- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രിഡ്ജ് വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനെ ച്ചൊല്ലി തർക്കം; അദ്ധ്യാപികയെയും മകനെയും നടുറോഡിൽ ആക്രമിച്ച് യുവാവ്; കരിങ്കല്ലുമായി ഓടി അടുത്തപ്പോൾ നാട്ടുകാർ പാഞ്ഞെത്തി; നെടുമങ്ങാടുള്ള ട്യൂഷൻ അദ്ധ്യാപികയ്ക്ക് സംഭവിച്ചത്..
തിരുവനന്തപുരം: അദ്ധ്യാപികയെയും പതിനാറുവയസ്സുള്ള മകനെയും യുവാവ് വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. നെടുമങ്ങാട് ഇളവട്ടം വഞ്ചുവം പ്ലാവിള സുമഭവനിൽ ഡി എസ് സുമ (40), മകൻ ദേവനാരായൺ അഗ്നിഹോത്രി (16) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴുത്തിനു ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വഞ്ചുവം ഇളവട്ടം പ്ലാവിളവീട്ടിൽ സന്തോഷ് (42) ആണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 9.30ന് സുമയുടെ വീട്ടിലേയ്ക്കുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം നടന്നത. നാട്ടുകാർ ചേർന്നാണ് ഇവരെ ആക്രമണത്തിൽ രക്ഷിച്ചത്.
ഇളവട്ടത്ത് ട്യൂഷൻ സെന്റർ നടത്തുന്ന സുമ ശനിയാഴ്ച നെടുമങ്ങാടിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാങ്ങിയ ഫ്രിഡ്ജ് വീട്ടിലേയ്ക്കു കൊണ്ടുപോകുന്നത് സന്തോഷ് തടസ്സപ്പെടുത്തിയിരുന്നു. പിന്നീട് രാത്രിയോടെ സ്ഥാപനത്തിലെ തൊഴിലാളികൾ ഫ്രിഡ്ജ് വീട്ടിലേയ്ക്കു കൊണ്ടുപോകാൻ ശ്രമിച്ചതും സന്തോഷ് തടസ്സപ്പെടുത്തി. ഇതറിഞ്ഞ് അന്വേഷിക്കാൻ മകനോടൊപ്പം സുമ സ്ഥലത്തെത്തിയപ്പോഴായിരുന്നു ആക്രമണം.
ദേവനാരായണനെയാണ് ആദ്യം ആക്രമിച്ചത്. ചോദ്യം ചെയ്യാൻ ശ്രമിച്ച സുമയെ തല്ലുകയും ചെയ്തു. തുടർന്ന് കരിങ്കല്ലുമായി ദേവനാരായണനെ ആക്രമിക്കാൻ ഒരുങ്ങുമ്പോഴാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ദേവനാരായണനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏതാനും നാളുകളായി നിലനിൽക്കുന്ന വഴിത്തർക്കമാണ് ആക്രമണ കാരണം. സുമയേയും മകനേയും കൊലപ്പെടുത്തുമെന്ന് സന്തോഷ് പലവട്ടം പരസ്യമായി ഭീഷണിയും മുഴക്കിയിരുന്നു. പാലോടു പൊലീസും ചൈൽഡ് വെൽഫെയർ ഹെൽപ്പ്ലൈനും സന്തോഷിനെ പ്രതിയാക്കി നിലവിൽ കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ