ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. വെറുതെ ഒരാൾ ബൈക്കിൽ കയറുക, ഒരുകാരണവുമില്ലാതെ വിഷം കുത്തി വച്ച് കൊല്ലുക. ഇതെങ്ങനെ സംഭവിക്കും എന്നാണ് പലരും ചിന്തിച്ചത്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (55) ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ.

തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർത്ഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം യുവാവ് ജമാലിന്റെ തുടയിൽ വിഷം കുത്തിവച്ചു. എന്തായാലും സംഭവത്തിന്റെ ദുരൂഹത തെലങ്കാന പൊലീസ് അഴിച്ചിരിക്കുകയാണ്. കൊലപാതകത്തിൽ ഇരയായ കർഷകൻ ഷെയ്ഖ് ജമാൽ സാഹിബിന്റെ ഭാര്യയും, ഒരുഡോക്ടറുമടക്കം മൂന്നുപേർ അറസ്റ്റിലായി.

വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഷെയ്ഖ ജമാൽ സാഹിബ്, ആന്ധ്രയിലെ ഗുന്ദ്രായി ഗ്രാമത്തിലെ തന്റെ മകളെ കാണാൻ വേണ്ടിയാണ് തിങ്കളാഴ്ച ബൈക്കിൽ പുറപ്പെട്ടത്. അപ്പോഴാണ്, മങ്കി ക്യാപ് ധരിച്ച ഒരു അപരിചിതൻ ലിഫ്റ്റ് ചോദിച്ചത്. വല്ലഭി ഗ്രാമത്തിന് അടുത്തുവച്ചായിരുന്നു അത്. ഇതിനിടയാണ് സംഭവം. തനിക്ക് തുടയിൽ വേദന എടുക്കുന്നതായി ജമാൽ പറഞ്ഞപ്പോൾ, അപരിചിതൻ ബൈക്ക് നിർത്തിച്ച് ഇറങ്ങിയോടുകയായിരുന്നു. അടുത്തുള്ള വയലിൽ ജോലി ചെയ്തിരുന്ന കർഷകരുടെ സഹായത്തോടെ ജമാൽ ഒരുവിധത്തിൽ ആശുപത്രിയിലെത്തി. തന്നെ ബൈക്കിൽ കയറിയ ആൾ സിറിഞ്ച് വച്ച് കുത്തിയതായും ജമാൽ കർഷകരോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണു കുത്തിവച്ചതെന്നാണു സൂചന. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജമാൽ മരണമടഞ്ഞത്.

ഓട്ടോ ഡ്രൈവർ മോഹൻ റാവു, ട്രാക്ടർ ഡ്രൈവർ വെങ്കിടേഷ്, ഡോകട്‌റായ വെങ്കട് എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറാണ് വിഷം സംഘടിപ്പിച്ചത്. ജമാലിന്റെ ഭാര്യ ഇമാം ബിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടുമാസം മുമ്പ് തന്നെ ഡോക്ടർ വഴി ഇവർ വിഷം സംഘടിപ്പിച്ചിരുന്നു. കുത്തി വെക്കാൻ ഒരുഅവസരം നോക്കിയിരിക്കുകയായിരുന്നു. എന്നാൽ, അത് സാധിക്കാതെ വന്നതോടെ, കാമുകനായ ഓട്ടോ ഡ്രൈവർ മോഹൻ റാവുവിനോട് പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. നാല് അന്വേഷണ സംഘങ്ങളെ നിയോഗിച്ചാണ് ഖമ്മം പൊലീസ് കമ്മീഷണർ വിഷ്ണു വാരിയർ കേസിന്റെ ചുരുളഴിച്ചത്.