തിരുവനന്തപുരം: ആ ഗര്‍ഭഛിദ്രത്തിന് പിന്നിലും 'ഐബി' ബുദ്ധി. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയെന്ന് സ്ഥിരീകരണം. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ 'കാര്യം' കഴിഞ്ഞപ്പോള്‍ സുകാന്ത് കൈയ്യൊഴിയുകായിരുന്നുവെന്ന് വ്യക്തമായി. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുകാന്ത് വിശദീകരിച്ചതെല്ലാം കളവാണെന്ന സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ അറിയിക്കും.

ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭചിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികില്‍സാരേഖകളും ലഭിച്ചു. യുവതിയുടെ കുടുംബമാണ് ഈ രേഖകള്‍ പോലീസിന് നല്‍കിയത്. ഇതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തിയത്. സുകാന്തിനെതിരെ പോലീസ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കാനാണ് പോലീസ് തീരുമാനം. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.

മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് വിലയിരുത്തല്‍. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്. ഐബി ഉദ്യോഗസ്ഥ ട്രെയിന്‍തട്ടി മരിച്ചതില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയായിരുന്നു സുകാന്ത് ജാമ്യഹര്‍ജി നല്‍കിയത്. തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും, വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തെന്നും ഹര്‍ജിയിലുണ്ട്. വീട്ടുകാരുടെ നിലപാടില്‍ യുവതി നിരാശയായിരുന്നുവെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു.

ബന്ധം തുടരാന്‍ തീരുമാനിച്ച് തങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. യുവതി ഏതെങ്കിലും വിധത്തില്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന്റെ കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുന്നു. വീട്ടുകാര്‍ കല്യാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജ്യോത്സ്യനുമായി അഭിപ്രായം തേടിയ യുവതിയുടെ വീട്ടുകാര്‍ സുകാന്തുമായുളള ബന്ധം തുടരുന്നതിനെ രൂക്ഷമായി എത്തിര്‍ത്തിരുന്നുവെന്നും സുകാന്ത് പറഞ്ഞിരിക്കുന്നത്. വൈകാരികമായും മാനസികമായും ഏറെ അടുപ്പത്തിലായിരുന്നു തങ്ങളെന്നാണ് സുകാന്ത് അവകാശപ്പെടുന്നത്.

എന്നാല്‍ ഗര്‍ഭഛിദ്രം അടക്കമുള്ള കാര്യങ്ങളില്‍ സുകാന്ത് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടില്ല. തിരുവനന്തപുരം പേട്ട പൊലീസാണ് സുകാന്തിനെതിരെ കേസെടുത്തത്. മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.