എടപ്പാള്‍: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയും ഐബി ഉദ്യോഗസ്ഥനുമായിരുന്ന സുകാന്ത് സുരേഷിനെ പിടികൂടാനാകാത്തത് കേരളാ പോലീസിന് നാണക്കേടാകുന്നു. ഐബിയ്ക്കും ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. ഇന്ത്യയില്‍ ഉടനീളം രഹസ്യാന്വേഷണ സംവിധാനമുള്ള ഐബിയേയും സുകാന്ത് വെട്ടിക്കുന്നുവെന്നതാണ് ആശ്ചര്യകരം. സുകാന്തിന്റെ അച്ഛനേയും അമ്മയേയും പറ്റി പോലും വിവരമില്ല. സുകാന്തിന്റെ അമ്മയുടെ സഹോദരിക്ക് അടക്കം ഇവരെ കുറിച്ച് അറിയാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടുന്നില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. അക്കൗണ്ടില്‍ നിന്നും ഈ അടുത്ത കാലത്ത് പണം പിന്‍വലിച്ചോ എന്ന് പോലീസ് പരിശോധിക്കും.

കോടതി ഉത്തരവുമായാണ് തിരുവനന്തപുരം പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോല്‍ അയല്‍വാസിയുടെ വീട്ടില്‍നിന്ന് വാങ്ങിയശേഷം അകത്തുകയറി. പരിശോധനയില്‍ മുറികളില്‍നിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയില്‍ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതില്‍നിന്നാണ് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവര്‍ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങള്‍ പകര്‍ത്തി. രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും ലഭിച്ചിരുന്നില്ല. സുകാന്തിനെ തേടിയുള്ള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലെ ചില ബന്ധുക്കളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

അതിനിടെ സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. സുകാന്ത് സുരേഷും ഐബി ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായ യുവതിയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.

യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സുകാന്ത് യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.

മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി ഗര്‍ഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും പൊലീസിന് ലഭിച്ചിരുന്നു. മരിച്ച യുവതിയുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിലെ തീരുമാനത്തിന് ശേഷം സുകാന്ത് കീഴടങ്ങാന്‍ സാധ്യത ഏറെയാണ്.