- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ പൊളിച്ചപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല; ഉപദേവതാ നടകളിലെ വിഗ്രഹം തകർത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടും; പള്ളിയുടെ കാണിക്കവഞ്ചി തകർത്തു; അയൽവീട്ടിലെ കാർ കമ്പി കൊണ്ട് വരഞ്ഞു; സംഭവം പത്തനംതിട്ട ഇലന്തൂരിൽ
പത്തനംതിട്ട: കാണിക്ക വഞ്ചികൾ കൊള്ളയടിച്ചിട്ടും കാര്യമായി ഒന്നും കിട്ടാതെ വന്നപ്പോൾ ക്ഷേത്രത്തിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഉപദേവതാ നടകളിലെ വിഗ്രഹങ്ങൾ തകർത്തു. അടുത്തുള്ള പള്ളിയുടെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ചു. അയൽവീട്ടിലെ പോർച്ചിൽ കിടന്ന കാർ കമ്പി കൊണ്ട് വരഞ്ഞ് വികൃതമാക്കി. ഇലന്തൂർ ഭഗവതിക്കുന്ന ദേവീക്ഷേത്രത്തിലും സമീപത്തുമാണ് മോഷ്ടാക്കളുടെ വിളയാട്ടം ഉണ്ടായത്. രാവിലെ നട തുറക്കാനെത്തിയ മേൽശാന്തിയാണ് അക്രമം ആദ്യം കണ്ടത്.
ഭഗവതിക്കുന്ന് ക്ഷേത്രത്തിന്റെ ടി.കെ റോഡ് അരികിലെ കാണിക്കവഞ്ചിയാണ് ആദ്യം കുത്തിത്തുറന്നത്. പാലച്ചുവട്ടിലെ കാണിക്ക വഞ്ചി, ഉപദേവത നടകളിലെ കാണിക്കവഞ്ചികൾ എന്നിവ തകർത്തു. ഒരാഴ്ച മുൻപ് വഞ്ചി തുറന്ന് ക്ഷേത്രം ഭാരവാഹികൾ പണം എടുത്തിരുന്നതിനാൽ മോഷ്ടാക്കൾക്ക് കാര്യമായി ഒന്നും ലഭിച്ചില്ല. ഇതിൽ പ്രകോപിതരായിട്ടാണ് വിഗ്രഹത്തിൽ അതിക്രമം നടത്തിയത് എന്നു കരുതുന്നു.
യക്ഷിയമ്മയുടെ നടയിലെയും ഗണപതിയുടെ നടയിലെയും വിഗ്രഹങ്ങളുടെ പ്രഭ മോഷ്ടാക്കൾ കൊണ്ടുപോയി. അഞ്ചോളം ഓട്ടുവിളക്കുകളും എടുത്തിട്ടുണ്ട്. നാഗരാജത്തറയിലെ നാഗയക്ഷിയമ്മുടെയും യോഗീശ്വര ക്ഷേത്രത്തിലെയും വിഗ്രഹങ്ങളാണ് ഇളക്കി കളഞ്ഞത്. തിടപ്പള്ളിയിലും ചുറ്റമ്പലത്തിലും സ്ട്രോങ് റൂമിന് സമീപവും സിസിടിവി ഉള്ളതിനാൽ ഇവിടേക്ക് കടന്നിട്ടില്ല.
റോഡരികിലെ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ കുരിശടിയിലെ കാണിക്ക വഞ്ചി തകർക്കാനും ശ്രമം നടന്നു. തൊട്ടടുത്ത ഒരു വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി വരച്ചിട്ടുമുണ്ട്.
മോഷണമുതൽ കാര്യമായി ലഭിച്ചില്ലെങ്കിൽ ഇത്തരം അതിക്രമങ്ങൾ മോഷ്ടാക്കളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ക്ഷേത്രം സന്ദർശിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്