- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയ്ക്ക് ശേഷം തലശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ നിന്ന് പാറായി ബാബു രക്ഷപ്പെട്ടത് ഉടുതുണിയില്ലാതെ; ഓട്ടോയിൽ പരിക്കേറ്റ ഭാര്യാസഹോദരനെയും കൂട്ടി പോകുമ്പോൾ നാണം മറച്ചത് സീറ്റ് കവർ ഉപയോഗിച്ച്; സിപിഎം പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ ആയുധങ്ങൾ കണ്ടെത്തി
തലശേരി: മയക്കുമരുന്ന് ലഹരിവിൽപന ചോദ്യം ചെയ്തതിന് രണ്ടുസി.പി. എം പ്രവർത്തകരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബുവെന്ന സുരേഷ്ബാബു(41) സംഭവസമയം കൃത്യം നടന്ന സ്ഥലത്തു നിന്നും രക്ഷപ്പെട്ടത് ഉടുതുണിയില്ലാതെ. ഖാലിദിനെയും ഷമീറിനെയും കുത്തിവീഴ്‌ത്തുന്നതിനിടെ അവിടെയുണ്ടായ പിടിവലിക്കിടെ ഇയാളുടെ മുണ്ടൂരി പോവുകയായിരുന്നു. ഇതോടെ അടിവസ്ത്രം ധരിച്ചാണ് ഇയാൾ വീനസ് ജങ്ഷനിൽ നിർത്തിയിട്ട തന്റെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടത്.
ഓട്ടോറിക്ഷയുടെ സീറ്റുകവർ ഉപയോഗിച്ചു നാണം മറച്ച ബാബു അക്രമത്തിനിടെയിൽ കല്ലുകൊണ്ടു അടിയേറ്റുവീണ ഭാര്യാസഹോദരൻ ജാക്സനെയും താങ്ങിയെടുത്ത് സ്വകാര്യആശുപത്രിയിലെത്തി. കൂടെയുണ്ടായിരുന്നവരെ കൊണ്ടു ലുങ്കി വാങ്ങിപ്പിക്കുകയും അവിടെ നിന്നും ലുങ്കി ധരിച്ചതിനു ശേഷം രക്ഷപ്പെടുകയുമായിരുന്നു.
പ്രതികൾ നടത്തിവന്ന മയക്കുമരുന്ന് വിൽപനയെ ചോദ്യം ചെയ്തതും ജാക്സന്റെ സഹോദരൻ ജോൺസന്റെ ഓട്ടോറിക്ഷ വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്തുള്ള ജോൺസൺ തന്റെ ഓട്ടോറിക്ഷ 3,75,000 രൂപയ്ക്ക് ശ്രീരാഗെന്നയാൾക്ക് വിൽക്കുകയും ഒരുലക്ഷം കൈപ്പറ്റുകയും ചെയ്തിരുന്നു. ബാക്കി തുക വായ്പയെടുത്ത സസ്ഥാപനത്തിൽ ഗഡുക്കളായി അയക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വായ്പ അടവ് മുടങ്ങിയതിനെതുടർന്ന് ജോൺസന്റെ നിർദ്ദേശപ്രകാരം ജാക്സൺ ഓട്ടോറിക്ഷ തിരിച്ചെടുത്തു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയും കൊലപാതകത്തിലെത്തുകയുമായിരുന്നു.
ഇതിനിടെ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. പിണറായി കമ്പൗണ്ടർ ഷോപ്പ്, ഇല്ലിക്കുന്ന് എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. പിണറായി കമ്പൗണ്ടർ ഷാപ്പിനടുത്തു നിന്ന് മുഖ്യപ്രതി പാറായി ബാബുവാണ് ഒളിപ്പിച്ചുവെച്ച കത്തി പൊലിസിനെടുത്തു നൽകിയത്. മറ്റൊരു പ്രതി സന്ദീപിന്റെ വീടിനടുത്തു നിന്നാണ് രക്തക്കറയുള്ള ആയുധം കണ്ടെത്തിയത്. തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
അറസ്റ്റിലായ ഏഴുപ്രതികളെയും തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലശേരി എ.സി.പി നിഥിൻരാജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നുവരുന്നത്. കേസിലെ മുഖ്യപ്രതി പാറായി ബാബു, ഭാര്യാസഹോദരൻ ജാക്സൺ വിൻസെന്റ്, കെ.നവീൻ, മുഹമ്മദ് ഫർഹാൻ, ഇ.കെ സന്ദീപ്, എ. സുജിത്ത്കുമാർ, അരുൺ കുമാർ എന്നിവരാണ് റിമാൻഡിലായത്. ഇതിൽ ആദ്യത്തെ അഞ്ചുപേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു.
ഇല്ലിക്കുന്നിലെ കെ. ഖാലിദ്, സഹോദരി ഭർത്താവ് ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ നെട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ വീട്ടിൽ ജാക്സൺ, വടക്കുമ്പാട് നമ്പ്യാർപീടിക വണ്ണാത്തിന്റെവിട നവീൻ, വടക്കുമ്പാട് പാറക്കെട്ട് സുഹാസിൽ ഫർഹാൻ, നിട്ടൂർ വെള്ളാടത്തിൽ പാറായിബാബു എന്ന സുരേഷ്ബാബു, വടക്കുമ്പാട് തേരേക്കാട്ടിൽ അരുൺകുമാർ, പിണറായി പുതുക്കുടിവീട്ടിൽ സന്ദീപ്, പിണറായി പടന്നക്കര വീട്ടിൽ സുജിത്ത് കുമാർ എന്നിവരെ വെള്ളിയാഴ്‌ച്ച രാവിലെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതിനുശേഷമാണ് പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്