- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളം അടക്കം 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ബെംഗളൂരു: തീവ്രവാദ പരിശീലനത്തിനും ഫണ്ടിങ്ങിലും ഉൾപ്പെട്ട ശൃംഖലയുടെ വേരുകൾ തേടി ഏഴ് സംസ്ഥാനങ്ങളിൽ എൻഎഐ റെയ്ഡ്. തമിഴ്‌നാട്, കേരളം, കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലെ 17 ഇടത്താണ് പരിശോധന. ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.
തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചെന്നൈയിൽ നിന്ന് ഇന്ന് അറസ്റ്റ്
ചെയ്തു. ബെംഗളുരുവിലെ ജയിലിൽ തടവുകാരെ ലഷ്‌കറി തോയിബ ഭീകരൻ തീവ്രവാദ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ടാണ് മുഖ്യ അന്വേഷണം. ഈ കേസിലെ പ്രതികൾക്ക് ബെംഗളൂരു കഫേ സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്ന് എൻഐഎ സംശയിക്കുന്നു.
ജയിലിൽ തടിയന്റവിട നസീറിന്റെ തീവ്രവാദ പരിശീലനം
വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീർ അടക്കം ഉൾപ്പെട്ട, ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടക്കുന്നത് എന്നാണ് സൂചന. 2022 സെപ്റ്റംബറിലാണ് കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണപരമ്പര നടത്താൻ ഗൂഢാലോചന നടത്തിയ ഐസിസ് മൊഡ്യൂളിലെ അംഗങ്ങൾ പിടിയിലാകുന്നത്. 2022 നവംബറിൽ മംഗളുരുവിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പ്രഷർ കുക്കർ ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷരീഖ് എന്ന യുവാവ് അറസ്റ്റിലായി. തടിയന്റവിട നസീറും ലഷ്‌കർ ഇ ത്വയ്യിബ ഭീകരൻ അഫ്‌സർ പാഷയും ചേർന്ന് ജയിലിൽ വച്ച് തീവ്രവാദ പരിശീലനം നൽകിയ 17 യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പെറ്റിക്കേസുകളിൽ അകത്തായ ഈ യുവാക്കളെ പരപ്പന അഗ്രഹാര ജയിലിൽ വച്ച് സ്വാധീനിച്ച്, വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ നിർദ്ദേശം നൽകിയെന്നതാണ് കേസ്. ഈ മൂന്ന് കേസുകൾക്കും ബെംഗളുരു രാമേശ്വരം കഫേയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് എൻഐഎ. മംഗളുരു കുക്കർ ബോംബ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബിനും രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ച ബോംബിനും സമാനതകളുണ്ട്.
ജയിലിൽ നിന്ന് തടിയന്റവിട നസീറും സംഘവും പരിശീലനം നൽകിയ കൂടുതൽ ആളുകൾ പുറത്തുണ്ട് എന്ന നിഗമനത്തിലാണ് എൻഐഎ രാജ്യവ്യാപക റെയ്ഡുകൾ നടത്തുന്നത്. തമിഴ്‌നാട്ടിലെ കടലൂരിലും കാസർകോട്ടെ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലുമാണ് റെയ്ഡ് തുടരുന്നത്. രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
നസീറിന്റെ അക്കൗണ്ടിലേക്ക് ദുബായിൽ നിന്ന് പണം
തടയിന്റവിട നസീറുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ ദുബായിൽ നിന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ റെയ്ഡുകളിലാണ് തമീം അശോക്, ഹസ്സൻ അലി എന്നിവരെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ടി നഗറിലെ ജൂവലറിയിൽ ജോലി ചെയ്യുന്നയാളാണ് തമീം അശോക്. രാമനാഥപുരത്ത് അശോകിന്റെ പിതാവിന്റെ വീട്ടിലും തിരച്ചിൽ പുരോഗമിക്കുന്നു. ഈ തീവ്രവാദ മൊഡ്യൂളിന് രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് സംശയം.
ബെംഗളൂരു സിറ്റി പൊലീസ് കഴിഞ്ഞ ജൂലൈയിൽ നടത്തിയ റെയ്ഡിൽ നാല് പിസ്റ്റളുകൾ അടക്കം തോക്കുകളും, വെടിയുണ്ടകളും, നാല് ഹാൻഡ് ഗ്രനേഡുകളും. നാല് വാക്കി ടോക്കിയും പിടിച്ചെടുത്തിരുന്നു. ആദ്യം അഞ്ചുപേരെയും പിന്നീട് ഒരാളെയും അറസ്റ്റ് ചെയ്തു. ഈ അഞ്ചുപേരെയു ബെംഗളുരു പരപ്പന അഗ്രഹാര ജയിൽ വച്ച് തടിയന്റവിടെ നസീറാണ് തീവ്രവാദപ്രവർത്തനങ്ങളിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ഒക്ടാബറിലാണ് എൻഐഎ കേസെടുത്തത്. അതിന് ശേഷം നിരവധി റെയ്ഡുകൾ നടത്തി.
കണ്ണൂരുകാരനായ തടിയന്റവിട നസീർ 2013 മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ജയിലിൽ വച്ച് നസീറിന്റെ ശിക്ഷണത്തിൽ ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞ ജുനൈദ് ഖാൻ, സൽമാൻ ഖാൻ എന്നിവർ വിദേശത്തേക്ക് കടന്നെന്നാണ് സംശയം.
തീവ്രവാദത്തിലേക്ക് നയിക്കാൻ കഴിയുമെന്ന തോന്നിയവരെ ജയിലിൽ തന്റെ ബാരക്കിലേക്ക് മാറ്റിയാണ് നസീർ തന്റെ പദ്ധതി നടപ്പാക്കിയത്. ആദ്യം ജുനൈദിനെയും, സൽമാനെയും വലയിലാക്കി. പിന്നീട് മറ്റുള്ളവരെയും. പുറത്തിറങ്ങിയ ശേഷം വിദേശത്തേക്ക് മുങ്ങിയ ജുനൈദ് അവിടിരുന്ന് കൊണ്ട് തന്റെ സഹപ്രതികൾക്ക് ലഷ്‌കർ പ്രവർത്തനത്തിനായി ഫണ്ട് അയയ്ക്കാൻ തുടങ്ങി. സൽമാനുമായി ചേർന്ന് ആയുധങ്ങളും ഇന്ത്യയിൽ എത്തിച്ചു. കോടതിയിലേക്ക് നസീറിനെ കൊണ്ടുപോകുമ്പോൾ ഫിദായീൻ ആക്രമണം നടത്തി രക്ഷിക്കുകയായിരുന്നു ഗൂഢപദ്ധതി. സർക്കാർ ബസുകളിൽ അക്രമം കാട്ടി പരിശീലനം നടത്താൻ പൊലീസ് തൊപ്പികൾ മോഷ്ടിക്കാനും ജുനൈദ് നിർദ്ദേശിച്ചിരുന്നു. ജൂലൈയിൽ ആയുധങ്ങൾ പിടിച്ചെടുത്തതോടെ പദ്ധതി പൊളിഞ്ഞു.