ന്യൂഡൽഹി: സ്വാതി മാലിവാൾ എംപിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഭവിനെ സിവിൽലൈൻസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബിഭവ് കുമാറിൽ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോൾ ആരും എത്തിയില്ലെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവത്തിൽ മെയ് 16ന് രാത്രി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ബിഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ബിഭവ് കുമാർ മുഖത്ത് പല തവണ അടിച്ചതായും ഷർട്ട് പിടിച്ചുവലിച്ചതായും നെഞ്ചിലും അടിവയറ്റിലും ആവർത്തിച്ച ചവിട്ടിയതായും എഫ്ഐആറിൽ പറയുന്നു. മുടിയിൽ പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചെന്നും പറയുന്നുണ്ട്.

മെയ് 13ന് രാവിലെ ഒൻപതുമണിയോടെയാണ് സ്വാതി മലിവാൾ കെജരിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണമുറിയിൽ വച്ചാണ് സ്വാതി മാലിവാളിന് മർദനമേറ്റത്. സംഭവസമയം കെജരിവാൾ വീട്ടിലുണ്ടായിരുന്നെന്നും സ്വീകരണമുറിയിലുണ്ടായിരുന്നില്ലെന്നുമാണ് മാലിവാൾ പറഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ബൈഭവ് തന്നെ ചീത്തവിളിച്ചതും മർദിച്ചതുമെന്നും മാലിവാൾ പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപാകെയും സ്വാതി രഹസ്യമൊഴി നൽകിയിട്ടുണ്ട്.

അതേസമയം മലിവാളിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി രംഗത്തുവന്നിരുന്നു. കേജ്രിവാളിന്റെ വസതിയിൽ നിന്ന് സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മെയ്‌ 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിൽ. തന്റെ കയ്യിൽ പിടിച്ചുപുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ സ്വാതി തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്. മെയ്‌ 13ന് മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് ബൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നും തലയ്ക്കും കാലിനും മുറിവേറ്റെന്നുമാണ് സ്വാതി ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ സ്വാതിക്ക് മുറിവേറ്റതായ സൂചനകളില്ല.

നേരത്തെ സംഭവം വിവാദമായതോടെ സ്വാതിയുടെ ആരോപണം ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചിരുന്നു. കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ സ്വാതി മലിവാളിനോട് മോശമായി പെരുമാറിയെന്നും വിഷയത്തിൽ കെജ്രിവാൾ ശക്തമായ നടപടിയെടുക്കുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിങ് എംപി. വ്യക്തമാക്കിയിരുന്നു. അതേസമയം, തന്റെ ഔദ്യോഗികവസതിയിൽ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.