കൊച്ചി :പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു വൻതുക നികുതി വെട്ടിപ്പു നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് കുറ്റവിമുക്തനാക്കുമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനുമെതിരെ പൊലീസ് കുറ്റപത്രം നൽകില്ല. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായി. 47 വണ്ടികളുടെ ഉടമകൾക്കെതിരേയാണു കേസെടുത്തിരുന്നത്. മിക്കവർക്കും പോണ്ടിച്ചേരിയിൽ വിലാസമുണ്ടെന്നാണു കണ്ടെത്തൽ. വ്യാജവിലാസം കാണിച്ചവർ പിഴയൊടുക്കി നിയമലംഘനം പരിഹരിച്ചുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഇനി കുറ്റപത്രം നൽകില്ല.

എല്ലാ പ്രതികളേയും കേസിൽനിന്ന് ഒഴിവാക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. വൈകാതെ ഇക്കാര്യം വ്യക്തമാക്കി മുന്നോട്ടുള്ള നിയമനടപടികൾ ഉപേക്ഷിച്ചതായി (ഫർദർ ആക്ഷൻ ഡ്രോപ്ഡ്) കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയെയും ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെ ഫഹദ് നികുതിയായി 19 ലക്ഷം രൂപ അടച്ചു. അമലാ പോളിനെതിരേയും നടപടിയുണ്ടാകില്ല. വാഹനം കേരളത്തിൽ എത്തിക്കാത്ത സാഹചര്യത്തിൽ, അമലാ പോളിനെതിരായ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോർട്ട് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. പിഴയടച്ചതിനാൽ ഫഹദ് ഫാസിലിനേയും ഒഴിവാക്കി.

പോണ്ടിച്ചേരിയിൽ താമസക്കാരാണെന്നു വ്യാജരേഖ ഉണ്ടാക്കിയാണു സുരേഷ് ഗോപിയും അമലാ പോളും വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് എന്നായിരുന്നു ആരോപണം. വാഹന ഡീലർമാരും ഏജന്റുമാരും ഉൾപെട്ടതാണു തട്ടിപ്പെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നൽകില്ലെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രമന്ത്രിയായ സാഹചര്യത്തിലാണ് ഇതെന്നും വാർത്തയിൽ പറയുന്നു. ഇതിന് അപ്പുറത്തേക്കുള്ള കാരണമെന്നും വിശദീകരിക്കുന്നുമില്ല. എന്നാൽ പിഴ അടച്ചതു കൊണ്ടാണ് ഫഹദിന് ആശ്വാസമെത്തുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ കാര്യത്തിൽ ക്രൈംബ്രാഞ്ച് നൽകുന്ന പരസ്യ വിശദീകരണം ഈ കേസിൽ നിർണ്ണായകമാകും.

തങ്ങളുടെ വാടകവീടിന്റെ വിലാസത്തിലാണു കാറുകൾ രജിസ്റ്റർ ചെയ്തതെന്നു സുരേഷ് ഗോപിയും അമലാ പോളും അറിയിച്ചിരുന്നതെങ്കിലും വാടക ചീട്ട് ഹാജരാക്കാൻ ഇവർക്കു സാധിച്ചിരുന്നില്ല. സുരേഷ് ഗോപിയുടെ 60.80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണു വെട്ടിപ്പു നടത്തിയതെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

സുരേഷ് ഗോപിക്കെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. 70 ലക്ഷം വിലമതിക്കുന്ന ബെൻസ് ഇ ക്ലാസ് കാറാണ് ഫഹദിന്റേത്.