തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്തിന്റെ ചാറ്റ് വിവരങ്ങള്‍ അടങ്ങിയ നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയേയും പോലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും മുമ്പ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയായിരുന്നു പോലീസ്. സുകാന്തിന്റെ ഐഫോണിലെ ചാറ്റ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്നും ഇതിനു ശേഷം വേണം തനിക്കു മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാനെന്നും സുകാന്ത് പറയുന്ന ചാറ്റുകള്‍ പോലീസ് കണ്ടെത്തിയത്. സുകാന്തിന്റെ ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പോലീസ് കണ്ടെത്തിയത്. സുകാന്തില്‍നിന്ന് യുവതി ലൈംഗികചൂഷണം നേരിട്ടിരുന്നയതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ചാറ്റ് പുറത്താകുന്നത്.

സുകാന്തിന്റെ ഐഫോണില്‍നിന്നാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചത്. 'നീ എന്ന് മരിക്കും' എന്നതുള്‍പ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയുമാണ് സന്ദേശങ്ങളിലുള്ളത്. യുവതിയുടെ ആത്മഹത്യക്കുപിന്നാലെ ഒളിവില്‍പ്പോയ സുകാന്തിന്റെ അമ്മാവന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഇയാളുടെ ഫോണില്‍നിന്നാണ് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. 'എന്നുമരിക്കും' എന്ന സുകാന്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടിയും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതിനാണ് ടെലിഗ്രാം ആപ്പിലൂടെ ഈ സംഭാഷണം നടന്നത്.

സുകാന്ത്: എനിക്ക് നിന്നെ വേണ്ട

യുവതി: എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല

സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍പറ്റൂ

യുവതി: എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല

യുവതി: അതിന് ഞാന്‍ എന്തുചെയ്യണം?

സുകാന്ത്: നീ പോയി ചാകണം

സുകാന്ത്: നീ എന്നുചാകും?

യുവതി: ഓഗസ്റ്റ് ഒന്‍പതിന് ഞാന്‍ മരിക്കും...

സുകാന്തിന്റെ ഐ ഫോണ്‍ അമ്മാവന്റെ വീട്ടില്‍നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെലഗ്രാം ചാറ്റിന്റെ വിവരങ്ങള്‍ ലഭിച്ചത്. തന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് സുകാന്ത് പലവട്ടം പെണ്‍കുട്ടിയോടു പറഞ്ഞു. ഒടുവില്‍ ഗതികെട്ടാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് പെണ്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ചാറ്റോടെ ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജിയില്‍ സുകാന്തുയര്‍ത്തിയ വാദങ്ങളെല്ലാം പൊളിയുകയാണ്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ആത്മഹത്യാ കാരണമെന്നായിരുന്നു സുകാന്ത് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ചാറ്റ് അതിന് വിരുദ്ധമാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു രണ്ടുമാസമായിട്ടും പ്രതിപ്പട്ടികയിലുള്ള സുകാന്ത് സുരേഷിനെ പോലീസ് പിടികൂടുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരേ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ലൈംഗിക പീഡനത്തിനു തെളിവു ലഭിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ജോലി കഴിഞ്ഞിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പരാതി.