ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ജവാന് പരിക്കേറ്റു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. കൗത്ത് മേഖലയില്‍ ഭീകരര്‍ ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

സംഘത്തിനൊപ്പമുണ്ടായ നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ കുപ്വാരയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രദേശം പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

'കുപ്വാരയിലെ കോവട്ട് പൊതുമേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലൈ 23 വരെ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചു. ജൂലൈ 24 ന്, സംശയാസ്പദമായ ചലനം നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തു. തുടര്‍ന്നുള്ള വെടിവയ്പ്പില്‍ സൈന്യം,ഒരു ഭീകരനെ വധിച്ചു. ഒരു എന്‍സിഒ ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്, "ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് പറഞ്ഞു.