കൊച്ചി: സപ്ലൈക്കോയുടെ പേരിൽ ഏഴു കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായത് മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാൾ. കോടികളുടെ തട്ടിപ്പു നടത്തിയതിൽ ഇയാൾക്ക് ഭക്ഷ്യവകുപ്പിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചനകൾ.

കേസിൽ റിമാൻഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രൻ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് മന്ത്രി ഇടപെട്ട് പേഴ്‌സണൽ സ്റ്റാഫിൽ നിന്നും പുറത്താക്കുകയും ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരിൽ കഴിഞ്ഞവർഷം കൊച്ചി പൊലീസ് കേസുമെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഉത്തരേന്ത്യൻ കമ്പനിയെ കബളിപ്പിച്ചത് കോടികൾ തട്ടിയത്.

സപ്ലൈക്കോയുടെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വ്യക്തിയാണ് അറസ്റ്റിലായ സതീഷ് ചന്ദ്രൻ. മൂന്ന് ഉത്തരേന്ത്യൻ കമ്പനികൾക്ക് സപ്ലൈക്കോയുടെ വ്യാജ പർച്ചേസ് ഓർഡർ നൽകി ചോളം വാങ്ങി, മറിച്ചുവിറ്റ് ഏഴുകോടി രൂപയിലധികമാണ് സതീഷ് ചന്ദ്രൻ തട്ടിയെടുത്തത്. ഇതിനായി സപ്ലൈക്കോയുടെ mthp@supplycomail.com, amthp@supplycomail.com എന്ന രണ്ട് ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങൾ ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

വ്യാജ ലെറ്റർ ഹെഡിൽ പർച്ചേസ് ഓർഡർ തയ്യാറാക്കി സപ്ലൈക്കോയുടെ ജി.എസ്.ടി. നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2023 നവംബർ രണ്ടിനും 2024 ജനുവരി 10-നുമാണ് പർച്ചേസ് ഓർഡറുകൾ ഈ കമ്പനിക്ക് നൽകിയത്. ഈ കമ്പനികൾക്ക് മൂന്നുകോടി രൂപയോളം നൽകുകയും ചെയ്തു. ബാക്കി ലഭിക്കാനുള്ള 4.15 കോടി രൂപയ്ക്കായി കമ്പനി പ്രതിനിധികൾ സമീപിച്ചപ്പോൾ മാത്രമാണ് തട്ടിപ്പിനെക്കുറിച്ച് സപ്ലൈക്കോ അധികൃതർ അറിഞ്ഞത്.

പതിവു തട്ടിപ്പുകാരനായ സതീഷ് ചന്ദ്രൻ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയത് എങ്ങനെയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. 2016-ലാണ് മന്ത്രി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായത്. ഇതിനിടെ ഇയാളുടേത് വ്യാജ ബിരുദമായിരുന്നുവെന്നും സപ്ലൈക്കോയിൽ ജോലി നേടിയത് അനധികൃതമായിട്ടാണെന്നും ആരോപണമുയർന്നു. ഇതുൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നായിരുന്നു സതീഷ് ചന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽനിന്ന് പുറത്താക്കിയത്.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന സപ്ലൈക്കോയിൽ ഡേറ്റാ എൻട്രി ഓപ്പേററ്ററായി ജോലിക്ക് കയറിയ സതീഷ് ചന്ദ്രൻ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽനിന്ന് എം.ബി.എ. നേടിയെന്ന് അവകാശപ്പെട്ടാണ് പേഴ്‌സണൽ ഓഫീസർ തസ്തികയിലെത്തിയത്. ആരോപണമുയർന്നതിനെ തുടർന്ന് അന്നത്തെ സി.എം.ഡി. അന്വേഷണത്തിനുത്തരവിട്ടു.

ഇഗ്‌നോയിൽ എം.ബി.എ.യ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും പേഴ്‌സണൽ ഓഫീസർ തസ്തികയിലെത്തുമ്പോൾ സതീഷ് ചന്ദ്രൻ കോഴ്‌സ് പൂർത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമായി. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സതീഷ് ചന്ദ്രൻ വിരമിക്കാൻ 12 ദിവസം ബാക്കി നിൽക്കെയായിരുന്നു ഇത്. അന്വേഷണ റിപ്പോർട്ട് സി.എം.ഡി.ക്ക് നൽകിയത് വിരമിച്ച ദിവസവും. സംഭവത്തെ തുടർന്ന് അധികമായി സതീഷ് ചന്ദ്രൻ കൈപ്പറ്റിയ ശമ്പളം തിരികെ പിടിക്കാൻ സി.എം.ഡി. ഉത്തരവിട്ടു.

വർഷങ്ങൾക്കുശേഷം 2021-ൽ കൊച്ചി മെട്രോയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലിവാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി മലപ്പുറം സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. ദേവസ്വം ബോർഡ് കോളേജ്, സിവിൽ സപ്ലൈസ്, കാംകോ തുടങ്ങിയ സ്ഥലങ്ങളിൽ ജോലിവാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധിപേരിൽ നിന്ന് പണം തട്ടിയ സംഘത്തിലുൾപ്പെട്ട പ്രധാനിയാണ് സതീഷ് ചന്ദ്രൻ. കഴിഞ്ഞവർഷം ഇയാൾക്കൊപ്പം കോഴിക്കോട് നാദാപുരം സ്വദേശി സലീം, എറണാകുളം പെരുമാനൂർ സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിരുന്നു.