- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡന പരാതി; ആശ്രമത്തിൽ വച്ച് രണ്ടുവർഷത്തോളം 15കാരിയെ പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ; നടപടി, പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവെ 'ദിശ'യിൽ നൽകിയ പരാതിയിൽ
വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശ്രമത്തിൽ വെച്ച് രണ്ടുവർഷത്തോളം പീഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ. 15 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള ഒരു ആശ്രമത്തിന്റെ മേധാവി സ്വാമി പൂർണാനന്ദ(64)യാണ് പിടിയിലായത്.
പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന മഠാധിപതിക്കെതിരെ വീണ്ടും പീഡന പരാതി നൽകുകയായിരുന്നു. ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 'ദിശ'യിലാണ് പെൺകുട്ടി പരാതി നൽകിയത്. വിശാഖപട്ടണത്തെ ആശ്രമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പൂർണാനന്ദയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 13 ന് കാണാതായിരുന്നു.
സ്വാമി പൂർണാനന്ദ ആശ്രമത്തിൽ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേകാനന്ദൻ പറഞ്ഞതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പെൺകുട്ടി ദിശയിൽ മൊഴി നൽകിയത്. ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
2012ൽ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസിൽ വിചാരണ നടക്കുമ്പോൾ എങ്ങനെയാണ് ആശ്രമത്തിൽ പെൺകുട്ടികൾ ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശ്രമത്തിൽ കുട്ടികളെ താമസിപ്പിക്കാൻ ലൈസൻസ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് കുട്ടികളാണ് പൂർണാനന്ദയുടെ ആശ്രമത്തിൽ താമസിച്ച് വന്നിരുന്നത്. ഇവരിൽ നാലുപേർ പെൺകുട്ടികളാണ്.
64 വയസ്സുള്ള അവിവാഹിതനായ സ്വാമി പൂർണാനന്ദ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. രണ്ട് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും, ബി.എഡ്, നിയമ ബിരുദങ്ങളും ഉള്ളയാളാണ് പൂർണാനന്ദയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
പൂർണാനന്ദക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂമി തർക്കങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂർണാനന്ദയുടെ ആശ്രമം നിലനിൽക്കുന്ന 9.5 ഏക്കർ ഭൂമിയും തർക്കത്തിലാണ്. അതേസമയം തന്റെ ഭൂമി കയ്യേറിയവരാണ് തനിക്കെതിരെയുള്ള കേസുകൾക്ക് പിന്നിലെന്നാണ് പൂർണാനന്ദ പറയുന്നത്.
2011ൽ 13കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വാമി അറസ്റ്റിലായിരുന്നു. ഇപ്പോൾ പരാതി നൽകിയ പെൺകുട്ടി ആശ്രമത്തിലെ ജീവനക്കാരന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ജൂൺ 13ന് പെൺകുട്ടി തിരുമല എക്സ്പ്രസിൽ കയറി, സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. തന്നെ കട്ടിലിൽ കെട്ടിയിട്ട് വരെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂർണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രാജമഹേന്ദ്രവാരം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ചെറുപ്രായത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ബന്ധുക്കളാണ് ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് കുട്ടിയെ അയച്ചത്.
എന്നാൽ, ആശ്രമത്തിനെതിരായി പ്രവർത്തിക്കുന്ന ഒരുസംഘം തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പൂർണാനന്ദ ആരോപിച്ചു. ആശ്രമത്തിന്റെ 9.5 ഏക്കർ ഭൂമി സംബന്ധിച്ച് കേസ് നിലവിലുണ്ട്. ഭൂമി കയ്യേറിയവരാണ് തനിക്കെതിരെ കേസ് കൊടുക്കുന്നതെന്ന് പൂർണാനന്ദ പൊലീസിനോട് പറഞ്ഞു.




