ബെംഗളൂരു: കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയതില്‍ മുന്‍നിരയിലുള്ള ഭീകരവാദിയാണ് തടിയന്റവിട നസീര്‍. തീവ്രവാദക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ പുറംലോകം കണ്ടിട്ട് കാലം കുറച്ചായി. നീണ്ട കാലങ്ങളായി ജയിലില്‍ കഴിയുന്ന നസീറിന് ജയിലിലും പരമസുഖമാണ് കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ജയിലില്‍ ഉപയോഗിക്കാന്‍ നസീറിന് സാധിച്ചു. ഇതിന് ഒത്താശ ചെയ്തവരില്‍ മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു.

തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്ന തിരിച്ചറിവിലാണ് ബംഗളുരു ജയിലിലെ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റു ചെയ്തത്. കര്‍ണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മതതീവ്രവാദം വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ ഒളിവില്‍ പോയ ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, രേഖകള്‍ എന്നിവ പിടിച്ചെടുത്തു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള ജയില്‍തടവുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി നാഗരാജ്, മൊബൈല്‍ ഫോണുകള്‍ ഒളിച്ചുകടത്തിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്. നസീറിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള നിരവധി പേര്‍ പറത്തുണ്ട്. ഇവരില്‍ നിന്നും ചാന്ദ് പാഷ പണം കൈപ്പറ്റിയിരിക്കാമെന്നാണ് കണക്കൂകുട്ടല്‍. സിറ്റി ആംഡ് റിസര്‍വിലെ എഎസ്ഐയാണ് ചാന്ദ് പാഷ. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും ജയിലില്‍ പണം എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനീസ് ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

2023ല്‍ പരപ്പന സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ 8 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ബെംഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിരവധി തീവ്രവാദ കേസുകളിലെ പ്രതിയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിട നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008ലെ ബെംഗളുരു സ്‌ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാളെന്നും പറയപ്പെടുന്നു. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

നസീര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അബ്ദുള്‍ നാസര്‍ മദനി 1989ല്‍ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (കടട) ആണ്. ഐഎസ്എസ് നിരോധിക്കപ്പെട്ടതോടെ പിഡിപിയുടെ പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് മദനി അറസ്റ്റിലായതോടെ നസീര്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടര്‍ന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ 2002 ജൂണ്‍ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ നസീര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബര്‍ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയില്‍ വെച്ച് തീവെച്ച് നശിപ്പിച്ച കേസില്‍ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്. 2006 മാര്‍ച്ച് 3ന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലുമായി നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെ വിട്ടു.