ന വീട്ടിലേക്ക് ആരും കടക്കാതിരിക്കാൻ ഗാർഡ് ഏർപ്പെടുത്തി. വിരലടയാള വിദഗ്ദ്ധർ, ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഇന്ന് എത്തി തെളിവ് ശേഖരിക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്