- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി; കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റർ മാറി മുങ്ങിയത് നങ്കൂരമിട്ട് കിടന്ന ബോട്ട്; എഞ്ചിനും ഫർണ്ണിച്ചറും തകർത്ത നിലയിൽ; മുങ്ങിയത് ഫിറ്റ്നസും ലൈസൻസുമുള്ള നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ജലയാനം; അട്ടിമറി സംശയത്തിൽ അന്വേഷണം
മലപ്പുറം: താനൂർ പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി. നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റർ മാറിയാണ് സംഭവം. ചൊവ്വാഴ്ച പകൽ 11 വരെ യാതൊരു കുഴപ്പവുമില്ലാതെ നങ്കൂരമിട്ട് നിർത്തിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം കണ്ടത്. ഉടൻ തന്നെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫിറ്റ്നസ്, ലൈസൻസ് എന്നിവ ലഭിച്ച് ഒരു മാസം മുമ്പ് മുതലാണ് സർവീസ് ആരംഭിച്ചതെന്നും, തകർത്തതാകാനാണ് സാധ്യതയെന്നും ഉടമയായ നിസാർ പറയുന്നു. 20 പേർക്ക് പോകാവുന്ന ബോട്ടാണ് മുങ്ങിയത്. എഞ്ചിൻ, ഫർണിച്ചർ എന്നിവ നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നതായും അതിന് ശേഷമാണ് പ്രദേശത്ത് നങ്കൂരമിട്ടതെന്നും നിസാർ പറഞ്ഞു. താനൂർ എസ്ഐ ആർ ഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.
അതേ സമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിനോദസഞ്ചാരം നടത്തുന്ന ബോട്ടുകളുടെ സർവീസ് നിറുത്തിവച്ചു. ബേപ്പൂർ പോർട്ട് ഓഫീസറുടെ ഉത്തരവുണ്ടാകും വരെ സർവീസ് നടത്താർ പാടില്ല. ഇതേ തുടർന്ന് നിലമ്പൂർ കനോലി ടൂറിസം കേന്ദ്രത്തിലേക്കുള്ള ജങ്കാർ സർവീസും താത്കാലികമായി നിർത്തിവച്ചു.
ഇതു സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കനോലി ടൂറിസം കേന്ദ്രത്തിലെ ജീവനക്കാർ പറഞ്ഞു.
ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നതിനാൽ കനോലി ടൂറിസം കേന്ദ്രം കാണാനെ ത്തിയ വിനോദ സഞ്ചാരികൾ ഇന്നലെ നിരാശരായി മടങ്ങി. ടൂറിസം വകുപ്പിന്റെ ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജങ്കാർ സർവീസ് നടത്തുന്നതെന്ന് വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലെ ജീവനക്കാർ പറഞ്ഞു.
നിലമ്പൂർ നഗരസഭയിലെ ഉദ്യോഗസ്ഥർ, സ്പെഷൽ ബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചാലിയാർ പുഴയുടെ തീരത്ത് കനോലി കടവിലെത്തി ജങ്കാർ സർവീസ് നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തി. 40 യാത്രക്കാർക്ക് ഒരേ സമയം ജങ്കാറിൽ സർവീസ് നടത്താം. ഇത്രയും ഭാരം കയറ്റുന്നതിൽ തടസമില്ലെന്ന് മണൽചാക്കുകൾ കയറ്റി ഭാരം നിർണയിച്ച ശേഷം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജങ്കാർ സർവീസ് നടത്തുന്നവർ പറഞ്ഞു. വനം വകുപ്പ് ജങ്കാർ യാത്രക്ക് ഉൾപ്പെടെ ഒരു വിനോദ സഞ്ചാരിയിൽ നിന്ന് 80 രൂപയാണ് പാസ് ഇനത്തിൽ വാങ്ങുന്നത്.
ഇതിൽ 30 രൂപ ജങ്കാർ ഉടമക്ക് കരാർ പ്രകാരം വനം വകുപ്പ് നൽകും. അഞ്ചു വർഷത്തേക്കാണ് കരാർ. ഓരോ വർഷവും കരാർ പുതുക്കും. 40 പേർക്ക് ഇൻഷ്വറൻസുമുണ്ട്. ജങ്കാറിന് ഇതുവരെ നിലമ്പൂർ നഗരസഭ എൻഒസി നൽകിയിട്ടില്ല. സ്ഥലം സന്ദർശിച്ച നഗരസഭ ജീവനക്കാർക്ക് ജങ്കാർ സർവീസ് നടത്താൻ നഗരസഭയുടെ എൻഒസി വേണമോയെന്ന കാര്യത്തിൽ ഉറപ്പുമില്ല. ജങ്കാർ സർവീസ് തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും നഗരസഭ ഇക്കാര്യത്തിൽ ഒരന്വേഷണവും നടത്തിയിട്ടില്ലെന്ന് അവരുടെ മറുപടിയിൽ തന്നെ വ്യക്തം.
ചാലിയാറിന് കുറുകെ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകർന്നിട്ട് നാലു വർഷമായിട്ടും പുതിയ തൂക്കുപാലത്തിന്റെ നിർമ്മാണം രണ്ടു കാലിൽ നിൽക്കുകയാണ്. ജങ്കാർ സർവീസും നിറുത്തിയതോടെ കനോലി പ്ലോട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് തൽക്കാലം വിരാമമാകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്