തലശേരി: എടക്കാട് കുറ്റിക്കകം മുനമ്പിലെപറമ്പിൽ വീട്ടിൽ സുമോദി(38)ന്റെ കൊലപാതകത്തിന് കാരണമായത് പണയിടപാട് തർക്കമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുറ്റിക്കകം സ്വദേശി അസീബിനെയാ(36)ണ് ബുധനാഴ്ച രാവിലെ എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെയും കൊണ്ടു പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കുറ്റിക്കകം പറമ്പിൽ ഹൗസിൽ പ്രഭാകരന്റെയും കമലയുടെും മകൻ സുമോദിനെ തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുറ്റിക്കകം പാറപ്പള്ളി ബീച്ചിന് സമീപമുള്ള തെങ്ങിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബീച്ചിനടുത്തു നിന്നും മുപ്പതുമീറ്റർ മാറി ആളൊഴിഞ്ഞ തെങ്ങിൻ തോപ്പിലെ ചതുപ്പിലായിരുന്നു മൃതദേഹം. തലയ്ക്കടിയേറ്റ ചതവും ആന്തരികരക്തസ്രാവവുമാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. കഴുത്തിന് മുറിവേറ്റതായും ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതി അസീബിന്റെ പിതാവിന്റെ രണ്ടേക്കർ സ്ഥലം വിറ്റ വകയിൽ ബ്രോക്കർ കമ്മിഷനു വേണ്ടി സുമോദ് അസീബിനെയും വീട്ടുകാരെയും ശല്യം ചെയ്യാറുണ്ടായിരുന്നു. തന്നെ അസീബും കുടുംബവും ബ്രോക്കർ കമ്മീഷൻ നൽകാതെ വഞ്ചിച്ചുവെന്ന് സുമോദ് നാട്ടുകാരോടും പറഞ്ഞു നടന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ സുമോദ് അസീബിന്റെ വീട്ടിലെത്തി കമ്മീഷൻ പണത്തിന് ചോദിക്കുകയും അസീബും, കുടുംബവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.

ഇതിന്റെ പ്രകോപനത്തിൽ അസീബ് അവിടെയുണ്ടായിരുന്ന മരക്കഷ്ണമുപയോഗിച്ചു തലയ്ക്കും മറ്റും അടിക്കുകയായിരുന്നു. ഇതേ തുടർന്ന് സുമോദ് ബോധരഹിതനായി വീണപ്പോൾ മരിച്ചുവെന്നു കരുതി മൃതദേഹം ചുമലിലേറ്റി വാഹനത്തിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പരിസരവാസികൾ കാണുകയും പൊലീസിനെ അറിയിക്കുകയും ചെയ്തപ്പോഴും ഒന്നുമറിയാത്തതു പോലെ അസീബും അവിടെ എത്തിയിരുന്നു.

പൊലിസുകാർക്ക് എല്ലാവിധസഹായങ്ങളും ചെയ്തുകൊടുക്കാൻ ഇയാൾ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. സുമോദിന്റെ ഫോൺ കോളുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കൊന്നതിന് പിന്നിൽ അസീബാണെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് സംഭവദിവസം തന്നെ പൊലിസ് അസീബിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്നാണ് അസീബ് കുറ്റം സമ്മതിച്ചത്.

തന്റെ സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സുമോദിന് യാതൊരു ബന്ധവുമില്ലെന്നും സ്ഥലം വാങ്ങിയ പാർട്ടിയോടൊപ്പം തന്റെ വീടുകാണിച്ചു കൊടുത്ത ബന്ധം മാത്രമേ സുമോദിനുണ്ടായിരുന്നുള്ളുവെന്ന അസീബിന്റെ നിലപാടാണ് തർക്കത്തിന് ഇടയാക്കിയത്.വൻവിലയ്ക്കു സ്ഥലം വിറ്റുകിട്ടിയ പണത്തിൽ നിന്നും ചെറിയ എന്തെങ്കിലും സംഖ്യ സുമോദിന് കൊടുത്തു ഒഴിവാക്കാൻ നാട്ടുകാരിൽ പലരും ഉപദേശിച്ചുവെങ്കിലും ഇയാൾ അനുസരിച്ചില്ല.

ഇതേതുടർന്നാണ് ഇരുവരും തമ്മിലുള്ള തർക്കം മൂർച്ഛിക്കുകയും വ്യക്തി വൈരാഗ്യത്തിൽ കലാശിക്കുകയും ചെയ്തത്. അവിവാഹിതനായ അസീബ് കല്ലുമ്മക്കായ പറിച്ചുവിറ്റാണ് ജീവിച്ചിരുന്നത്. ഇയാൾ ഒൻപതാം ക്ളാസ് വരെയെ പഠിച്ചിട്ടുള്ളൂ. ദൃക്സാക്ഷികളാരുമില്ലാത്ത കേസിൽ മണിക്കൂറുകൾക്കുള്ളിലാണ് എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിൽ തെളിവുകൾ കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പൊലിസ് നായയുടെ സഹായവും ഇതിനായി തേടിയിരുന്നു.മൃതദേഹത്തിന്റെ ഒരുകാലിൽ മാത്രമേ ചെരുപ്പുണ്ടായിരുന്നുള്ളൂ. രണ്ടാമത്തെചെരുപ്പ് താൻ വലിച്ചെറിഞ്ഞതായി അസീബ് തെളിവെടുപ്പിനിടെയിൽ സമ്മതിച്ചിട്ടുണ്ട്. തലശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു വ്യക്തമായ റിപ്പോർട്ട് കണ്ണൂർസിറ്റി പൊലിസ് കമ്മിഷണർക്കും എ.സി.പി ടി.കെ രത്നകുമാറിനും സി. ഐ സുരേന്ദ്രൻ കല്യാടൻ നൽകിയിരുന്നു. സംഭവവുമായി പതിനെട്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ തെളിവുകളും അന്വേഷണത്തിന് സഹായകരമായി. എന്നാൽ തലയ്ക്കു ക്ഷതമേറ്റിട്ടാണ് സുമോദ് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലിസിന് ലഭിച്ചതുകൊലപാതകമാണെന്നു ഉറപ്പിക്കാൻ സഹായകരമായി. നടന്നത് ആസൂത്രിത കൊലയല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കാരണമായതെന്നുമാണ് പൊലീസിന്റെ പ്രഥമാന്വേഷണറിപ്പോർട്ടിൽ പറയുന്നത്.